വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വിവാദം; അമ്മയിൽ നിന്ന് അവധിയെടുക്കാനൊരുങ്ങി ഇടവേള ബാബു

By santhisenanhs.06 07 2022

imran-azhar

 

താര സംഘടന അമ്മയിൽ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറൽ സെക്രട്ടറി കൂടിയയായ നടൻ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാൻ ഒരുങ്ങിയത്. എന്നാൽ പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

 

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡിയിൽ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എൻട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെടെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടത്. ഇതിൽ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരെ മോഹൻലാൽ വിളിച്ചുവരുത്തി യോഗത്തിൽ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നൽകിയത് എന്ന ചോദ്യവും ഉയർന്നു. ഇടവേള ബാബുവും ചേർന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാൻ ഒരുങ്ങിയത്.

 

ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അമ്മയുടെ ജനറൽബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ് ഏറ്റവും അധികം വിമർശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

 

ഷമ്മി തിലകനെതിരെയുള്ള നടപടികളിൽ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റുവാനും തീരുമാനമായി. ഷമ്മി തിലകൻ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ഗണേഷ് കുമാർ എംഎൽഎ നൽകിയ കത്തിന് രേഖാമൂലം മറുപടി നൽകുമെന്നും എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ഗണേഷ് കുമാറിനുള്ള മറുപടി മോഹൻലാൽ നാളെ നൽകും. അതിന് ശേഷമായിരിക്കും വാർത്താക്കുറിപ്പ് പുറത്തുവിടുക.

OTHER SECTIONS