പ്രകൃതിയെ പ്രണയിച്ച് ജീവിച്ചവരുടെ നല്ല വിശേഷം: നല്ല വിശേഷം റിവ്യൂ...

By Sooraj Surendran .25 01 2019

imran-azhar

 

 

പ്രകൃതിയെ പ്രണയിച്ച് ജീവിച്ച ഒരുകൂട്ടം ഗ്രാമവാസികളുടെ കഥ പറയുന്ന ചിത്രമാണ് അജിതൻ സംവിധാനം ചെയ്ത നല്ല വിശേഷം എന്ന ചിത്രം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരികമായ ആത്മബന്ധം ചിത്രത്തിലുടനീളം കാണാൻ സാധിക്കുന്നു. ഏച്ചുകെട്ടുകളില്ലാതെ പാലക്കാടിന്റെ പ്രകൃതി ഭംഗിയുടെ തനിമ ഒട്ടും ചോരാതെ പ്രേക്ഷകന് മുന്നിലെത്തിക്കാൻ ക്യാമറാമാൻ നൂറുദീൻ ബാവക്ക് സാധിച്ചുവെന്ന് നിസംശയം പറയാം. ആഡംബരത്തിന് പുറകെ പോകുന്ന ആധുനിക സമൂഹത്തിന് തികച്ചും അനിവാര്യമായ സിനിമയാണ് നല്ല വിശേഷം. വയലുകളും, നെൽ പാടങ്ങളും നികത്തി മണിമാളികകൾ കെട്ടിപ്പടുക്കുന്ന പരിഷ്‌കൃത സമൂഹത്തിനൊരു താക്കീത് കൂടിയാണ് നല്ല വിശേഷം എന്ന സിനിമ. ജലം ജീവനാണ് എന്ന പ്രകൃതിബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം ഈ ചിത്രത്തിലൂടെ പ്രേക്ഷകന് നൽകുന്നു. ചിത്രത്തിൽ ശ്രീജി ഗോപിനാഥന്റെ അഭിനയം പലപ്പോഴും പുതുമയാർന്നതായി ആസ്വാദകന് കാണാനാകില്ല. അജിതന്റെ സംവിധാന മികവ് ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്. പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പാലക്കാടിന്റെ ദൃശ്യ ഭംഗിക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ്ങിൽ സുജിത് സഹദേവന് സംഭവിച്ച പിഴവുകൾ മാറ്റി നിർത്തിയാൽ ഒരു പ്രത്യേക അനുഭവമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി സുഗമമായി കടന്നുപോയെങ്കിൽ രണ്ടാം പകുതി എന്നെന്നും ഒരു സിനിമ ആസ്വാദകന്റെ മനസ്സിൽ തങ്ങിനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

OTHER SECTIONS