റാഫിക്ക് പിന്നാലെ അരുണ്‍ ഗോപി, വരുത്തിയത് ശബ്ദസാമ്പിളുകള്‍ തിരിച്ചറിയാന്‍

By Avani Chandra.24 01 2022

imran-azhar

 

നടി ആക്രമിക്കണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ചോദ്യം ചെയ്യല്‍ തുടരവേ സംവിധായകന്‍ അരുണ്‍ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് അരുണ്‍ ഗോപിയെ വിളിപ്പിച്ചത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് അരുണ്‍ ഗോപിയെ വരുത്തിയിരിക്കുന്നത്.

 

നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെയും ദിലീപിന്റെ ഉടമസ്ഥയിലുള്ള നിര്‍മ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്ന ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച്ചയാവും അവസാനിക്കുക.

 

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ പറഞ്ഞു. വധ ഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിനിടെ നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തി. നേരത്തെ സുനിയെ ജയിലിലെത്തി അമ്മ സന്ദര്‍ശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.

 

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നല്‍കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

OTHER SECTIONS