ന്നാ താൻ കേസ് കൊട്; ഇത് കൊള്ളേണ്ടവർക്ക് കൊള്ളും

By santhisenanhs.12 08 2022

imran-azhar

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയ പ്രദർശനം തുടരുകയാണ്.

 

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്

 

ചിത്രത്തിൽ കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ നകിയയ്യായി എത്തിയത്.

 

ഒരിടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്ക് ശുദ്ധഹാസ്യവും ചിരികളും മടങ്ങിവന്നിരിക്കുകയാണ് ന്നാ താന്‍ കേസ് കൊടിലൂടെ. കാസർകോടൻ നാട്ടിന്‍പുറവും സാധാരണ മനുഷ്യരും വളരെ സ്വാഭാവികത്തനിമയുള്ള അഭിനയവുമെല്ലാം ചിത്രത്തെ അനുഭവവേദ്യമാകുന്നുണ്ട്.

 

കോടതിയാണ് ചിത്രത്തിൽ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. എങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.

 

കാസർകോടിന്റെ ഗ്രാമീണഭംഗിയും മനുഷ്യരും ജീവിതവും ഉത്സവവും തെയ്യവും പ്രാദേശിക ഭാഷാമാധുര്യവും സംസ്കാരവും ഒപ്പം അധികാരികൾ കയ്യൊഴിഞ്ഞത്തിന്റെ വികസനമുരടിപ്പുമെല്ലാം ഭംഗിയായി ഛായാഗ്രാഹകൻ ഒപ്പിയെടുത്തിട്ടുണ്ട്.

 

കോടികൾ ചെലവഴിച്ചു നിർമിക്കുന്ന റോഡുകൾ എങ്ങനെ ഒരു മഴക്കാലത്തിനപ്പുറം കുണ്ടും കുഴിയുമാകുന്നു എന്നതിന്റെ പിന്നാമ്പുറ രഹസ്യങ്ങളും ചിത്രം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. രാഷ്ട്രീയക്കാരും അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധവും ഇതിൽ വെളിവാകുന്നു.

 

സിനിമയ്ക്ക് പുറത്തെ യാഥാർഥ്യത്തിലേക്കു വന്നാൽ അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞതിലൂടെ ഭരണാധികാരികളുടെ സ്വസ്ഥതയ്ക്ക് ചെറിയ ഭംഗം ചിത്രം മൂലം സംഭവിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, അവതരണമികവു കൊണ്ടും ആനുകാലിക പ്രസക്തി കൊണ്ടും സിനിമപ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സിനിമയാണ് താന്‍ കേസ് കൊട്.

OTHER SECTIONS