അങ്ങനെ ഒരു സ്ഥാനം ഒരു സംഗീത സംവിധായകന് ഇന്ത്യന്‍ സിനിമയില്‍ അതിന് മുമ്പോ ശേഷമോ കിട്ടിയിട്ടില്ല; ഇളയരാജയെപ്പറ്റി ഡെന്നീസ് ജോസഫ്

By mathew.15 08 2019

imran-azhar

 

സംഗീത സംവിധായകന്‍ ഇളയരാജയുമായുള്ള തന്റെ അനുഭവം പങ്കുവെച്ച് തിരക്കഥാക്കൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്. ഇളയരാജയുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്ന കാലത്ത് തന്റെ ചിത്രമായ അഥര്‍വത്തിന്റെ സംഗീത സംവിധായകനായി എത്തിയ ഇളയരാജയുമായുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

സാധാരണ ഞങ്ങളുടെ സിനിമയില്‍ ശ്യാം, വെങ്കിടേഷ്, ഔസേപ്പച്ചന്‍ എന്നിവരൊക്കെയാണ് സംഗീതം ചെയ്യുന്നതെങ്കിലും എനിക്ക് ഇളയരാജയിലേക്ക് ഒരു ഭ്രമം വന്നു. അതിന് മുമ്പ് അദ്ദേഹം മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ അഥര്‍വം എടുക്കുന്ന സമയത്ത് ഒരു ഇന്‍ഡസ്ട്രിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ആളായി അദ്ദേഹം മാറിയിരുന്നു. 1988-ല്‍ അഥര്‍വത്തിന്റെ ബജറ്റ് 22 ലക്ഷമായിരുന്നു. ഇളയരാജ അന്ന് തമിഴില്‍ വാങ്ങിയിരുന്ന പ്രതിഫലം 10 ലക്ഷവും. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍ മ്യൂസിക് ഡയറക്ടറായ ഇളയരാജയുടെ ഫോട്ടോ അക്കാലത്തെ രജനികാന്തിന്റെയോ കമലഹാസന്റെ ചിത്രങ്ങളുടെ പോസ്റ്ററില്‍ അവരുടെ പടത്തിന്റെ അത്ര വലിപ്പത്തില്‍ അടിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു സ്ഥാനം ഒരു സംഗീത സംവിധായകന് ഇന്ത്യന്‍ സിനിമയില്‍ അതിന് മുമ്പോ ശേഷമോ കിട്ടിയിട്ടില്ല. എ.ആര്‍ റഹമാന് പോലും അത്തരമൊരു വ്യാപാര മൂല്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഡെന്നിസ് ജോസഫ് പറയുന്നു.

ഒടുവില്‍ വളരെ കഷ്ടപ്പെട്ട് ഇളയരാജയുടെ ഫോണ്‍ നമ്പര്‍ തേടി പിടിച്ചു. താന്‍ വാങ്ങുന്ന ശമ്പളം എത്രയാണെന്ന് അറിയുമോ എന്നാണ് എല്ലാം കേട്ട ശേഷം എന്നോടും നിര്‍മ്മാതാവിനോടും രാജാ സാര്‍ ചോദിച്ചത്. ഞാന്‍ പെട്ടെന്ന് പറഞ്ഞു, സാറിന്റെ ശമ്പളം ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല. സാര്‍ ഇപ്പോള്‍ വാങ്ങിക്കുന്നതിന്റെ പത്തിലൊന്നും തരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷേ ഞങ്ങളുടെ സിനിമയ്ക്ക് സാറിന്റെ സംഗീതം ആവശ്യമാണ്. ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് മലയാളത്തിലെ അപ്പോഴത്തെ ടോപ് മ്യൂസിക് ഡയറക്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം നല്‍കിയാല്‍ മതിയെന്നായിരുന്നു. അന്ന് മലയാളത്തിലെ ടോപ് മ്യൂസിക് ഡയറക്ടര്‍ ആയിരുന്ന ശ്യാം സാറിന്റെ ശമ്പളം 50,000 രൂപയായിരുന്നു. ഒടുവില്‍ കമ്പോസിംഗ് ദിവസം അരമണിക്കൂര്‍ കൊണ്ട് ചിത്രത്തിലെ നാല് പാട്ടുകള്‍ ഇളയരാജ ചിട്ടപ്പെടുത്തിയത് അത്ഭുതത്തോടെയാണ് തങ്ങള്‍ കണ്ടതെന്നും ഡെന്നിസ് ജോസഫ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

 

OTHER SECTIONS