ഐഎഫ്എഫ്‌ഐ; പ്രതിനിധികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് മുഖ്യമന്ത്രി

By online desk.20 11 2019

imran-azhar 


പനാജി: ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷനില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേള പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും പ്രമോദ് സാവന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ണമായി. ഗോവന്‍ ചലച്ചിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികളും ഈ ചലച്ചിത്രോല്‍സവത്തില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. പത്ത് ഗോവന്‍ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ആറു സിനിമകളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കാന്‍ പോകുന്നത്. നഗരങ്ങളില്ലെന്നപോലെ ഗോവയുടെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലും ചലച്ചിത്ര മേളയുടെ ഭാഗമായി സിനിമകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. 18 പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ മൊബൈല്‍ സ്‌ക്രീനിംഗുകള്‍ നടക്കുന്നത്. 21 മുതല്‍ 28 വരെ ഓരോ ദിവസം ഓരോ താലൂക്കില്‍ മൊബൈല്‍ സ്‌ക്രീനിംഗ് നടത്തും.

ചലച്ചിത്രമേളയ്ക്ക് എത്തുന്ന പ്രതിനിധികള്‍ക്കും അതിഥികള്‍ക്കും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളുമുണ്ടാകാതിരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മേളയ്ക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ചരിത്രത്തില്‍ ഇടം നേടാനുള്ള എല്ലാ പരിശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. മികച്ച സ്‌ക്രീനിങ് ഉറപ്പു വരുത്തിയിരിക്കുന്ന മേള സാങ്കേതികമായും ഉന്നത നിലവാരം പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര മേളയില്‍ ആദ്യമായി ലൈവ് സിനിമാ നിര്‍മ്മാണ മത്സരവും അരങ്ങേറും. 72 മണിക്കൂറുകള്‍ കൊണ്ട് സിനിമ നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുക. സംസ്ഥാന ദേശീയ തലത്തിലായിരിക്കും മത്സരം. ഇതിനായി 462 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ 110 അപേക്ഷകളും ദേശീയ തലത്തില്‍ 352 അപേക്ഷകളു ലഭിച്ചു. അഞ്ച് മുതല്‍ എട്ട് മിനിട്ടുകള്‍ വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് നിര്‍മ്മിക്കേണ്ടത്. 23 ന് സിനിമകള്‍ക്കുള്ള വിഷയങ്ങള്‍ നല്‍കും. ഇതിന് ശേഷം 72 മണിക്കൂറിനുള്ളില്‍ ചിത്രങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. 29 നാണ് പുരസ്‌കാര ദാനം. സംസ്ഥാന തലത്തില്‍ വിവിധ വിഭാഗങ്ങളിലായി 20 പുരസ്‌കാരങ്ങളും ദേശീയ തലത്തിലുള്ളവയ്ക്ക് 10 പുരസ്‌കാരങ്ങളുമാണ് നല്‍കുന്നത്. ആകെ ഒമ്പത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിശദീകരിച്ചു. ഇന്നലെ വരെ 9300 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 7000 പേര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിനിധികളായി. ഇന്നലെ വൈകിട്ട് വരെ 1872 പ്രതിനിധികള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകള്‍ മേളയുടെ അവസാന ദിവസം വരെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

OTHER SECTIONS