മമ്മൂട്ടി പൃഥ്വിരാജില്‍ നിന്ന് പഠിക്കണം...!!

By praveen prasannan.18 Dec, 2017

imran-azhar


മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍വതി വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടിക്കെതിരെ മമ്മൂട്ടി ആരാധകരുടെ കൂട്ട ആക്രമണമായിരുന്നു. പാര്‍വതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ തരം താണ പരാമര്‍ശങ്ങളുടെ ആധിക്യം തന്നെ ഉണ്ടായി.

 

നടിയുടെ സാമൂഹ്യമാധ്യമ പേജിലാണ് സഭ്യമല്ലാത്ത രീതിയിലുള്ള പരാമര്‍ശങ്ങള്‍ സഹിതം മമ്മൂട്ടി ആരാധകര്‍ പ്രതികരിച്ചത്.ഈ സാഹചര്യത്തിലാണ് പാര്‍വതിയെ പ്രതിരോധിച്ച് കൊണ്ട് മാധ്യമ രംഗത്ത് നിന്നും ദിവ്യ ദിവാകരന്‍ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നത്.

 

പാര്‍വതിക്കെതിരെ ഇത്തരത്തിലുളള കൂട്ട ആക്രമണമുണ്ടായിട്ടും മൌനം പാലിക്കുന്ന മമ്മൂട്ടിയെയും ദിവ്യ ദിവാകരന്‍ കുറ്റപ്പെടുത്തുന്നു. പാര്‍വതിക്കെതിരെ താങ്കളുടെ ആരാധകര്‍ നടത്തുന്ന അശ്ളീല പരാമര്‍ശങ്ങള്‍ കാണുന്നില്ലേ എന്ന് ചോദിക്കുന്ന ദിവ്യ ഗീതു മോഹന്‍ദാസിനെതിരെയും കസബയുടെ നിര്‍മ്മാതാവടക്കം നിലവാരമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയുടെ മൌനം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത്തരം സൈബര്‍ ഗുണ്ടകളെ നിലന്യ്ക്ക് നിര്‍ത്താന്‍ താങ്കള്‍ക്ക് ധൈര്യമില്ലേ എന്നും ദിവ്യ ദിവാകരന്‍ മമ്മൂട്ടിയോട് ചോദിക്കുന്നുണ്ട്.

 

സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇടയാക്കുന്നത് കണ്ട് ഇനി ഇത്തരം വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് നിലപാടെടുത്തത് ദിവ്യ ദിവാകരന്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടി പൃഥ്വിരാജില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. താങ്കളുടെ മകന്‍റെ പ്രായമേയുള്ളൂ പൃഥ്വിക്ക് എന്ന ഒരു കൊട്ടുമുണ്ട് ദിവ്യയുടെ കുറിപ്പില്‍.

 

കിംഗ് പോലുള്ള ചിത്രങ്ങളില്‍ ""നീ വെറുമൊരു പെണ്ണാണ്'' എന്ന് താങ്കള്‍ പറയുന്നുണ്ട്. അന്ന് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന തനിക്ക് ഈ സംഭാഷണം കേട്ടപ്പോള്‍ വലിയ അപമാനമായി തോന്നിയതായി ദിവ്യ ദിവാകരന്‍ പറയുന്നു. ഇത്തരം സംഭാഷണങ്ങള്‍ സമൂഹത്തെ അപകടകരമാംവിധം സ്വാധീനിക്കും. പ്രത്യേകിച്ചും ആണ്‍കുട്ടികളില്‍ ഇത് സ്വാധീനമുണ്ടാക്കും.

 

താങ്കള്‍ പ്രതികരിക്കാത്ത സ്ത്രീകളെ കണ്ടായിരിക്കും വളര്‍ന്നത്. എന്നാല്‍ സമൂഹത്തിലും സിനിമയിലും സ്ത്രീകള്‍ മാറുകയാണ്. അവര്‍ പ്രതികരിച്ച് തുടങ്ങി. അശ്ളീല പ്രതികരണങ്ങള്‍ വഴി സ്ത്രീകളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്പോള്‍ ചിന്തിക്കുന്നവരില്‍ ഉണ്ടാകുന്ന തോന്നല്‍, താങ്കള്‍ തീരെ ചെറിയ മനുഷ്യനായി പോകുന്നു എന്നാണ്.

OTHER SECTIONS