നമ്മുക്ക് പ്രാർത്ഥിക്കാം എത്രയും വേഗം മലയാള സിനിമയുടെ ഈ സർവ നാശത്തിനു വേണ്ടി; സംവിധായകന്റെ കുറിപ്പ് വൈറൽ

By Akhila Vipin .11 03 2020

imran-azhar

 


നിലവിലെ സാഹചര്യത്തിലൂടെയുള്ള മലയാള സിനിമയുടെ യാത്ര സര്‍വ്വ നാശത്തിലേക്കാണെന്ന് മുന്തിരി മൊഞ്ചൻ എന്ന സിനിമയുടെ സംവിധായകന്‍ വിജിത് നമ്പ്യാര്‍. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് സംവിധായകൻ പ്രതികരണവുമായെത്തിയത്. ഒരു കാലത്തു കേരളത്തിൽ നാലോ അഞ്ചോ സിനിമകൾ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതൽ പതിനഞ്ചോളം സിനിമകൾ. അതിൽ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് പിന്നെ ഇതിൻടെയൊക്കെ റീമേക്കും ഉണ്ടാകുo. ഇത് കാരണം വലിയ താരങ്ങൾ ഒഴിച്ചുള്ള മലയാള സിനിമകൾക്ക് തീയേറ്ററും കുറഞ്ഞുവെന്നും ഒരു തീയേറ്ററിയിൽ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോൾ നാല് വെവ്വേറെ സിനിമയായി മാറിയെന്നും വിജിത് നമ്പ്യാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

 

ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,

 

ഇങ്ങനെ പോയാൽ മലയാള സിനിമയുടെ സർവ്വനാശം ഉടനെ പ്രതീഷിക്കാം..

ഒരു കാലത്തു കേരളത്തിൽ നാലോ അഞ്ചോ സിനിമകൾ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. അന്ന് നമ്മുക്കത് ഒരു ആഘോഷമായിരുന്നു. ഇതിൽ എല്ലാ സിനിമയും മിക്കവാറും കാണുകയും ചെയ്യും. ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതൽ പതിനഞ്ചോളം സിനിമകൾ. അതിൽ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് പിന്നെ ഇതിൻടെയൊക്കെ റീമേക്കും ഉണ്ടാകും. ഇത് കാരണം വലിയ താരങ്ങൾ ഒഴിച്ചുള്ള മലയാള സിനിമകൾക്ക് തീയേറ്ററും കുറഞ്ഞു. ഒരു തീയേറ്ററിയിൽ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോൾ നാല് വെവ്വേറെ സിനിമയായി മാറി. ഇതിൽ ജനങ്ങൾ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയും ഫാൻസ്‌കാരും. ഇതും കേട്ട് തീയേറ്ററിൽ പോയാലോ മിക്ക സിനിമയും ഒരു വൻ ദുരന്തമായിരിക്കും. എന്നാൽ തരക്കേടില്ലാത്ത കൊച്ചു സിനിമകൾക്കു തീയേറ്റർ സപ്പോർട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാൻ വരുന്ന ആളുകളെ തീയേറ്ററുകാർ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോൾ പ്രളയവും മാരകരോഗങ്ങളും...

ഇത് കേരത്തിന്റെ കാര്യം. എത്ര മലയാള സിനിമകൾക്ക് കേരളത്തിന് പുറത്തും ഗൾഫ് നാടുകളികും റിലീസ് ചെയ്യാൻ പറ്റുന്നു? വളരെ ചുരുക്കം...എല്ലായിടത്തും തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗ് സിനിമകൾ മാത്രം റിലീസ് ചെയ്താൽ മതി ...മലയാളം വേണ്ട...എന്തിനു പറയുന്നു, മലയാള സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതിലും തീയേറ്ററുകാരുടെ ഈ താല്പര്യമില്ലായ്മ കാണാം പറ്റും. ഈ അന്യ ഭാഷ സിനിമകൾക്കും, അവിടുത്തെ താരങ്ങൾക്കും ഇവിടെ കേരളത്തിൽ കിട്ടുന്ന അംഗീകാരം പോലെ നമ്മുടെ കൊച്ചു മലയാള സിനിമയ്ക്കു കൂടി അവരുടെ നാട്ടിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.

ഫാമിലികൾക്ക് ഇപ്പോഴും പ്രിയം ടീവിയിൽ വരുന്ന സീരിയലുകളും, കോമഡി പ്രോഗ്രാമും, റിയാലിറ്റി ഷോകളും, കുക്കറി ഷോകളും, വളച്ചൊടിച്ച വാർത്തകളും തന്നെ. അതു കഴിഞ്ഞേ സിനിമയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഡിജിറ്റൽ പ്ലാറ്റഫോം ആണ് താല്പര്യം. മുപ്പതു ദിവസം വെയിറ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളു. ഈ ഒടുക്കത്തെ കാശും മുടക്കി തീയേറ്ററിയിൽ പോകേണ്ട വല്ല ആവശ്യമുണ്ടോ?

നമ്മുക്ക് പ്രാർത്ഥിക്കാം എത്രയും വേഗം മലയാള സിനിമയുടെ ഈ സർവ നാശത്തിനു വേണ്ടി...തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് അരങ്ങു വാഴട്ടെ... കഴിഞ്ഞ ഒരു വർഷത്തിൽ റീലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാൻ പറ്റാതെ പെട്ടിയിൽ കിടക്കുന്ന മലയാള ചിത്രങ്ങളെ പറ്റി ഒന്ന് ആലോചിച്ചാൽ തന്നെ ഈ നാശത്തിലോട്ടു പോകുന്ന ആഴം മനസ്സിലാകും.

 

OTHER SECTIONS