ദൃശ്യം 2 അത്യാവശ്യം ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയ ചിത്രമാണ്; ഒരു സിനിമയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇങ്ങനെ എഴുതുന്നതില്‍ ക്ഷമിക്കണം

By Web Desk.22 02 2021

imran-azhar

 


ഡോ. ജിനേഷ് പി. എസ്.

 

ഒരു കാലത്ത് മലയാള സിനിമയില്‍ കഥാപാത്രങ്ങള്‍ മരിച്ചാല്‍ വായിലും മൂക്കിലും ചോര വരണമെന്ന് നിര്‍ബന്ധമായിരുന്നു. മെഡിക്കല്‍ വിഷയങ്ങളില്‍ യാതൊരു ലോജിക്കും ഇല്ലാതെ അസംബന്ധങ്ങള്‍ കുത്തിനിറച്ച ധാരാളം മലയാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം സിനിമകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉണ്ടാവുന്നുണ്ട്.



ഈ അടുത്ത കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട അഞ്ചാം പാതിരയില്‍ പോലും ചില കല്ലുകടികള്‍ ഉണ്ടായിരുന്നു. പൊതുവേ നല്ല ബില്‍ഡപ്പ് ഒക്കെ ആയി വന്ന കഥാതന്തുവില്‍ മെഡിക്കല്‍ വിഷയം വന്നപ്പോള്‍ ഫ്‌ലോപ്പ് ആയി. സോള്‍പിഡം എങ്ങനെ ശരീരത്തിലെത്തുന്നു എന്നതും, വഴിത്തിരിവായ കേസില്‍ പ്രഷറിനുള്ള മരുന്ന് കഴിക്കുന്ന വ്യക്തിയില്‍ സോള്‍പിഡം പ്രവര്‍ത്തിക്കുന്നില്ല എന്നതുമൊക്കെ ലോജിക്കില്ലാത്ത വിഷയങ്ങളാണ്.



അത്തരത്തിലുള്ള സിനിമകളുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രമല്ല ദൃശ്യം 2. ഒരുവിധം നന്നായി തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഒരു ചിത്രം ആണ് ഇതെന്നാണ് അഭിപ്രായം. അത്യാവശ്യം ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന ചിത്രം. മെഡിക്കല്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിന്റെ പ്രയോജനം എപ്പോഴും ഉണ്ടാവും. ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് അത് പറയുകയും ചെയ്തു. അതിനെയും ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ മറുപടി പറയാന്‍ കാണിക്കുന്ന സന്നദ്ധതയേയും അഭിനന്ദിക്കുന്നു.



മാറ്റിവയ്ക്കാന്‍ വേണ്ടി അസ്ഥി ശേഖരിച്ച വിഷയത്തില്‍ പൊരുത്തമില്ലായ്മയുണ്ട്.

 

കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ സെക്യൂരിറ്റി ഇല്ല എന്ന് അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത് ഉണ്ട് എന്നും അവിടുത്തെ സാഹചര്യം സിനിമയ്ക്ക് വേണ്ടി ഇങ്ങോട്ട് മാറ്റിയതാണ് എന്നും.

 

സിനിമയ്ക്ക് വേണ്ടി ഇങ്ങനെ ഒരു മാറ്റം എന്ന വാദം അംഗീകരിക്കേണ്ടതാണ്.
അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്ന റൂമില്‍ (ഓട്ടോപ്‌സി റൂം) മാത്രമാണ് സിസിടിവി ക്യാമറ ഉള്ളത് എന്നാണ്.

 

അത് ഒരു തെറ്റായ വിവരമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുന്ന റൂമിലും സിസിടിവി ക്യാമറ ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുന്ന സ്ഥലത്തോ, ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇരിക്കുന്ന സ്ഥലത്തോ സിസിടിവി ക്യാമറ ഇല്ല.



സത്യത്തില്‍ അവിടെ സിസിടിവി ക്യാമറ വേണ്ടതാണ്. പലവിധ വിവാദങ്ങളും ഒഴിവാക്കാന്‍ അത് വളരെയധികം സഹായിക്കും. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുന്ന റൂമില്‍ അടക്കം സിസിടിവി ക്യാമറ വേണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാന്‍. മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിവാദമായ പോസ്റ്റ്‌മോര്‍ട്ടം പരിശോധന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന സമയത്തും മറ്റും ഇത് എഴുതിയിട്ടുമുണ്ട്. അങ്ങനെയൊരു സിസിടിവി ക്യാമറ ഉണ്ടായിരുന്നെങ്കില്‍ ഉന്മേഷ് എ കെ എന്ന ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ നീണ്ട വര്‍ഷങ്ങള്‍ നഷ്ടപ്പെടില്ലായിരുന്നു.

 

വിവാദം ആയാല്‍ ഭരിക്കുന്ന സര്‍ക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന വിഷയങ്ങളിലൊന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന സംബന്ധിച്ച വിവാദങ്ങള്‍. ചില വിവാദങ്ങള്‍ എങ്കിലും ഒരു സിസിടിവി ക്യാമറ ഉണ്ടെങ്കില്‍ നിലനില്‍ക്കില്ല.

 

ഒരു സിനിമയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇങ്ങനെ എഴുതുന്നതില്‍ ക്ഷമിക്കണം. സിനിമയല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. പക്ഷേ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇതൊരു മാധ്യമമാണ്. അത് ഉപയോഗിക്കുന്നു എന്ന് മാത്രം.

 

 

 

 

OTHER SECTIONS