ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് തെളിഞ്ഞു,കാണാന്‍ കുഞ്ഞിക്കയും കുടുംബവും, നാളെ തിയറ്ററുകളിലേക്ക്

By Greeshma padma.11 11 2021

imran-azhar

 

 

സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുറുപ്പ് നാളെ തിയറ്ററുകളില്‍ എത്തുന്നു.പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്നസിനിമയാണ് കുറുപ്പ്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായി എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.


ഇപ്പോഴിതാ, കുറുപ്പിന്റെ ട്രെയിലര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദുല്‍ഖറും കുഞ്ഞു മറിയവും അമാലും മനോഹര കാഴ്ച നേരിട്ടു കാണാന്‍ ദുബായിയില്‍ എത്തിയിരുന്നു. അതിനു പിന്നാലെ ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.


ബുര്‍ജ് ഖലീഫയില്‍ സിനിമയുടെ ട്രെയിലര്‍ തെളിഞ്ഞത് അഭിമാന നിമിഷമാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. താനോ അണിയറ പ്രവര്‍ത്തകരോ ഇത് പ്രതീക്ഷിച്ചിരുന്നതല്ല. ഒരിക്കലും സാധ്യമാകുന്ന ഒന്നാണിതെന്ന് കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.


ഒരു മിനിറ്റ് നാലു സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോയാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദുല്‍ഖറിനൊപ്പം കുടുംബവും സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരും മനോഹര ദൃശ്യം കാണാന്‍ എത്തിയിരുന്നു.


മൂത്തോന്‍ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് കുറുപ്പില്‍ നായികയായി വേഷമിടുന്നത്.


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ കൂടിയായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

 

 

 

 

OTHER SECTIONS