By santhisenanhs.22 05 2022
നടിയെ ആക്രമിച്ച കേസിൽ നിലപാട് വ്യക്തമാക്കി നടി ദുർഗാ കൃഷ്ണ. അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്ന് ദുർഗാകൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ പത്രസമ്മേളനത്തിലായിരുന്നു ദുർഗ കൃഷ്ണയുടെ പ്രതികരണം.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു എന്നാണ് പുതിയ വിവരം . കേസിലെ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും.
ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് അപൂർണമായിരുന്നു. പല ചോദ്യങ്ങൾക്കും കാവ്യ കൃത്യമായ മറുപടി നൽകിയിരുന്നില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.