പത്താം വളവ്; കണ്ണുകളെ ഈറനണിയിക്കുന്ന ത്രില്ലർ കുടുംബചിത്രം

By santhisenanhs.14 05 2022

imran-azhar

 

എം പത്മകുമാര്‍ സംവിധാനം ചെയ്ത പത്താം വളവ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുടുംബബന്ധങ്ങളുടെ, സംഘർഷങ്ങളുടെ, ആകസ്മികതകളുടെ, ശരിതെറ്റുകളുടെയൊക്കെ വളവുകളിലൂടെയുള്ളൊരു കഥ പറച്ചിൽ. പത്താം വളവ് എന്ന സിനിമയെ ഒരു വാചകത്തിൽ ഇങ്ങനെ ചുരുക്കാം. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളി, പരോൾ അവസാനിച്ചതിന് ശേഷം തിരിച്ചെത്താനുള്ള അവധി കഴിഞ്ഞിട്ടും ഇയാൾ മടങ്ങിയെത്തുന്നില്ല. ഈ കുറ്റവാളിയെ കണ്ടുപിടിക്കാൻ പോലീസ് സംഘം എസ്ഐ സേതുവിന്‍റെ നേതൃത്വത്തിൽ അയാളെ തേടി അയാളുടെ ഹൈറേഞ്ചിലെ വീട്ടിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പത്താം വളവ് എന്ന സിനിമ പറയുന്നത്.

 

സോളമൻ കൊലപാതകി ആകാനിടയായ സാഹചര്യവും അതിന് ശേഷമുള്ള കാര്യങ്ങളുമൊക്കെ കൺവിൻസിങ്ങായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ എം പത്മകുമാറിന് കഴിഞ്ഞിട്ടുണ്ട്.

 

വിവിധ ട്രാൻസിഷനുകളിലൂടെ കടന്നുപോകുന്ന സോളമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സുരാജ് കാണിച്ച കയ്യടക്കം ഗംഭീരമാണ്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി സോളമനും അറിയപ്പെടും. സേതുനാഥ് എന്ന കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തുന്ന പ്രകടനമാണ് ഇന്ദ്രജിത് കാഴ്ച്ചവെച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി ജയകൃഷ്ണന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. സോളമന്റെ ഭാര്യയായി അദിതി രവിയുടെയും മകളായി ബാലതാരം കിയാരയുടെയും പ്രകടനവും ശ്രദ്ധേയമാണ്. കുറച്ചു നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് എത്തിയ അജ്‌മൽ അമീറും പൊലീസ്‌ കഥപാത്രത്തെ മികച്ചതാക്കി. സുധീർ കരമന, സോഹൻ സിനുലാൽ, മേജർ രവി, നന്ദൻ ഉണ്ണി, നിസ്താർ അഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

 

രതീഷ് റാമിന്റെ ഛയാഗ്രഹണമാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ഇടുക്കിയുടെ ഭംഗി നന്നായി പകർത്താനും സിനിമയെ നല്ലൊരു കാഴ്ച്ചാനുഭമാക്കി മാറ്റാനും രതീഷിന്റെ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ രഞ്‍ജിൻ രാജ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഇമോഷണൽ മൂഡും ത്രില്ലർ മൂഡും നിലനിർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.

 

സാധാരണ ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുടുംബകഥയെ കൂടി കൂട്ടിക്കെട്ടിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഒരേസമയം ത്രില്ലറായും കുടുംബചിത്രമായും പത്താം വളവ് അനുഭവപ്പെടുന്നുണ്ട്.

 

OTHER SECTIONS