വീ....മിസ് യൂ......മേളയുടെ നൊമ്പരമായി ലെനിനും എം.ജി. രാധാകൃഷ്ണനും

By online desk .09 12 2019

imran-azhar

 

തിരുവനന്തപുരം : ആഘോഷ തിമിര്‍പ്പിലും ചില നഷ്ടങ്ങള്‍ വേദനയാണ്. കേരള രാജ്യാന്തര മേളയിലെ പ്രതിനിധികള്‍ക്ക് ഇത്തവണ വേദനയാകുന്നത് ലെനിന്‍ രാജേന്ദ്രന്റെയും എം ജി രാധാകൃഷ്ണന്റെയും അഭാവമാണ്. എല്ലാ മേളകളിലെയും സംഘാടകരായിരുന്ന ഇരുവരും സജീവ സാന്നിദ്ധ്യവുമായിരുന്നു. പ്രതിനിധികളുടെയൊപ്പം കുശലം പറഞ്ഞും സംശയങ്ങള്‍ തീര്‍ത്തും മേളയിലുടനീളം ഇവരുടെ സാന്നിദ്ധ്യമുണ്ടാകുമായിരുന്നു. ഒരു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും കൂടുതല്‍ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞ ആര്‍ക്കും ഭേദിക്കാനാകാത്ത റിക്കോര്‍ഡ് സ്വന്തമായിട്ടുള്ളത് എം ജെ രാധാകൃഷ്ണനാണ്. 21-ാം കേരള രാജ്യാന്തര മേളയില്‍ എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മോഹവലയം, ജെയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്‌സ്, അടൂര്‍ 50 വര്‍ഷം വിഭാഗത്തിലെ പിന്നെയും, കല്‍പ്പന ഓര്‍മ വിഭാഗത്തില്‍ ബാബു തിരുവല്ല സംവിധാനം ചെയ്ത തനിച്ചല്ല ഞാന്‍ തുടങ്ങിയ സിനിമകളാണ് എം.ജെ. രാധാകൃഷ്ണന്റേതായി 21-ാം മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനും മുമ്പ് ദേശീയ ചലച്ചിത്ര മേളയിലും എം.ജെ.രാധാകൃഷ്ണന്റ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സമാന്തര സിനിമകളുടെ ഇഷ്ട തോഴനാണ് എം.ജെ. രാധാകൃഷ്ണന്‍.

 

അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.വി.ചന്ദ്രന്‍, ജയരാജ്, ആര്‍. ശരത്, മുരളിനായര്‍, രജ്ഞിത് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ഇഷ്ട ഛായാഗ്രാഹകനാണ് എം.ജെ. രാധാകൃഷ്ണന്‍. ഒരു ചെറു മുറിയിലായാലും വിശാലമായ ആകാശത്തിലായാലും വന്യമായ കാട്ടിലായാലാലും എം.ജെ. രാധാകൃഷ്ണന്‍ ക്യാമറ തുറന്നാല്‍ മനോഹരമായ ദൃശ്യ വിരുന്നുണ്ടാകുമെന്നാണു പ്രമുഖ സംവിധായകരുടെ വിലയിരുത്തല്‍. സിനിമ ഛായാഗ്രാഹകന്റെ കൂടി കലയാണെന്നു പ്രവൃത്തി കൊണ്ടു തെളിയിക്കാനും എം.ജെ.രാധാകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്ര മേളയിലെത്തുന്ന പ്രതിനിധികള്‍ക്കു പ്രിയപ്പെട്ട സിനിമാ പ്രവര്‍ത്തകനും ഉപദേശകനും സുഹൃത്തും കൂടിയാണ് എം.ജെ.രാധാകൃഷ്ണന്‍. ആരാധകരുണ്ടെങ്കില്‍ അവര്‍ തന്റെ ദൃശ്യങ്ങളെയാണു പ്രണയിക്കുന്നത് അതുകൊണ്ടു തന്നെ അതിന്റെ ക്രഡിറ്റ് സംവിധായകര്‍ക്കുമുണ്ടെന്നാണ് എം.ജെ. രാധാകൃഷ്ണന്റെ പക്ഷം. പുതുമുഖ സംവിധായകര്‍ക്ക്് എം ജെ എന്നും അനുഗ്രഹമായിരുന്നു. അവരുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കും. പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ പറഞ്ഞ വാചകങ്ങള്‍ എം ജെ രാധാകൃഷ്ണനെ അടയാളപ്പെടുത്തുന്നുതാണ്. പണം കിട്ടാത്ത ഒരു പാട് പടങ്ങള്‍ രാധാകൃഷ്ണന്‍ ചെയ്തിട്ടുണ്ടാകും. അല്ലെങ്കില്‍ കൊടുക്കാമെന്ന് പറഞ്ഞ പണം ഏറ്റവും കൂടുതല്‍ ലഭിക്കാനുള്ള ഛായാഗ്രാഹകനും അദ്ദേഹം ആയിരിക്കും. പണമായിരുന്നില്ല രാധാകൃഷ്ണന്റെ മാനദണ്ഡം. നല്ല സിനിമകള്‍ ഉണ്ടാകണമെന്നതിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. പണം കൊടുത്താലും ഇല്ലെങ്കിലും ഏറ്റവും നല്ല സൃഷ്ടിക്കായി അദ്ദേഹം ശ്രമിക്കും. ഏറ്റവും മനോഹരമാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. കലയോടുള്ള ആവേശമായിരുന്നു അത്. അതെ അതാണ് യാഥാര്‍ത്ഥ്യം. എം ജെ രാധാകൃഷ്ണന്‍ കലയെ സ്‌നേഹിച്ച ആവാഹിച്ച അതുല്യ പ്രതിഭയായിരുന്നു. അതാണ് അദ്ദേഹത്തിന്റെ നഷ്ടം കേരള രാജ്യാന്തര മേളയുടെ നഷ്ടമാകുന്നതും പ്രതിനിധികള്‍ക്ക് വേദനയാകുന്നതും. ഈ വര്‍ഷം ജൂലൈ പന്ത്രണ്ടിനായിരുന്നു എം ജെ രാധാകൃഷ്ണന്‍ വിടവാങ്ങുന്നത്. നെഞ്ചു വേദനയെ തുടര്‍ന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേയ്ക്ക് പോയ എം ജെ പിന്നെ നാടിന്റെ വേദനയായി മാറുകയായിരുന്നു.

 

23-ാം കേരള രാജ്യാന്തര മേളയുടെ സമയത്ത് അസുഖ ബാധിതനായി മേളയ്‌ക്കെത്താന്‍ ലെനിന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേക പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മേളയ്‌ക്കെത്തിയവരെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിക്കാന്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രമുഖനാണ് ലെനിന്‍ രാജേന്ദ്രന്‍.മേളയ്ക്ക് തിരുവനന്തപുരം സ്ഥിരം ആസ്ഥാനമാക്കണമെന്ന ആവശ്യം വന്നപ്പോള്‍ അനുകൂലമായി വാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു ജില്ലകളെ അവഗണിക്കാന്‍ പാടില്ലെന്നു വാശിപിടിച്ചു. അങ്ങനെ മറ്റിടങ്ങളില്‍ പ്രത്യേക മേളകള്‍ സംഘടിപ്പിക്കാനുള്ള തീരുമാനവുമുണ്ടായി. നിരവധി സിനിമകളിലൂടെ മലയാളിയുടെ മനസില്‍ ഇടം പിടിച്ച ലെനിന്‍ എന്നും സമാന്തര സിനിമകളുടെ വക്താവായിരുന്നു. മാത്രമല്ല സിനിമയിലെ എല്ലാ മേഖലയിലും പുതുമുഖങ്ങളെ എത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധയും ചെലുത്തിയിരുന്നു. കെഎസ്എഫ്ഡിസിയുടെ നെടുംതൂണായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അവിടെ ചെയര്‍മാനാകുകയും ചെയ്തു. അപ്പോഴെല്ലാം സമാന്തര സിനിമകള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി അദ്ദേഹം നിലകൊണ്ടു. കഴിഞ്ഞ ചലച്ചിത്ര മേള കഴിഞ്ഞ് ഒരു മാസത്തിനിടെ 2019 ജനുവരി 14 ന് ചെന്നൈയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. ഇത്തവണ മേളയിലെ പ്രതിനിധികള്‍ ലെനിന്‍ രാജേന്ദ്രനെ വേദനയോടെയാണ് ഓര്‍മ്മിക്കുന്നത്. ഹോമേജ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ മകര മഞ്ഞ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

OTHER SECTIONS