ടൊറോന്റോ വേൾഡ് പ്രീമിയറിൽ താരമായി മൂത്തോൻ

By online desk.13 09 2019

imran-azhar

 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ 'മൂത്തോന്‍' സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

 

ടൊറന്റോയില്‍ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോനെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ ചിത്രത്തിന് വേണ്ടി നടത്തിയിരുന്നെന്നും നിവിന്‍ പോളി പ്രീമിയറിന് മുന്‍പ് പറഞ്ഞിരുന്നു. മൂത്തോന്റെ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ തന്റെ സ്വപ്നസാക്ഷാത്കമാരമാണെന്നായിരുന്നു നിവിന്‍ പോളി പറഞ്ഞത്.

 

നിവിന്‍പോളിയുടെ അവിശ്വസീനീയ പ്രകടനമാണ് ചിത്രത്തില്‍ കണ്ടതെന്നും അദ്ദേഹത്തിന് ഒരു ദേശീയ അവാര്‍ഡ് തന്നെ പ്രതീക്ഷിക്കുന്നെന്നുമാണ് സുനില്‍ എസ് എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്. സിനിമ ഗംഭീരമാണെന്നും സിനിമയോട് ഗീതു മോഹന്‍ദാസ് പുലര്‍ത്തിയ സ്നേഹം പ്രേക്ഷകന് അടുത്തറിയാന്‍ സാധിക്കുമെന്നാണ് സന്ദ്രിത എന്ന പ്രേക്ഷക കുറിച്ചത്. നിവിന്‍പോളിയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ചിത്രമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

 

തന്റെ സഹോദരനെ അന്വേഷിച്ച് ലക്ഷദ്വീപില്‍ നിന്ന് മുംബൈലേക്ക് യാത്ര തിരിക്കുന്ന മുല്ല എന്ന യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുംബൈയില്‍ എത്തുന്ന മുല്ല, അക്ബര്‍ എന്ന ഗുണ്ടയുടെ കയ്യില്‍ അകപ്പെടുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.
മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും നിര്‍മ്മാണത്തിലും പങ്കാളിയാണ്.

 

OTHER SECTIONS