സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കാറേയില്ല

By Arunkumar B V .28 07 2021

imran-azhar

 

 

അരുണ്‍കുമാര്‍ ബി വി


ബോഡി ഷെയിമിംഗിന്റെ പേരില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും പഴി കേള്‍ക്കുന്നത്. അതിപ്പോള്‍ മോഡലിംഗിലായാലും സിനിമയിലായാലും ഒരുപോലെ തന്നെയാണ്. അത്തരത്തില്‍ വലിയൊരു കളിയാക്കലിനും വട്ടപ്പേരിനും ഇരയായ ആളാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ ഹസീന ഖാസിം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്ന ഹസീനയെ കോവിഡ് കാലമാണ് മോഡലിംഗ് രംഗത്തേക്കെത്തിച്ചത്. മോഡലുകളാകണമെങ്കില്‍ നല്ല ആകാരവടിവും ലുക്കും വേണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അതിനെയെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് ഹസീനയുടെ മോഡലിംഗ്. പൊതുവെ തടിച്ച ശരീരപ്രകൃതമാണ് ഹസീനയ്ക്ക്. ലോക്ക്ഡൗണായതോടെ ഡബ്ബിംഗ് ഒന്നുമില്ലാതിരുന്ന സമയത്ത് മനസില്‍ വെറുതെ തോന്നിയൊരു ആശയമാണ് മോഡലിംഗ് ചെയ്തു നോക്കിയാലോ എന്ന്. തന്നെക്കൊണ്ട് അതിനു സാധിക്കുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു. കാരണം തൈറോയിഡ് പ്രശ്‌നത്തെ തുടര്‍ന്ന് ശരീരം നല്ല വണ്ണം വച്ചിരുന്നു. എങ്കിലും ഒരുകൈ നോക്കാമെന്ന് ഹസീനയും കരുതി.

 

വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങള്‍

 

ഹസീന മോഡലിംഗ് രംഗത്തിറങ്ങിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഉള്‍പ്പെടെ എതിര്‍പ്പുമായെത്തി. അവര്‍ക്കൊന്നും മോഡലിംഗ് എന്താണെന്നതിനെ സംബന്ധിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍, വീട്ടുകാരെ വിശ്വാസത്തിലെടുത്ത് ഹസീന രണ്ടുംകല്‍പ്പിച്ച് മോഡലിംഗിലേക്ക് ഒറ്റ ചാട്ടം. ആ തീരുമാനം തെറ്റിപ്പോയില്ലെന്ന് ഹസീന പറയുന്നു. അത് വീട്ടുകാര്‍ക്കു മനസിലായി. അങ്ങനെ അവരുടെ സമ്മതമാണ് ആദ്യം ഹസീന വാങ്ങിയത്.

 

 

തടിച്ചിത്തള്ള, കിളവി

 

ഞാന്‍ മോഡലിംഗ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ആദ്യമൊക്കെ ഇട്ട ഫോട്ടോകള്‍ക്ക് വന്ന കമന്റുകള്‍ എന്നെ വല്ലാതെ തളര്‍ത്തി. ഓരോരുത്തര്‍ എന്തൊക്കെ കമന്റുകളാണ് ഇട്ടിരുന്നത്. ബോഡി ഷെയിമിംഗ് കമന്റുകളാണ് കൂടുതല്‍ വന്നത്. ചിലര്‍ എന്നെ തടിച്ചിത്തള്ളയെന്നും കിളവിയെന്നും വിളിച്ചു കളിയാക്കി. ഇതൊക്കെ കേട്ടപ്പോള്‍ മാനസികമായി വല്ലാത്ത വിഷമം തോന്നി. പിന്നെപ്പിന്നെ അതു ശീലമായി. അതൊന്നും വകവയ്ക്കാറില്ല ഇപ്പോള്‍.

 

കളിയാക്കിയപ്പോള്‍ നല്ല പേടി തോന്നി

 

