പ്രേക്ഷകര്‍ ഇതുവരെ മഞ്ജുവാര്യരോട് ചോദിച്ചിട്ടില്ല, ഹൗ ഓള്‍ഡ് ആര്‍ യു?

By RK.10 09 2021

imran-azhar

 

 

ഹൗ ഓള്‍ഡ് ആര്‍ യു? നിരുപമ രാജീവിനോടുള്ള ചോദ്യമാണ്. എന്നാല്‍, മലയാളി ഇപ്പോഴും നിരുപമയായി എത്തിയ മഞ്ജുവാര്യരോട് ഈ ചോദ്യം ചോദിച്ചിട്ടില്ല. എന്നും എപ്പോഴും മഞ്ജു പ്രിയ നടി തന്നെ. ഒന്നു ചിന്തിച്ചുനോക്കൂ, മഞ്ജുവിനെ പോലെ ഒരു നടി ഇതുവരെ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ! ഒട്ടു അതിശയോക്തിയില്ലാതെ പറയാം, ഉണ്ടായിട്ടില്ല!

 

മലയാള സിനിമയില്‍ ഇന്നു വരെ ഒരു സൂപ്പര്‍ താര നടി ഉണ്ടായിട്ടില്ല. ഒരു ആക്ഷന്‍ കഥാപാത്രം പോലും ചെയ്യാനുള്ള അനുവാദം മലയാളി മഞ്ജുവിനു നല്‍കിയിട്ടുണ്ട്. ഇങ്ങനെ മലയാളിയുടെ പ്രിയപ്പെട്ട നടിയാവാന്‍ എന്തു മാജിക്കാണ് മഞ്ജുവിനുള്ളത്?

 

മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലൂടെയാണ് മഞ്ജുവിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. തുടര്‍ന്ന് ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന സല്ലാപം എത്തി. പിന്നീട് മഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

 

ആറാം തമ്പുരാനിലെ ഉണ്ണിമായയെ ഓര്‍മ്മയില്ലേ? ജഗന്നാഥന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുന്ന നല്ല ഉശിരുള്ള പെണ്‍കുട്ടി. എന്തു മനോഹരമായാണ് മഞ്ജു, ഉണ്ണിമായയെ അവതരിപ്പിച്ചത്. ലോഹിതദാസിന്റെ തന്നെ തൂലികയില്‍ ജനിച്ച കന്മദത്തിലെ ഭാനുവിനെ മറക്കുന്നതെങ്ങനെ! കാരിരുമ്പിന്റെ കരുത്തുള്ള ഭാനുവിനെ മഞ്ജു മികച്ചതാക്കി.

 

പത്രത്തിലെ ദേവികയിലും നമ്മള്‍ ഈ മാജിക് കണ്ടു. അത്ഭുതത്തോടെ മാത്രമേ ഈ ചിത്രത്തിലെ പ്രകടനം കണ്ടിരിക്കാനാവൂ. എത്ര കരുത്തോടെയാണ് രണ്‍ജിപണിക്കരുടെ ഈ കഥാപാത്രത്തെ മഞ്ജു ഉള്‍ക്കൊണ്ടത്. സുരേഷ് ഗോപിയുടെ നന്ദഗോപനൊപ്പം തലപ്പൊക്കം ദേവികയ്ക്കും കൈവന്നത് മഞ്ജുവിന്റെ പ്രകടനത്തിന്റെ മികവുകൊണ്ടാണ്.

 

എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള റേഞ്ചാണ് മഞ്ജു എന്ന അഭിനേത്രിയുടെ ശക്തിയും സവിശേഷതയും. കുറുമ്പത്തിയായും പാവം പെണ്ണായും കരുത്തും തന്റേടവുമുള്ള സ്ത്രീയായും പകര്‍ന്നാട്ടം നടത്താന്‍ സവിശേഷമായ സിദ്ധിയുള്ള നടി. ഇതു വെറും പറച്ചിലല്ല, ചൂണ്ടിക്കാട്ടാന്‍ നിരവധി കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

 

സല്ലാപത്തിനു ശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ സംവിധായകരുടെ ആദ്യ ചോയിസായി മഞ്ജു മാറി. മഞ്ജുവിനായി തിരക്കഥകള്‍ രചിച്ചു. ടി കെ രാജീവ് കുമാര്‍ ചിത്രം കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയിലേക്കുള്ള മഞ്ജുവിന്റെ പരകായപ്രവേശം അതിശയിപ്പിക്കുന്നതാണ്. ചിത്രത്തില്‍ മഞ്ജുവിനൊപ്പം തിലകനും ബിജുമേനോനും! പ്രകടനങ്ങളുടെ മാറ്റുരയ്ക്കലായി ഈ ചിത്രം.

 

ഭദ്രയിലൂടെ ദേശീയ പുരസ്‌കാരവും മഞ്ജുവിനെ തേടിയെത്തി. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം തന്നെ അമ്പരപ്പിച്ചതായി അഭിനയ കലയിലെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞിട്ടുണ്ട്. മഞ്ജുവിനൊപ്പം ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ ഏറെ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്!

 

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കുടുംബിനിയുടെ റോളിലേക്ക് മഞ്ജു മാറിയത്. എന്നിട്ടും മലയാളിയുടെ മനസ്സില്‍ മഞ്ജുവിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞില്ല. 14 വര്‍ഷത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് മഞ്ജു നടത്തിയത്. ഒരു പക്ഷേ, മലയാള സിനിമയില്‍ മറ്റൊരു നടിക്കും ഇത്തരത്തിലൊരു മടങ്ങിവരവ് ഉണ്ടായിട്ടില്ല.

 

മഞ്ജുവിന്റെ റീ എന്‍ട്രി, ആദ്യത്തേതിനേക്കാള്‍ മാസ്സും ക്ലാസുമായി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തിളങ്ങാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ മഞ്ജുവിനു സാധിച്ചു. ധനുഷിനൊപ്പം അസുരനിലെ പ്രകടനം അതിഗംഭീരമാക്കി.

 

മഞ്ജുവിനെ ആദ്യം കണ്ടതിനെപ്പറ്റി സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുതുന്നത് ഇങ്ങനെയാണ്.

 

ലോഹിതദാസ് ക്ഷണിച്ചിട്ടാണ് ഞാനന്ന് സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയത്. ഒന്നു തലകാണിച്ച് പോരണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലോഹി പറഞ്ഞു: അവളൊരു മിടുക്കിക്കുട്ടിയാണ്. എന്തു നാച്ചുറലായാണഭിനയിക്കുന്നത്... ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതി.


ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പകര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു.

 

പ്രേക്ഷകര്‍ പറയുന്നതും അതാണ്... എന്തു നാച്ചുറലായാണഭിനയിക്കുന്നത്!!

 

 

 

 

 

 

 

 

 

 

 

OTHER SECTIONS