കുത്തുപാട്ടുമായി കമൽഹാസൻ, വിക്രം ആദ്യ​ഗാനം പുറത്ത്

By santhisenanhs.12 05 2022

imran-azhar

 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം വിക്രമിലെ ആദ്യ ഗാനം റിലീസായി. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്. കുത്തുപാട്ടുകളുടെ ഹിറ്റ് ചാർട്ടിലേക്കു ഒരു പാട്ടു കൂടി സംഭാവന നൽകിയിരിക്കുകയാണ് അനിരുദ്ധ്. ‌

 

 

മുതുമുശ്ശൻ മുതൽ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകൾ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂർവ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീതസംവിധായകനാണെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. സിനിമ ജൂൺ 3 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ റിലീസ് മെയ് 15 ന്, ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ നടക്കും.

 

മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നതിനുമപ്പുറം ഫാൻ ബോയ് ആയ സംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥയ്ക്കായി കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

 

രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

OTHER SECTIONS