ഈ കെട്ട്യോളും കെട്ടിയോനും മാലാഖ !!! റിവ്യൂ വായിക്കാം

By online desk .01 12 2019

imran-azhar

 

 

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഇത് തികച്ചും ഒരു കുടുംബ ചിത്രമാണ്. കളിയും ചിരിയും ഒപ്പം ചിന്തിക്കാനുള്ള കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. പേരിൽ സൂചിപ്പിച്ച പോലെ ചിത്രത്തിലെ കെട്ട്യോൾ മാലാഖ തന്നെയാണ്. ദാമ്ബത്യത്തിൽ ഉണ്ടാക്കുന്ന ചെറുതെന്ന് വിചാരിക്കുന്ന ഗൗരവമേറിയ വിഷയങ്ങളാണ് ഈ ചിത്രം നമ്മളോട് സംസാരിക്കുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണ് ഓരോ കുടുംബവും. ഈ ചെറിയ ചിത്രം സമൂഹത്തിലെ പല പ്രശ്നങ്ങളെയും ചൂണ്ടികാണിക്കുന്നുണ്ട്. ആസിഫ് അലി എന്ന നടന്റെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരിക്കും ഈ ചിത്രത്തിലേത്.

 

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ കൃഷിയും റബ്ബർ ടാപ്പിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്നൊരു ചെറുപ്പക്കാരനാണ് കടപ്ലാമറ്റം വീട്ടിൽ സ്ലീവാച്ചൻ. അമ്മയും കെട്ടിച്ചുവിട്ട നാലു പെങ്ങമ്മാരും സ്ലീവാചന്റെ ചുറ്റിലുമുണ്ട്. 35 വയസായിട്ടും കല്യാണം കഴിക്കാതെ ഉഴപ്പി നടക്കുന്ന സ്ലീവാച്ചന് ചില സാഹചര്യങ്ങൾക്കൊണ്ട് വിവാഹം കഴിക്കേണ്ടി വരുന്നു. കൃഷിയും ഒപ്പം ഉള്ളവരോട് സ്നേഹയും കരുണയുമെല്ലാമുള്ള ഒരു ചെറുപ്പക്കാരൻ. അമ്മ ഒറ്റക്കാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് സ്ലീവാച്ചൻ വിവാഹത്തിന് ഒരുങ്ങിയത്. അത്രയും കാലം ഒരു പ്രണയമോ പെൺ സുഹൃത്തുക്കളോ ഇല്ലാത്ത സ്ലീവാച്ചന് ഇത് വല്ലാത്തൊരു വേവലാതിയിലേക്ക് എത്തിക്കും.

 

വരനും വധുവും തമ്മിൽ ഒന്ന് പരസ്പരം മിണ്ടിയത് പോലുമില്ലെങ്കിലും വിവാഹം പെട്ടെന്ന് തന്നെ നടക്കുന്നു അങ്കമാലിയിലുള്ള ജിൻസി എന്ന യുവതിയെയാണ് സ്ലീവാച്ചൻ വിവാഹം ചെയ്യുക്ക. അമ്മയോടും പെങ്ങളമാരോടുമല്ലാതെ പെണ്ണുങ്ങളോടൊന്നും ഇടപഴകിയിട്ടില്ലാത്ത സ്ളീവാച്ചന് ഭാര്യയായ റിൻസിയോട് എങ്ങനെ പെരുമാറണമെന്ന് ഊഹം പോലുമില്ലായിരുന്നു. ആ പേടി കാരണം റിൻസിയെ അയാൾ മനപ്പൂർവ്വം ഒഴിവാക്കാൻ നോക്കുന്നു. ഇത് അവരുടെ ബന്ധത്തിൽ തുടക്കത്തിൽ തന്നെ പല പ്രശ്നങ്ങൾക്കും സംശയത്തിനും വഴിവെക്കുന്നു. ദാമ്പത്യബന്ധത്തിലെ ഈഗോയും സംശയരോഗവുമെല്ലാം പലയാവർത്തി സിനിമകൾക്ക് വിഷയമായിട്ടുണ്ട്. ഒപ്പം മാരിറ്റൽ റേപ്പ്, ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകൾ എന്നിവയും ചിത്രം ചൂണ്ടി കാണിക്കുന്നുണ്ട്. ജീവിതം കൈയിൽ നിന്ന് പോവുമെന്ന ഘട്ടത്തിൽ സ്ലീവാച്ചൻ അതിനെ തിരിച്ചു പിടിക്കുന്ന അതി സാഹസികമായ യാത്രയാണ് ചിത്രം മുന്നോട്ട് പറയുന്നത്.

 

നവാഗതനായ നിസ്സാം ബഷീര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. വില്യം ഫ്രാൻസിസിന്റെ സംഗീതം ആയാലും അഭിലാഷിന്റെ കാമറ കണ്ണുകൾ ആയാലും ചിത്രത്തെ മികച്ചതാക്കി മാറ്റിയിട്ടുണ്ട്. അജി പീറ്റർ തങ്കത്തിന്റെ ഒതുക്കമുള്ള തിരക്കഥ നന്നായി അവതരിപ്പിക്കാൻ സംവിധായകൻ സാധിച്ചിട്ടുണ്ട്.നായികയായി അഭിനയിച്ച പുതുമുഖം വീണ നന്ദകുമാറും നല്ല രീതിയിൽ തന്നെ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്‌.റ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോഹരി ജോയ്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ് തുടങ്ങി എല്ലാവരുടെയും കാസ്റ്റിംഗ് കൃത്യമായിരുന്നു.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിച്ച ചിത്രം ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ ചിത്രം. ധൈര്യമായി ടിക്കറ്റ്‌ എടുക്കാം.

 

OTHER SECTIONS