സിനിമയില്‍ ഞാന്‍ എന്നെ ഒരു പുതുമുഖമായിട്ടാണ് കണക്കാക്കുന്നതെന്ന് നദിയാ മൊയ്തു

By Ambily chandrasekharan.09 Feb, 2018

imran-azhar

 

സിനിമാലോകത്തില്‍ പുതുമുഖങ്ങളുടെ വളര്‍ച്ച കൂടിവരുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്കെത്തുമ്പോള്‍ അതും മോഹലാലിന്റെ നായികായായി തിരിച്ചുവന്നപ്പോഴുളള സന്തോഷത്തില്‍ സിനിമയില്‍ താന്‍ തന്നെ ഒരു പുതുമുഖമായിട്ടാണ് കണക്കാക്കുന്നത് നടി നദിയാ മൊയ്തു പറഞ്ഞു. മറ്റുള്ളവര്‍ നോക്കുമ്പോള്‍ സിനിമയില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ് ഞാന്‍. എന്നാല്‍ എന്നെ തന്നെ ഒരു പുതുമുഖമായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ സമകാലീനരെ വച്ചു നോക്കുമ്പോള്‍ 52 ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ഞാന്‍ സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്..നദിയാ കൂട്ടിച്ചേര്‍ത്തു.

നീണ്ട ഇടവേളക്ക് ശേഷം നീരാളിയിലൂടെ മോഹന്‍ലാലിന്റെ നായികയാകുന്നതിന്റെ സന്തോഷം ഒരു ദേശീയ മാധ്യമത്തോട് പങ്കുവയ്ക്കുന്ന വേളയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.. എല്ലാം പെട്ടെന്നായിരുന്നു. അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യമാണിത്. ചെന്നെയിലേക്കുള്ള യാത്രയില്‍ വച്ചാണ് ലാലിന്റെ നായികയാകാന്‍ പറ്റുമോ എന്നു ചോദ്യം. കേട്ടതും വളരെയധികം സന്തോഷമായിരുന്നു മനസില്‍. പക്ഷെ മറുപടിയാണെങ്കില്‍ എത്രയും പെട്ടെന്ന് കൊടുക്കണമായിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ ഞാന്‍ ഉടന്‍ മുംബൈയിലേക്ക് പറന്നു. അവിടെ ചെന്ന് തിരക്കഥ വായിച്ച് അപ്പോള്‍ തന്നെ സമ്മതം മൂളുകയും ചെയ്തു.


ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പോരാത്തതിന് എന്റെ ഹോം ടൗണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം നടക്കുന്നതും. സംവിധായകന്‍ അജോയ് വര്‍മ്മയും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലുംമാകട്ടെ മുംബൈക്കാര്‍ തന്നെ. ഇവരോടൊപ്പം ചേരുന്നത് തീര്‍ച്ചയായും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് നദിയാ പറഞ്ഞു. ലാലേട്ടന്‍ എന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു. ഞങ്ങള്‍ അടിക്കടി കണ്ടുമുട്ടുകയോ, ഫോണിലും മറ്റും സംസാരിക്കുന്നവരൊന്നുമല്ല. പക്ഷേ ഇന്നേവരെ കാണുമ്പോഴെല്ലാം ഒരിക്കലും ഒരു അകല്‍ച്ചയും തോന്നാറുമില്ല, നമ്മുടെ ഏറ്റവും അടുത്തയാളെ പോലെ പെരുമാറുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാള്‍.അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് തന്നെ ഞാന്‍ ഒരു പ്രിവിലേജ് ആയിട്ടാണ്കാണുന്നത്. അദ്ദേഹത്തിന്റെ അഭിനയമാണെങ്ഖിലോ അതും കണ്ടുകൊണ്ടിരിക്കാന്‍ തന്നെ വലിയ രസമാണ്.