മമ്മൂട്ടിയുടെ യാത്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

By BINDU PP.13 Sep, 2018

imran-azhar

 

മെഗാസ്റ്റാർ മമ്മൂട്ടി ആന്ധ്രാപ്രദേശ്‌ മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡിയുടെ കഥ പറയുന്ന ജീവചരിത്രസിനിമ യാത്ര ഡിസംബർ 21 ന് തിയേറ്ററുകളിലേക്കെത്തും. വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനും ആന്ധ്രാപ്രദേശ് നിയമസഭ പ്രതിപക്ഷനേതാവുമായ ജഗൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനമായ ഡിസംബർ 21നാകും യാത്ര റിലീസ് ചെയ്യുക. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടിക്ക്. മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുഗു രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്‌.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.നടൻ കാർത്തിയാണ് ജഗൻമോഹൻ റെഡ്ഡിയായി അഭിനയിക്കുന്നത്.

 


സുഹാസിനി മണിരത്നവും പ്രധാനവേഷത്തിലെത്തുന്നു. മഹി വി.രാഘവ് ആണ് രചന നിർവഹിച്ച് യാത്ര സംവിധാനം ചെയ്തത്. നിയമസഭ പിരിച്ചുവിട്ട് തെലുങ്കാന തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ യാത്ര റിലീസിനെത്തുന്നു എന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുന്നു. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങൾ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല യാത്ര. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്.

OTHER SECTIONS