ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ​ഗന്ധർവ ​ഗായകൻ; ശതാഭിഷേകനിറവിൽ യേശുദാസ്

വർഷങ്ങൾക്കിപ്പുറവും തന്റെ ആലാപന ശൈലി കാത്തുസൂക്ഷിക്കുന്ന ഈ ഗാന​ഗന്ധർവന്റെ മധുര ശബ്ദം ഇല്ലാതെ മലയാളിക്കെന്ത് ജീവിതം?

author-image
Greeshma Rakesh
New Update
ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ​ഗന്ധർവ ​ഗായകൻ; ശതാഭിഷേകനിറവിൽ യേശുദാസ്

മലയാളത്തിന്റെ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. ഒരു പിടി മനോഹരഗാനങ്ങൾ, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊണ്ടുള്ള ആലാപനം, എല്ലാത്തിനു ഉപരി അന്നും ഇന്നും എളിമ കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ. പ്രണയവും, വിരഹവും,ദുഃഖവുമെല്ലാം പാട്ടിന്റെ വരികളേക്കാൾ യേശുദാസെന്ന അതുല്യ പ്രതിഭയുടെ ശബ്ദത്തിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടുകൾ. വർഷങ്ങൾക്കിപ്പുറവും തന്റെ ആലാപന ശൈലി കാത്തുസൂക്ഷിക്കുന്ന ഈ ഗാനഗന്ധർവന്റെ മധുര ശബ്ദം ഇല്ലാതെ  മലയാളിക്കെന്ത് ജീവിതം? 

1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമനാണ് യേശുദാസ്. ഇല്ലായ്മകളും കഷ്ടപ്പാടും അറിഞ്ഞുവളർന്നു. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്.

എട്ടാം വയസ്സിൽ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അച്ഛൻ പഠിപ്പിച്ച ഗാന്ധികീർത്തന ആലാപനത്തിലൂടെയാണ്.പിന്നീട് പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.

മുഹമ്മദ് റഫിയുടെ പാട്ടുകളെ ഏറെ ആരാധിച്ചിരുന്ന  കൗമാരക്കാലം. സ്‌കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ യേശുദാസിന്റെ സംഗീതപഠനം തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളെജിലായിരുന്നു.

‘മാപ്പിളയ്‌ക്കെന്ത് സംഗീതം’ എന്ന് പുച്ഛിച്ച അധ്യാപകനോടുള്ള വാശിയാണ് ചെറുപ്രായത്തിൽ സംഗീതം വശത്താക്കാൻ പ്രേരണയായതെന്നും ആകാശവാണിയിലെ ഓഡിഷനിൽ തഴയപ്പെട്ടത് വാശിയോടെ മത്സരിക്കാൻ പ്രചോദനമായെന്നും പിൽക്കാലത്ത് യേശുദാസ് തന്നെ വെളിപ്പെടുത്തിയിരുന്നു.

1961 നവംബർ 14-ന് 21-ാം വയസിൽ കാൽപ്പാടുകൾ എന്ന സിനിമയ്ക്കായാണ്  യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. പനി മൂലം പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ ഗാനത്തിനു പകരം ശ്രീനാരായണഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന നാലുവരി ശ്ലോകം ചൊല്ലി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട്  മലയാള സിനിമാലോകം സാക്ഷ്യം വഹിച്ചത് യേശുദാസിന്റെ നാദവിസ്മയത്തിനായിരുന്നു.

ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എം കെ അർജുനൻ, രവീന്ദ്രൻ, ജോൺസൺ, പി ഭാസ്‌കരൻ, വയലാർ, ഒഎൻവി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പ്രതിഭാധനന്മാരൊരുക്കിയ മികച്ച ഗാനങ്ങളിലേറെയും പാടാൻ കഴിഞ്ഞെന്ന നേട്ടവും യേശുദാസിന് സ്വന്തം. 

 

Malayalam singer birthday kj yesudas