ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി ഉയര്‍ത്തി

By anju.10 10 2018

imran-azhar


തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും ഇത്തവണത്തെ മേള സംഘടിപ്പിക്കുക. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക.


ആറ് കോടി രൂപയാണ് കഴിഞ്ഞ തവണ മേളക്കായി ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ അത് വഴി ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബാക്കി ഒരു കോടി പദ്ധതി വിഹിതത്തില്‍ നിന്ന് ചെലവഴിച്ചാല്‍ മതി.

സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്‌കാരം നല്‍കിയിരുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചലച്ചിത്രോത്സവം ഉപേക്ഷിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടനസമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും

OTHER SECTIONS