പ്രണയം നിരസിച്ചാൽ പെട്രോൾ ഒഴിക്കുന്ന , റേപ്പ് ചെയ്യുന്ന ഈ കാലത്തിന്റെ ആവശ്യകതയാണ് സ്റ്റാന്‍ഡ് അപ്പ്...റിവ്യൂ വായിക്കാം

By BINDU PP.15 12 2019

imran-azhar

 

"ഒരാൾക്ക് മാത്രമായി മറ്റൊരാൾ മരിച്ചു പോകുമ്പോൾ, ആർക്കും എത്തില്ല ചാവേറി...ചിലപ്പോൾ വെയിൽ കത്തി നിൽക്കെ ഒരു മഴ ചാറിയെന്നും വരും ...മര കൊമ്പിൽ ഇരിക്കുന്ന കിളി തന്റെ ഇണയെ കരഞ്ഞു കൊണ്ട് ചുംബിച്ചെന്നും വരും ...മുറിവുകൾ കൂട്ടി തുന്നാൻ പഠിപ്പിച്ചു തരുന്ന പക്ഷി ഏതാണ് ?"

 

വിധു വിൻസെന്റ് മാൻഹോളിന് ശേഷം സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. ഇത് ഒരു ദിയടെ മാത്രം കഥയല്ല നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ കഥയാണ്. ഒരു റേപ്പ് നടന്നാൽ അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് മീതെ എന്തെങ്കിലും ആക്രമണം നടന്നാൽ അതിന് രണ്ടു പക്ഷം പറയാൻ ഒരുപാട് പേരുണ്ടാകും. ഒരു റേപ്പ് സർവൈവർ ഏറ്റവും കൂടുതൽ കേട്ട വാക്കുകളാവാം "പോട്ടെ ...സാരല്യ ...അറിയാതെ പറ്റിയതല്ലെ , ഇത്തവണത്തേക്ക് ക്ഷമിക്ക് ഒരു കൈയബദ്ധം ...." അങ്ങനെ തുടങ്ങി നമുക്ക് ചുറ്റുമുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കും. എങ്ങനെയാണ് മറ്റൊരാളെ ഉപദ്രവിക്കുന്നത് കൈയബദ്ധമാവുക ? ലൈഫിൽ അങ്ങനെ ഒരു ട്രോമാ അനുഭവിച്ച പെൺകുട്ടി എങ്ങനെ അയാളോട് ക്ഷമിക്കാൻ പറ്റുക ? മലയാള സിനിമയിൽ കൃത്യമായി എഴുതിവെക്കുന്ന റേപ്പ് സർവൈവർ ത്രില്ലറാണ് സ്റ്റാൻഡ് അപ്പ്. ഇതിൽ മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ് രജിഷ വിജയനും , നിമിഷ സജയനും. പ്രണയം നിരസിച്ചാൽ പെട്രോൾ ഒഴിക്കുന്ന , റേപ്പ് ചെയ്യുന്ന ഈ കാലത്തിന്റെ ആവശ്യകത യാണ് സ്റ്റാന്‍ഡ് അപ്പ്.

 

 

ദിയ,കീർത്തി,ആദിത്,ജീവൻ,അമൽ,തസ്നി ഇവർ നഗരത്തിൽ അവരുടെതായ കർമ്മങ്ങളിലേർപ്പെടുന്ന വേളയിൽ തന്നെ ഇവരിൽ രണ്ടു പേർ പ്രണയത്തിലാവുകയും അത് മൊത്തം സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നവെന്ന് ഹൃദയസ്പർശിയായി ചിത്രീകരിച്ച ചിത്രം പലർക്കുള്ള മറുപടിയാണ് . സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കീർത്തി(നിമിഷ സജയൻ )യിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് . കോട്ടയം കാര്യമായ കീർത്തിയുടെ സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ കഥ മുന്നോട്ട് പോയി വളരെ ഗൗരവകരമായ പല വിഷയങ്ങളിലേക്കുമാണ് ചിത്രം വന്നെത്തുന്നത്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് സ്റ്റാൻഡ് അപ്പ് കഥ പറയുന്നത്. കീർത്തിയുടെ ജോക്കുകൾ ഒരു സ്ഥലത്ത് നടക്കുമ്പോൾ അതിന് പാരലൽ ആയി സംശയിക്കുന്ന രീതിയിൽ ചോരയിൽ മുങ്ങിയ ദിയയെ ( രജിഷ വിജയൻ ) ആശുപത്രിയിലേക്ക് എത്തിക്കുന്ന രണ്ടു സുഹൃത്തുക്കൾ. ഒന്ന് സുജിത്ത്(അർജുൻ അശോക് ) മറ്റൊന്ന് ജീവൻ (ജുനൈസ് ). ദിയക്കുള്ള പ്രാഥമിക ചികിത്സ കൊടുത്തതിന് ശേഷം കൂടുതൽ പരിശോധനയിൽ ദിയ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർസിനും ആശുപത്രി അധികൃതകർക്കും മനസിലായതിന് ശേഷം കേസ് പൊലീസിലേക്ക് എത്തുന്നതും. പിന്നീടങ്ങോട്ട് ദിയക്ക് എന്താണ് സംഭവിച്ചതെന്ന് പോലീസിന്റെയും സുഹൃത്തുക്കളുടെയും യാത്രയാണ് ചിത്രം പറയുന്നത്.

