റിലീസിനു മുമ്പ് 100 കോടി ക്ലബില്‍, ലോകമെമ്പാടും 4000 സ്‌ക്രീനുകളില്‍, റെക്കോഡുകള്‍ തകര്‍ത്ത് മരക്കാറിന്റെ പടയോട്ടം

By RK.01 12 2021

imran-azhar

 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ പ്രദര്‍ശനത്തിന് എത്തുന്നു. റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞാണ് മരക്കാറിന്റെ പടയോട്ടം തുടങ്ങുന്നത്. റിലീസിന് മുന്‍പ് തന്നെ മരക്കാര്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടി. ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെയാണ് ചിത്രം 100 കോടി നേടി കലക്ട് ചെയ്തത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച ദിവസം മുതല്‍ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാര്‍.

 

ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് ദിവസേന 16,000 ഷോകളാണ്. മരക്കാര്‍ സൃഷ്ടിച്ച മറ്റൊരു റെക്കോര്‍ഡാണിത്. അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.

 

കേരളത്തില്‍ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതില്‍ 626 സ്‌ക്രീനുകളിലും മരക്കാര്‍ എത്തുന്നു. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നത് ഇത് ആദ്യമാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളില്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

 

രണ്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മരക്കാരുടെ വരവ്. കഴിഞ്ഞ വര്‍ഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍.

 

കുഞ്ഞാലി മരയ്ക്കാറെ തന്റേതായ രീതിയില്‍ കാണുന്ന ചിത്രമാണ് മരക്കാറെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഇത് പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാറാണ്. ബ്രിട്ടീഷുകാര്‍ കടല്‍ക്കൊള്ളക്കാരനായി മാത്രം അവതരിപ്പിച്ച വീരനായകന്റെ യഥാര്‍ത്ഥ കഥ പറയാനുള്ള ശ്രമമാണ്. മരയ്ക്കാറിന്റെ ജീവിതത്തോട് പരമാവധി നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

 

മരയ്ക്കാര്‍ ഒരു എന്റര്‍ടെയ്‌നറാണ്. സാധാരണ സിനിമ റിലീസാകുമ്പോള്‍ വലിയ ടെന്‍ഷനുണ്ടാകാറുണ്ട്. കിലുക്കം പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ പോലും റിലീസാകുന്ന സമയത്തുപോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. ആ ഭയമില്ലാതെ റിലീസ് ചെയ്ത ഏകചിത്രം ചിത്രം' ആണ്. അതിനുശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ചിത്രമാണ് മരയ്ക്കാറെന്നും മാസ്റ്റര്‍ ഡയറക്ടര്‍ പറഞ്ഞു.

 

മരക്കാര്‍ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

 

സാബു സിറിലാണ് കലാ സംവിധായകന്‍. തമിഴ് ക്യാമറാമാന്‍ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുല്‍ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേല്‍ ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

 

 

 

 

OTHER SECTIONS