മുരളി അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒൻപതാണ്ട്

By BINDU PP .06 Aug, 2018

imran-azhar

 

 

താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാത്ത പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്‍, മുരളിയുടെ ഓര്‍മകള്‍ക്ക് ആഗസ്റ്റ് ആറിന് ഒൺപതാണ്ട് .കരുത്തും ലാളിത്യവും വികാരവും നിറഞ്ഞ അഭിനയത്തിലൂടെ മുരളി നായക, വില്ലന്‍ കഥാപാത്രങ്ങളെ അതുവരയില്ലാത്ത തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 2009 ആഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുരളി മരിച്ചത്.മലായാളത്തിലും തമിഴിലും തെലുങ്കിലും ഇരുന്നൂറ്റിയമ്പതോളം സിനിമയിലഭിനയിച്ച മുരളി അഞ്ച് സംസ്ഥാന അവാര്‍ഡുകളും നെയ്ത്തുകാരനിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടി. അഭിനയത്തിന്റെ സമവാക്യങ്ങള്‍ എല്ലാം മാറ്റിമറിച്ചുകൊണ്ടാണ് മുരളി നല്ല സിനിമകളുടെ പര്യായമായി മാറിയത്. നാടകത്തില്‍ നിന്ന് ചലച്ചിത്ര രംഗത്തേയ്‌ക്കെത്തിയ മുരളിയുടെ വളര്‍ച്ച മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടെയാണ്. ഇന്ന് കൊട്ടാരക്കര കുടവട്ടൂർ ഹരിസദനത്തിൽ മുരളിയുടെ ഓർമകളുമായി അച്ഛൻ പി. കൃഷ്ണപിള്ള ജീവിക്കുന്നു. അഭിനയമല്ല ജീവിതമാണ് സിനിമയുടെ കാതലെന്ന് മുരളി എന്ന പച്ച മനുഷ്യൻ പറയുമായിരുന്നെന്ന് മുരളിയുടെ അച്ഛൻ കണ്ണീരിൽ കുതിർന്ന് പറയുന്നു. ഓരോ ഓണവും മുരളി എന്ന നടനേക്കാൾ അപ്പുറം തന്റെ മകനായുള്ള ഓർമ്മകളാണ് തന്നെ തഴുകി വരുന്നതെന്ന് അദ്ദേഹം പറയുന്നു.

 


മുരളി എന്ന നടനിലൂടെ....

 

1954 ല്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്ത് കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച മുരളി, ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ വേദിയിലെത്തുന്നത്.പക്ഷെ ഞാറ്റുവേള റിലീസ് ആയില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുരിചിതനാക്കി. അരവിന്ദന്റെ ചിദംബരം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മുരളി എന്ന അഭിനയപ്രതിഭയെ പ്രശസ്തിയിലേക്ക് കൈപിടിച്ചുയര്‍ത്തി.1992 ല്‍ ലോഹിതദാസിന്റെ തിരകഥയില്‍ ജോര്‍ജ് കിത്തു അണിയിച്ചൊരുക്കിയ ആധാരം എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാന അവാര്‍ഡെത്തി.2002 ല്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എത്തി. നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.സി പി എം സ്ഥാനാര്‍ത്ഥിയായി 1999 ല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചെങ്കിലും വി എം സുധീരനോട് പരാജയപ്പെട്ട മുരളി രാഷ്ട്രീയ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.അവസാന നാളുകളില്‍ സംസ്ഥാന സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. 2009 ഓഗസ്റ്റ് ആറിന് അഭിനയത്തിന്റെ എല്ലാ വേഷങ്ങളും അഴിച്ചുവെച്ച് ആ അനശ്വര പ്രതിഭ അരങ്ങൊഴിഞ്ഞു.

OTHER SECTIONS