ചിരിക്കാനും ചിന്തിക്കാനും ഓ പി 160/18 കക്ഷി അമ്മിണി പിള്ള : റിവ്യൂ വായിക്കാം.......

By Bindu PP.28 06 2019

imran-azhar

 

 

ഓ പി 160/18 കക്ഷി അമ്മിണി പിള്ളയുടെ ഫയൽ ഇന്ന് തുറന്നപ്പോൾ അകെ പൊല്ലാപ്പാണ്. വിവാഹവും വിവാഹ മോചനവുമെല്ലാം വളരെ സിംപിളായ ഒരു കാലത്തിലൂടെയാണ് നമ്മൾ എല്ലാവരും പോവുന്നത്. ഒരു വിവാഹ മോചനം നടക്കുമ്പോൾ അതിന് കാരണമായ കാര്യങ്ങൾ അന്വേഷിച്ചാൽ അറിയാം എത്ര ബാലിശമായ കാരണങ്ങളായിരിക്കുമെന്ന്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ ആസിഫ് അലി ചിത്രം കക്ഷി അമ്മിണി പിള്ള . വിവാഹ ജീവിതത്തിൽ വില്ലനായി അമിത വണ്ണവും , കൂർക്കം വലിയുമൊക്കെ വില്ലനായി വരുന്ന കേസുകൾ നമുക്കിടയിൽ ഉണ്ടായിട്ടുണ്ടെന്ന് പല വക്കീലുമാർ തുറന്നു പറഞ്ഞിട്ടുണ്ട്. ചിത്രത്തിൽ കക്ഷി അമ്മിണി പിള്ളയുടെ ജീവിതമാണ് പറയുന്നത്. കക്ഷി അമ്മിണി പിള്ളയായി എത്തുന്നത് സാൾട്ട് ആൻഡ് പേപ്പറിലെ കെ ടി മിറാഷ് എത്തുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് തിയേറ്ററിൽ ലഭിച്ചത്. അഹമ്മദ് സിദീഖിനെ സാൾട്ട് ആൻഡ് പേപ്പർ കഴിഞ്ഞതിന് ശേഷം കെ ടി മിറാഷ് എന്നാണ് അറിയപ്പെട്ടിരുന്നത് ഇനി അമ്മിണി പിള്ളയെന്നാകും ഉറപ്പ്.


വിവാഹ മോചനം തമാശയോ ?


ഗൾഫിൽ നിന്ന് വരുന്ന അമ്മിണിപ്പിള്ള എന്ന ഷജിത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാൻ വരുന്ന കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും ആഹ്ളാദങ്ങളോടെയും ബഹളങ്ങളോടെയും ഫ്ലാഷ്ബാക്കിലേക്ക് കടക്കുന്നു. അമ്മിണിയായി കൊഞ്ചിച്ച് കൂട്ടിലിട്ട് വളർത്തിയതിന്റെയും പാലുമാത്രം കുടിച്ചു വളർന്നതിന്റെയും എല്ലാവിധ കുഴപ്പങ്ങളും അമ്മിണിപ്പിള്ളയ്ക്ക് ഉണ്ട്. ജനിച്ച അന്ന് മുതല്‍ വീട്ടുകാരുടെ ചിട്ടപ്പടി വളര്‍ന്ന അമ്മിണി പിള്ളയുടെ വിവാഹവും വീട്ടുകാരുടെ മാത്രം താല്‍പര്യത്തില്‍ നടന്നതാണ്. തന്റെ സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും ഒരു തരത്തിലും ചേരാത്ത തടിച്ചിയായ, തീറ്റ പ്രാന്തിയായ, കൂര്‍ക്കം വലിക്കാരിയായ കാന്തി ശിവദാസനെ ( ഷിബില ) വിവാഹം ചെയ്യേണ്ടി വരുന്ന അമ്മിണി പിള്ളയുടെ മാനസികാവസ്ഥ ചിത്രത്തിൽ മനോഹരമായി കാണിച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം അവളുടെ പല കാര്യങ്ങളിലും അസ്വസ്ഥത ഉണ്ടാക്കുന്ന അമ്മിണി പിള്ള വിവാഹ മോചനം ആവശ്യപ്പെടുന്നു. അതിനെ തുടർന്ന് ഉണ്ടായ പൊല്ലാപ്പുകളെ കോമഡിയുടെ രൂപത്തിൽ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.


വിവാഹ മോചനത്തിന് വേണ്ടി അമ്മിണി പിള്ള പ്രദീപ് മഞ്ഞോടി(ആസിഫ് അലി )യെ ബന്ധപ്പെടുന്നതിനെ തുടർന്ന് രസകരമായി മുന്നേറുന്നത്. ചില വൈകാരിക ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ചിരിക്കാനും ചിന്തിക്കാനുമുണ്ട് . നിസാരക്കാര്യങ്ങൾക്ക് വേണ്ടി വിവാഹ ബന്ധങ്ങൾക്ക് വേണ്ടി വേർപിരിയുന്ന എല്ലാവർക്കും ഈ ചിത്രം ഒരു വലിയ പാഠമാണ്.


പ്രദീപ് മഞ്ഞോടിയുടെ കഥാപാത്രത്തെ എടുത്തു പറയേണ്ട ഒന്നാണ്.രാഷ്ട്രീയ മോഹിയായ, വക്കീല്‍ പ്രദീപ് മഞ്ഞോടിയായി ആസിഫ് അലി എത്തിയപ്പോൾ ഇത്രയും കാലം ഉണ്ടായ ആസിഫ് അലിയുടെ തൊഴിൽ രഹിതനായ ചെറുപ്പക്കാരന്റെ ഇമേജ് മാറിയിട്ടുണ്ട്. പക്വതയാർന്ന സകല ഉഡായിപ്പുകളും അറിയാവുന്ന രാഷ്ട്രീയ നേതാവിന്റെ വേഷം ആസിഫ് അലിയുടെ കൈകളിൽ സുരക്ഷിതമാണ്. കാന്തി ശിവദാസ് ആയി എത്തിയ ഫറ ഷിബ്ലയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. സമൂഹത്തില്‍ നില നില്‍ക്കുന്ന ബോഡി ഷെയ്മിങ്ങിന് ചെവികൊടുക്കാത്ത, താനെന്താണോ അതില്‍ സന്തോഷം കണ്ടെത്തുന്ന കാന്തി, ശാരീരികമായ എന്തെങ്കിലും അസ്വാഭാവികതകള്‍ കൊണ്ട് അപകര്‍ഷതാബോധം അമുഭവിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്നവളാണ്. പ്രദീപ് മഞ്ഞോടിയുടെ ഭാര്യയായി എത്തി എത്തിയ അശ്വതി മനോഹർ നിമിഷയെന്ന കഥാപത്രത്തിൽ ജീവിക്കുകയായിരുന്നു.

 

നർമത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ദിന്‍ജിത്ത് അയ്യത്താന്‍ എന്ന നവാഗത സംവിധായകനെയും മലയാളസിനിമയ്ക്ക് സംഭാവന ചെയ്യുന്നു. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു. ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, അശ്വതി മനോഹരൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്.

OTHER SECTIONS