ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലര്‍വാടിക്കൂട്ടം വീണ്ടും വരുന്നു....

By ബിന്ദു .08 02 2019

imran-azhar

 


വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ നീണ്ട ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടു മുട്ടി. സ്‌ക്രീനിൽ ഈ കൂട്ടുക്കാർ വീണ്ടും ഒന്നിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ പ്രാധന്യമുള്ള സിനിമകൂടിയാണ് ഇത്. മലയാളത്തിലേക്ക് നല്ല ഒരുപാട് നടന്മാരെ സമ്മാനിച്ച സിനിമയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. നിവിൻ പോളിയെയും അജു വർഗീസിനെയും മലയാള സിനിമയിലേക്ക് കിട്ടിയത് ഈ ചിത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസൻ ഒരു ഗായകനിലുപരി നല്ല സംവിധായകനെന്ന് തെളിയിച്ച ചിത്രം കൂടിയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് .

 


നിവിൻ പോളി ഉൾപ്പടെ മലയാള സിനിമക്ക് മികച്ച നടൻമാരെ സമ്മാനിച്ച സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയവർ ഇന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് മുന്നേറുകയാണ്. പുതിയ ലുക്കിൽ മലർവാടി ടീമിനെ കണ്ട ത്രില്ലിലാണ് ആരാധകർ.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയില്‍ ഇവർ വീണ്ടും ഒന്നിക്കുന്നുണ്ട്. നയന്‍താരയാണ് ചിത്രത്തിൽ നായിക. റൊമാന്‍റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

ഒരിടവേളയ്ക്കു ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയ നിയമം ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.