ദുരൂഹത നിറഞ്ഞ് ഹെൽമെയ്റ്റ്

By Online Desk.03 11 2018

imran-azhar

 

 

സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രശംസ പിടിച്ചുപറ്റിയ ഹ്രസ്വ ചിത്രം ഹെല്‍മെയ്റ്റിന്റെ രണ്ടാം ഭാഗവും ശ്രദ്ധേയമാകുന്നു. ത്രില്ലര്‍ സ്വഭാവമുള്ള വെബ്‌സീരീസ് ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ഹെല്‍മെയ്റ്റ്. നവാഗതരായ നിജയ് ഘോഷ് തിരക്കഥയെഴുതി മഹേഷ് പി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകരായ ജി മാര്‍ത്താണ്ഡന്‍, സുനില്‍ ഇബ്രാഹിം, സാജിദ് യാഹിയ, മലയാളത്തില്‍ ഉള്‍പ്പെടെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ഷെയ്ക്ക് ജുനൈദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹെല്‍മെയ്റ്റിന്റെ രണ്ടാം ഭാഗം യൂട്യൂബ്് ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗത്തിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.


ചലച്ചിത്ര താരങ്ങളായ ഷാജു ശ്രീധര്‍, രാജ് ബാബു, നിതിന്‍ സൈനുദ്ദീന്‍ എന്നിവര്‍ ഹെല്‍മെയ്റ്റിന്റെ വിവിധ ചാപ്റ്ററുകളില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ പത്തോളം പുതുമുഖ താരങ്ങളും ഹെല്‍മെയ്റ്റിന്റെ ഭാഗമായിട്ടുണ്ട്. അഞ്ച് എപ്പിസോഡുകളായാണ് ഹെല്‍മെയ്റ്റ് എത്തുക. ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ഹെല്‍മെയ്റ്റിന്റെ കഥ പുരോഗമിക്കുന്നത്. മലയാളം ഇന്നുവരെ കണ്ടതില്‍ വച്ച് മുഴുനീള ത്രില്ലര്‍ സ്വഭാവവും സസ്‌പെന്‍സും നിറഞ്ഞ വെബ്‌സീരീസ് ഗണത്തിലാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഹെല്‍മെയ്റ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. ദുബായിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിന് പിന്നില്‍. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഒരു കഥ പറച്ചില്‍ രീതിയാണ് വെബ് സീരിസുകള്‍. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്ന രീതി അന്യഭാഷകളില്‍ ഉള്‍പ്പെടെ കണ്ട് ശീലിച്ച മലയാളികള്‍ക്കിടയിലാണ് ഹെല്‍മെയ്റ്റ് എന്ന ചിത്രം ശ്രദ്ധ നേടുന്നത്.

 

ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും മുഹമ്മദ് സഹല്‍, ജിതിന്‍ ജോസഫ്, ക്യാമറ അസിസ്റ്റന്റ് സഗീത്, പശ്ചാത്തല സംഗീതം രതീഷ് റോയി, നിഖില്‍ പ്രഭ, വരികള്‍ എഴുതിയത് രാജീവ് മേനോന്‍ കോലടി, ഫോട്ടോഗ്രാഫര്‍ ബിജു ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കിരണ്‍ ഗോപാലകൃഷ്ണന്‍, ഫലാല്‍, അജ്മല്‍ തുടങ്ങി സിനിമാ മോഹവുമായി ഒത്തുചേര്‍ന്ന ദുബായ് മലയാളികളും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഏതന്‍സ് പ്രൊഡക്ഷന്‌സിന്റെ ജെന്‍സി സാമുവലും ഡ്രീം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍്മ്മിക്കുന്നത്. ഡ്രീ സിനിമാസ് പ്രെഡക്ഷന്‍ ഹൗസാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്. വിഷായവതരണത്തിലെ പുതുമ കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഹെല്‍മെയ്റ്റിന്റെ മൂന്നാം ചാപ്റ്റര്‍ ഡിസംബറോടെ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ബിഗ് ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വെബ്‌സീരീസ് പുറത്തിറങ്ങുന്നത്

OTHER SECTIONS