നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

By SM.23 09 2022

imran-azhar

 


നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമ പ്രവര്‍ത്തക. ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചതായി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ ഉന്നയിക്കുന്നു. ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിലോ, ഒരു വ്യക്തിയോടോ ഒരിക്കലും പറയാന്‍ പറ്റില്ലെന്നും മാധ്യമ പ്രവര്‍ത്തക ഒരു പ്രമുഖ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

ചട്ടമ്പി എന്ന ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു അഭിമുഖം നടത്തിയത്. ആങ്കര്‍മാരായി തങ്ങള്‍ രണ്ടുപേരായിരുന്നുയ ഒന്നരയ്ക്ക് പറഞ്ഞ പരിപാടിക്ക് നാലുമണിക്ക് ശേഷമാണ് ശ്രീനാഥ് ഭാസി എത്തിയത്. പരിപാടി തുടങ്ങി അഞ്ചുമിനിറ്റ് വളരെ സ്‌ന്തോഷത്തോടെ സംസാരിച്ചതിനുശേഷം നിങ്ങള്‍ എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്നുപറഞ്ഞുകൊണ്ട് പെട്ടെന്ന് ആള് മാറുകയായിരുന്നു.

 

സിനിമയുടെ പ്രമോഷന്റെ ഭാഗമായാണെന്ന് മറുപടി നല്‍കിയപ്പോള്‍, ഈ ചട്ടമ്പി, ചട്ടമ്പി എന്നുള്ള പ്രയോഗം ഒന്ന് നിര്‍ത്താമോ, ഞാന്‍ വളരെ അസ്വസ്ഥനാകുന്നു എന്ന് ശ്രീനാഥ് ഭാസി പറയുകയായിരുന്നു. നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ടാകുമല്ലോ. അവരുടെ പേര് പറഞ്ഞാല്‍ ചട്ടമ്പി ആങ്കിളില്‍ ഒന്ന് കാറ്റഗറൈസ് ചെയ്തുതരാമോ എന്നാണ് ചോദിച്ചത്.

 

പെട്ടെന്ന്, നിങ്ങളുടെയൊക്കെ ചോദ്യം കേട്ടാല്‍ അറിയാം. നിങ്ങളൊക്കെ എത്ര ഹോളോ ആണ്. എത്ര പ്ലാസ്റ്റിക്കാണ് നിങ്ങളൊക്കെ. എനിക്ക് ഈ ഇന്റര്‍വ്യൂ ചെയ്യേണ്ട. നിങ്ങള്‍ ക്യാമറ ദയവുചെയ്ത് ഓഫാക്കൂ എന്നുപറയുകയും ചെയ്തു. നിങ്ങള്‍ രണ്ടുപേരും കൂടെ ഇവിടെ ഇരുന്ന് ആലോചിക്ക്. ഞാന്‍ പോകുന്നു എന്നുപറഞ്ഞ് മൈക്ക് ഊരിമാറ്റി.

 

എന്നിട്ട് മാന്യമായി ചേട്ടാ, ഈ ക്യാമറകള്‍ ഒന്ന് ഓഫ് ചെയ്യൂ. എന്നെ ബഹുമാനിക്ക് ചേട്ടാ എന്നുപറഞ്ഞു. മൂന്ന് ക്യാമറകളാണ് ഉണ്ടായിരുന്നത്. ഒരു വൈഡ് ക്യാമറ, രണ്ട് ക്ലോസ് ക്യാമറ. മൂന്നും ഓഫാക്കിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം രണ്ടുമിനിറ്റോളം നിന്ന് പുള്ളിക്കറിയാവുന്ന തെറി മുഴുവന്‍ വിളിച്ചു.

 

എന്തുകൊണ്ട് ഇതുകേട്ട് മിണ്ടാതിരുന്നു എന്നുചോദിച്ചാല്‍ ഒരു ഷോക്കില്‍ എന്താണ് സംഭവിക്കുന്നത് എന്നുപോലും ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായില്ല. വിളിച്ച തെറികള്‍ ഒരിക്കലും ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിലോ, ഒരു വ്യക്തിയോടോ, ഇനി എത്ര വലിയ വ്യക്തിവൈരാഗ്യമുള്ള ആളോടോ പറയാന്‍ പറ്റില്ല. അത്തരം വാക്കുകളായിരുന്നു പറഞ്ഞത്. ഇത്രയും പറഞ്ഞ് ആ മുറിയില്‍ നിന്ന് ഇറങ്ങി പോയപ്പോള്‍, ഞങ്ങളുടെ പ്രൊഡ്യൂസര്‍ വിളിച്ച് ചേട്ടാ, ഇത് ഒരു ഫണ്‍ ഇന്റര്‍വ്യൂ ആയിരുന്നു. ആ രീതിയില്‍ എടുക്കണം എന്നുപറഞ്ഞപ്പോള്‍ പ്രൊഡ്യൂസറോടും അച്ഛനെ അധിക്ഷേപിക്കുന്ന തെറി വിളിക്കുകയായിരുന്നു. ഇതെല്ലാം കേട്ടുകൊണ്ട് തങ്ങള്‍ അകത്ത് ഇരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

 

വനിതാ കമ്മീഷനും മരട് പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. ശ്രീനാഥ് ഭാസി അമ്മയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ടെന്നും പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ തനിക്ക് അറിയിച്ചതായും മാധ്യമ പ്രവര്‍ത്തക അഭിമുഖത്തില്‍ പറഞ്ഞു.

OTHER SECTIONS