By sisira.14 01 2021
ചണ്ഡീഗഢ്: പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബോളിവുഡ് താരം ജാന്‍വി കപൂർ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി ജാന്‍വി പ്രസ്താവന ഇറക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സിദ്ധാര്‍ഥ് സെന്‍ഗുപ്തയുടെ 'ഗുഡ്ലക്ക് ജെറി' എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ദീപക് ദോബ്രിയാല്‍, നീരജ് സൂഡ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കര്‍ഷകര്‍ സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന ഇടത്തേക്ക് തള്ളിക്കയറുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഉറപ്പുലഭിച്ചതിനു പിന്നാലെയാണ് കര്‍ഷകര്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പോയത്. പിന്നാലെ , കര്‍ഷകര്‍ക്ക് അനുകൂലമായ പ്രസ്താവന ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തെ ഊട്ടുന്നതില്‍ അവര്‍ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- എന്നായിരുന്നു ജാന്‍വിയുടെ കുറിപ്പ്.
ബോളിവുഡ് കര്‍ഷക സമരത്തിന് അനുകൂലമായി എന്തെങ്കിലും പറയുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ സിനിമാസംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും പറഞ്ഞതായി ബല്‍വിന്ദര്‍ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ജാന്‍വി പ്രസ്താവന പുറത്തിറക്കുമെന്ന സംവിധായകന്റെ ഉറപ്പിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ സ്ഥലത്തുനിന്ന് പോയതെന്നും ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.