 

 

കീർത്തി കോട്ടയത്ത് അത്യവശ്യം സാമ്പത്തികമുള്ള മാതാപിതാക്കളുടെ മകൾ. കീർത്തിക്ക് ഒരു ചേട്ടനുണ്ട് അമൽ (വെങ്കിടേഷ് ) . ദിയയാണെങ്കിൽ ആവറേജ് ഫാമിലിയിലെ ഒരുപാട് സ്വപ്ങ്ങളുള്ള കുട്ടി. അസിന്റെ നിർബന്ധപ്രകാരം സയൻസ് പഠിക്കുന്നു. എഴുത്തും യാത്രകളും ഇഷ്ടപ്പെടുന്ന ഒരു സാധാരണ പെൺകുട്ടി. ദിയക്ക് മനോഹരമായി തോന്നിപ്പിക്കുന്ന പ്രണയവും ചിത്രത്തിലുണ്ട്. അതുമൂലം ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ ചിത്രത്തിൽ പറയുന്നുണ്ട്. " ദിയ പറയുന്നത് പോലെ പ്രണയത്തിന് കാരണമുണ്ടെകിൽ ബ്രേക്ക് അപ്പിനും കാരണമുണ്ട് ". അപ്രതീക്ഷിതമായി ഈ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ ഈ സംഭവം ഇവരെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുമെന്നാണ് ചിത്രത്തിൽ പറയുന്നത്. പോലീസിന്റെയും ആശുപത്രിയുടെയും ഭാഗത്ത് നിന്നുണ്ടാക്കുന്ന പല കാര്യങ്ങളും ചിത്രത്തിൽ കാണിക്കുന്നു. റേപ്പ് സർവൈവറായ ഒരു പെൺകുട്ടിക്ക് തന്റെവീട്ടിലും ചുറ്റുപാടും അനുഭവിക്കുന്ന കാര്യങ്ങൾ ചിത്രം പറയുന്നുണ്ട്. പോലീസിന്റെ മറ്റൊരു മുഖത്തെയാണ് ചിത്രം പറയുന്നത്.

 

റേപ്പ് സർവൈവറായ ആ പെൺകുട്ടിയുടെ എല്ലാ ഇമോഷന്സും ചിത്രത്തിൽ കൊണ്ടുവരാൻ വിധു വിന്സന്റിന് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു വിഷയം എടുത്ത് ചെയ്യാൻ കാണിച്ച ധൈര്യത്തിന് കൈയ്യടിക്കണം. സാമ്പത്തികമായ നേട്ടത്തിനേക്കാൾ ഇത് ഒരു പെൺകുട്ടികൾക്കുള്ള ധൈര്യമാണ്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനെ ഫൈറ്റ് ചെയ്തു നിൽക്കാനുള്ള ചങ്കുറ്റമാണ്. ഈ സമൂഹം മുഴുവൻ ഒറ്റപ്പെടുത്തിയാലും എണീറ്റ് നിന്ന് അവൻ തെറ്റുകാരനെന്ന് പറയാനുള്ള ശബ്ദമാണ്.

 

 

ചിത്രത്തിലെ ഒരു കഥാപാത്രത്തിലും അതിന്റെതായ വ്യക്തതയുണ്ട് , വ്യക്തിത്തമുണ്ട്. ദിയയുടെ നല്ലൊരു സുഹൃത്തായി ദിയക്ക് കരുത്തായി നിന്ന കീർത്തി എന്ന കഥാപാത്രമായി വന്ന നിമിഷ സജയൻ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.തസ്നി എന്ന കഥാപാത്രത്തിൽ എത്തിയ ദിവ്യ ഗോപിനാഥ് തൻറെ വേഷത്തെ ഗംഭീരമായി ച്യ്തിട്ടുണ്ട് .അമലായി എത്തിയ വെങ്കിടേഷ് എന്ന പുതുമുഖ താരം പ്രേക്ഷകനെ ഞെട്ടിച്ചു. സുഹൃത്തുക്കളായി എത്തിയ അർജുൻ അശോകും , ജുനൈസും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തി. ഡോക്ടറായി എത്തിയ സീമ തന്റെ വേഷത്തെ തന്മയത്തത്തോടെ ചെയ്തു, സജിത മഠത്തിൽ ,ജോളി തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.

 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്,ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ്സ് നിർവ്വഹിച്ചത് . ചിത്രത്തിന്റെ മറ്റൊരു വിജയം അതിന്റെ തിരക്കഥയാണ്. ഉമേശ് ഒാമനക്കുട്ടൻ കഥ തിരക്കഥ സംഭാഷണമെഴുത്തിയിരിക്കുന്നത് .ബിലു പത്മിനി നാരായണൻ എഴുതിയ വരികൾക്കു വർക്കി സംഗീതം പകരുന്നു.

OTHER SECTIONS