ഐ.എം.ഡി.ബി കാത്തിരിപ്പ് പട്ടികയിൽ കടുവ രണ്ടാം സ്ഥാനത്ത്

By santhisenanhs.03 07 2022

imran-azhar

 

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യൻ സിനിമകളുടെയും ഷോകളുടെയും ഐ.എം.ഡി.ബി ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് മലയാള ചിത്രം കടുവ. പ്രമുഖ ഓൺലൈൻ ഡേറ്റാബേസ് ആയ ഐ.എം.ഡി.ബിയുടെ റിയൽ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് അണിയപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

പട്ടികയിൽ ആദ്യ സ്ഥാനത്ത് ബോളിവുഡ് ചിത്രമായ ഏക് വില്ലൻ റിട്ടേൺസ് ആണ്. മൂന്നാമതായി രൺബീർ കപൂർ ചിത്രം ഷംഷേരയും ഇടം പിടിച്ചിട്ടുണ്ട്. അമിർ ഖാന്റെ ലാൽ സിംഗ്ഛദ്ദയാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് കന്നഡ ചിത്രം വിക്രാന്ത് റോണയാണ്.

 

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യന്ന ചിത്രമാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തും.കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിർവഹിച്ചിരിക്കുന്നത്.

 

സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തിൽ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

OTHER SECTIONS