ആദ്യമായി മോഡലിംഗ് ചെയ്തപ്പോള്‍ കിട്ടിയ കമന്റുകള്‍ കണ്ട് ഞാന്‍ പേടിച്ചുപോയി. പിന്നെ നമ്മുടെ ഫോട്ടോ കണ്ട് മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നൊക്കെ ചിന്തിച്ചു. ആ പേടിയൊക്കെ പിന്നെപ്പിന്നെ മാറി. ഇപ്പോള്‍ എന്റെ ഫോട്ടോഷൂട്ടിന് ഒരു ടീമുണ്ടാക്കിയിട്ടുണ്ട്. അവര്‍ നല്ല സപ്പോര്‍ട്ടാണ്. പുറത്തൊക്കെ പോകുമ്പോള്‍ ഫോട്ടോഷൂട്ട് കണ്ടിട്ടുള്ളവര്‍ ഓടിവന്ന് സെല്‍ഫിയൊക്കെ എടുക്കാറുണ്ട്. ഇതൊക്കെ എന്റെ വീട്ടുകാര്‍ കണ്ടപ്പോള്‍ കൂടുതല്‍ സപ്പോര്‍ട്ടാണ് നല്‍കുന്നത്. പിന്നെ എന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടപ്പോള്‍ മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകളിലേക്ക് ഒന്ന് കണ്ണോടിച്ചു. പല സെലിബ്രിറ്റികളുടെയും ഫോട്ടോഷൂട്ട് അവരുടെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു. അവരൊക്കെ ആദ്യമൊക്കെ ഇത്തരത്തില്‍ മോശം വാക്കുകള്‍ കേട്ടിട്ടുണ്ടെന്ന് കണ്ടു. അപ്പോള്‍ എനിക്കും ഒരാശ്വാസം. ഞാന്‍ മാത്രമല്ല, ഈ മേഖലയിലുള്ള എല്ലാവര്‍ക്കും ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഒരു ചലഞ്ചായി മോഡലിംഗിനെ കണ്ട് മുന്നോട്ടു പോയി.

 

 

 

 


ജിം ട്രെയിനറാണ്, പക്ഷേ വര്‍ക്കൗട്ട് ചെയ്യാന്‍ മടി

 

ജിം ട്രെയിനര്‍ കൂടിയാണ് ഞാന്‍. നിരവധി പേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നുണ്ട്. പക്ഷേ, എനിക്ക് വര്‍ക്കൗട്ട് ചെയ്യാന്‍ മടിയാണ്. അതു പണ്ടേ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നേരത്തെ വര്‍ക്കൗട്ട് ചെയ്തിരുന്നു. പക്ഷേ, തൈറോയ്ഡ് പ്രശ്‌നം വന്നതോടെ എല്ലാം പോയി. അധികമൊന്നും ചെയ്യാനാകില്ല. വല്ലാതെ കിതയ്ക്കും. അതിനാല്‍ നിര്‍ത്തി. പക്ഷേ ഇപ്പോള്‍ ചെറുതായി വര്‍ക്കൗട്ടൊക്കെ തുടങ്ങിയിട്ടുണ്ട്. ഡയറ്റിംഗും ഉണ്ട്. ഇതൊക്കെ വണ്ണം കുറയ്ക്കാനല്ല ചെയ്യുന്നത്. ഒരു ഷെയ്പ്പ് വരുത്താനാണ്. വിദേശ രാജ്യങ്ങളിലെ മോഡലുകള്‍ക്ക് അത്യാവശ്യം സൈസുണ്ടെങ്കിലും അവര്‍ നല്ല ഷെയ്പ്പായിരികും. അതിനു വേണ്ടിയാണ് ഇപ്പോഴത്തെ വര്‍ക്കൗട്ട്.

 

അഭിനയത്തിലേക്കും ഇറങ്ങുന്നു

 

ഡബ്ബിംഗുമായി മുന്നോട്ടു പോകുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നം പിടിപെട്ടത്. അതോടെ എന്റെ ശരീരം വണ്ണം വയ്ക്കാന്‍ തുടങ്ങി. ഡബ്ബിംഗിന് പോലും തൈറോയ്ഡഡ് തടസമായി വന്നു. അങ്ങനെ വീട്ടിലിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചത്. പിന്നാലെ ലോക്ക്ഡൗണും വന്നു. എനിക്ക് സിനിമാ മേഖലയില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചത്.

 

ആറോളം സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. അപ്പോഴും മനസില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുരണ്ടു സിനിമകള്‍ വന്നിട്ടുണ്ട്. രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു മലയാളം സിനിമയിലും അവസരം ലഭിച്ചിട്ടുണ്ട്.

 

 

ഡബ്ബിംഗ് പഠനം തിരുവനന്തപുരത്ത്

 

സിനിമാ മേഖലയായിരുന്നു എനിക്ക് ഇഷ്ടം. ഒരു പാഷനായി ഡബ്ബിംഗ് ചെയ്യുന്നു. ഇതിനായി തിരുവനന്തപുരം പൂജപ്പുരയിലെ ശ്രീഭാരി വിഷനില്‍ കോഴ്സ് ചെയ്തു. അതിനുശേഷം ഷോട്ട് ഫിലിമുകള്‍ക്കും സീരിയലുകള്‍ക്കും ശബ്ദം നല്‍കി. ആദ്യ സിനിമ എന്ന് നിന്റെ മൊയ്ദീന്‍ ആയിരുന്നു. അതില്‍ പാര്‍വതിയ്ക്ക് ട്രാക്ക് ചെയ്തത് ഞാനായിരുന്നു.

 

ചെങ്ങന്നൂരില്‍ താമസം

 

അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് താമസം.

 

 

OTHER SECTIONS