അഭിനയത്തിന്റെ കൊടുമുടി, കമല്‍ഹാസന്റെ ഇഷ്ട നടന്‍

By RK.11 10 2021

imran-azhar

 

ബഹുമുഖ പ്രതിഭ എന്ന വിശേഷണം പലപ്പോഴും ആലങ്കാരികമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, നെടുമുടി വേണു ഈ വിശേഷണത്തിന് തികച്ചും അനുയോജ്യനാണ്. ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു ഉലകനായകന്‍ കമല്‍ഹാസന്‍, നെടുമുടി വേണുവിന്റെ ആരാധകനാണ്. നെടുമുടിക്കാരന്‍ വേണുഗോപാലിന്റെ പ്രതിഭയുടെ മാറ്ററിയാന്‍ ഇതിനേക്കാള്‍ മറ്റൊരു ഉദാഹരണം വേണ്ട. കൊടുമുടി വേണു എന്നാണ് കമല്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അഭിനയത്തിന്റെ, പ്രതിഭയുടെ കൊടുമുടിയായിരുന്നു നെടുമുടി വേണു.

 

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്ന വേണു ജനിച്ചത്.

 

നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് നെടുമുടി വേണു സജീവമായത്.

 

കോളജ് പഠനകാലത്തുതന്നെ തോപ്പില്‍ ഭാസിയുടെ ഒരു സുന്ദരിയുടെ കഥ എന്ന സിനിമയില്‍ മുഖം കാണിച്ചു.

 

കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ടതാണ് വേണുവിന്റെ കലാജീവിതത്തിലെ വഴിത്തിരിവ്. കാവാലത്തിന്റെ നാടകസംഘത്തില്‍ സജീവമായി. അവനവന്‍ കടമ്പ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചു. ഇക്കാലത്ത് കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ജോലിനോക്കി.

 

അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവരുമായുള്ള സൗഹൃദമാണ് വേണുവിനെ സിനിമയില്‍ എത്തിച്ചത്. 1978 ല്‍ അരവിന്ദന്റെ തമ്പിലൂടെയാണ് സിനിമയില്‍ സജീവമായി. ഭരതന്റെ ആരവം, തകരം തുടങ്ങിയ സിനിമകള്‍ വേണുവിനെ സിനിമയില്‍ തിരക്കുള്ള നടനാക്കി.

 

കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

 

ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, വിടപറയുംമുമ്പേ, യവനിക, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, തമിഴ് ചിത്രങ്ങളായ ഇന്ത്യന്‍, അന്യന്‍ തുടങ്ങി നെടുമുടി വേണുവിന്റെ അഭിനയപ്രതിഭ തിളങ്ങിയ സിനിമകളുടെ പട്ടിക നീളുന്നു.

 

 

 

 

 

OTHER SECTIONS