'മുഖക്കുരുവിന്റെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞാന്‍ പതറിപ്പോയി'; കനിഹ

By online desk.16 10 2019

imran-azhar

 

തെന്നിന്ത്യയിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ താരമാണ് കനിഹ. സ്വന്തം കാഴ്ചപ്പാടും നിലപാടും കൊണ്ട് ആരാധകര്‍ക്കിടയില്‍ പ്രത്യേക സ്ഥാനം തന്നെ കനിഹയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിസ്‌സാര കാര്യങ്ങള്‍ക്ക് പോലും ജീവിതം തകര്‍ന്നുവെന്നു കരുതുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായാണ് കനിഹയെത്തുന്നത്.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടാകില്ലായിരുന്നു. കാരണം അന്നാണ് എനിക്ക് മുന്നില്‍ വില്ലനായി മുഖക്കുരു അവതരിച്ചത്. എന്റെ കവിളുകള്‍ക്ക് ഇരുവശത്തുമായി, മുഖക്കുരുവിന്റെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞാന്‍ പതറിപ്പോയി. പ്രത്യേകിച്ചും ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞു.
ഞാന്‍ വല്ലാതെയങ്ങു തളര്‍ന്നുപോയി. സന്തോഷം ഒരുപാട് ദൂരെയാണെന്ന് ചിന്തിച്ചിരുന്ന നാളുകള്‍. എന്നാല്‍ ഞാന്‍ വളരെ പെട്ടെന്നുതന്നെ ആ മോശം അവസ്ഥയില്‍ നിന്ന് തിരികെയെത്തി. ഞാന്‍ ഇങ്ങനെയാണെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. അതോടെ എന്റെയുള്ളിലേക്ക് അനാവശ്യമായി മാനസിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നത് നിര്‍ത്തി.
എനിക്കറിയാം ഇതുപോലെ നിരവധിപേര്‍ പുറത്തുണ്ട്. ശരീരവണ്ണം കൂടുതലാണ്, ചര്‍മ്മത്തിന് നിറമില്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍. അവരോടൊന്നേ എനിക്ക് പറയാനുള്ളൂ, ബാഹ്യമായ സൗന്ദര്യം ക്ഷണികമാണ്. മനസ്‌സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യം. ഇത് മനസ്‌സിലാക്കി മുന്നോട്ടു പോകുക. ചെറിയ കാര്യങ്ങളില്‍ പോലും ജീവിതം അവസാനിച്ചുവെന്ന് കരുതി സങ്കടപ്പെടാതിരിക്കുക. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കാന്‍ പഠിക്കുക...കനിഹ പറയുന്നു.

 

OTHER SECTIONS