ഹമീദിന്റെ ഉമ്മയെ തേടിയുള്ള യാത്ര...... റിവ്യൂ വായിക്കാം

By ബിന്ദു .26 12 2018

imran-azhar

 

 

 

മലയാളി പ്രേക്ഷകന്റെ ഹൃദയം കീഴടക്കി ആയിഷുമ്മയും ,ഹമീദും. ബന്ധങ്ങളുടെ ആഴത്തിന്റെ കഥ പറയുന്ന എന്റെ ഉമ്മാന്റെ പേര് തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. ഉമ്മയെ തേടിയുള്ള നിഷ്കളങ്കനായ യുവാവിന്റെ കഥ പറയുന്ന എന്റെ ഉമ്മാന്റെ പേര് മലയാളി പ്രേക്ഷകർ ഓർമയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ നെഞ്ചോട് ചേർക്കാവുന്ന ഒരു സുന്ദര ചിത്രമാണ് നവാഗതനായ ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന എന്റെ ഉമ്മാന്റെ പേര്. ഉർവ്വശി എന്ന നടിയുടെ തിരിച്ചുവരവിലെ ഏറ്റവും ശക്തമായ കഥാപാത്രമായി ആയിഷുമ്മയെ കൂട്ടാം. അനാഥനല്ലെന്ന് തെളിയിക്കാൻ ഉമ്മമാരെ തേടിപ്പോകുന്ന ഹമീദിന്റെ യാത്രയിൽ തമാശകൾ മാത്രമല്ല മറിച്ച് പ്രേക്ഷകന്റെ കണ്ണ് നിറക്കുന്ന സാഹചര്യത്തിലൂടെയും ചിത്രം കടന്നുപോവുന്നത്.

 


കഥ ഇതുവരെ.....

കല്യാണവീടിന്റെ സന്തോഷത്തിൽ ബിരിയാണി കഴിച്ചുകൊണ്ടിരുന്ന ഹമീദിന്റെ ജീവിതം മാറ്റി മറിച്ചു കൊണ്ടാണ് തന്റെ വാപ്പ മരിച്ചെന്ന വാർത്ത എത്തിയത്. ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഇന്നലെയുമായി വന്നു കയറിയ വാപ്പ മാത്രമേ ഹമീദിന് ഉണ്ടായിരുന്നുള്ളൂ. വാപ്പ പോയതോട് കൂടി ഒറ്റപ്പെടലിന്റെ ലോകത്തിലേക്ക് എറിയപ്പെട്ട ഹമീദ് തന്റെ ഉമ്മയെ കണ്ടുപിടിക്കാൻ ഇറങ്ങി തിരിക്കുകയാണ്. യതീം (അനാഥൻ) എന്നൊരു മേൽവിലാസം കൂടി ചാർത്തപ്പെട്ടതിനാൽ നിക്കാഹ് കൂടി കഴിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ഹമീദ്. ഉമ്മയെ തേടിയുള്ള ആ യാത്രയിൽ കൂട്ടായിട്ടുള്ളത് കൂടപിറപ്പിനെ പോലെയുള്ളൊരു വേലക്കാരനും ബാപ്പയുടെ ഒരു സുഹൃത്തും മാത്രം. ഉമ്മയെ തേടിയുള്ള യാത്രയിൽ ഹമീദിന്റെ ജീവിതത്തിലേക്ക് വെറളിയുമ്മ കൂടി എത്തുന്നതോടെ യാത്ര രസകരമാകുന്നു.കുടുംബ ബന്ധങ്ങളുടെ ആഴവും അതിന്റെ ഊഷ്മളായ സ്നേഹവും എല്ലാം ചിത്രം വരച്ചു കാട്ടുന്നു.

 

ഹമീദിനെ അവതരിപ്പിച്ച ടോവിനോ തോമസ് തന്റെ കരിയർ ബെസ്റ്റ് പ്രകടനം ആണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. സ്നേഹമാർന്ന മകന്റെ വേഷം ടോവിനോ ഉജ്വലമാക്കി. ഏറെ കാലത്തിനു ശേഷം വെള്ളിത്തിരയിൽ വന്ന ഉർവശി കാലങ്ങൾക്ക് ശേഷം ഒരു ഇരുത്തം വന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സഹനടനായി വന്ന ഹരീഷ് കണാരനും മികവാർന്ന പ്രകടനം പുറത്തെടുത്തു.മലയാളത്തിലെ ഹാസ്യറോളുകളിൽ ഇപ്പോൾ തന്റേതായ ഒരു സ്ഥാനം പിടിച്ചുപറ്റിയ ഹരീഷ് കണാരനും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. മാമുക്കോയ, നായികയായ സായിപ്രിയ ദേവ്, ശാന്തി കൃഷ്ണ, സിദ്ധിഖ്, ദിലീഷ് പോത്തൻ എന്നിവരും അവരുടെ കഥാപാത്രങ്ങളെ ഏറെ മനോഹരമാക്കിയിട്ടുണ്ട്.

 

ആദ്യാവസാനം പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ ഹമീദിനൊപ്പം തന്നെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകുവാൻ തന്റെ എഴുത്തിലൂടെ സംവിധായകൻ കൂടിയായ ജോസ് സെബാസ്റ്റ്യന് സാധിച്ചിട്ടുണ്ട്. വൈകാരികതയിലൂന്നിയ ഒരു വിഷയം ആയിരുന്നിട്ടുകൂടിയും അതിൽ രസകരമായ ഒരു വിരുന്ന് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സ്പാനിഷ് ഛായാഗ്രാഹകനായ ജോർഡി പ്ലാനെൽ ക്ളോസേ ഹമീദിന്റെ യാത്രയെ ഏറ്റവും മനോഹരമായിട്ട് തന്നെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും അർജു ബെന്നിന്റെ എഡിറ്റിംഗും ഉമ്മായുടെ പേര് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ കൂടെയിറങ്ങുന്ന ഈ ഉമ്മയും മകനും നിങ്ങളുടെ നെഞ്ചിൽ തന്നെ എന്നുമുണ്ടാകും.

OTHER SECTIONS