മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മോഹൻലാലിൻറെ എൻട്രി: ചെക്ക് കൈമാറി

By BINDU PP .14 Aug, 2018

imran-azhar

 

 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലേക്ക് പെട്ടന്ന് മോഹൻലാലിൻറെ എൻട്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്രതാരം മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാർത്ത സമ്മേളത്തിലായിരുന്നു.പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വാർത്ത സമ്മേളനത്തിന്റെ അവസാനമാണ് മോഹൻലാൽ എത്തിയത്. എല്ലാവർക്കും ഇഷ്ടമുള്ളൊരാൾ ഇപ്പോൾ വരുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

പിന്നാലെ നാടകീയമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെയുള്ള എന്‍ട്രി. തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്ന ലൂസി‌ഫറിന്‍റെ സെറ്റില്‍ നിന്നും അതേ രൂപഭാവങ്ങളിലായിരുന്നു വരവ്. മാധ്യമങ്ങളുടെ മുന്നില്‍ തന്നെ ആയിക്കോട്ടെ എന്നുകരുതിയാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞതെന്ന് ചിരിയോടെ മുഖ്യമന്ത്രി മോഹന്‍ലാലിനോട് പറഞ്ഞു. ചെക്കുകള്‍ കൈമാറി മോഹന്‍ലാല്‍ അപ്പോള്‍ തന്നെ മടങ്ങി. മാധ്യമങ്ങളോട് കാര്യമായി പ്രതികരിക്കാതെ താരം മടങ്ങി.


നേരത്തെ മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തുകയും ചെയ്തിരുന്നു.ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ഡൂ ഫോര്‍ കേരള എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.മലയാള ചലചിത്ര താരങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്.