'സണ്ണി ജോർജ്' റെഡിയാണ്; നീരാളി നാളെ തീയറ്ററുകളിൽ റിലീസ് ചെയ്യും

By Sooraj S.12 Jul, 2018

imran-azhar

 

 

ആരാധകരും മലയാള സിനിമാ പ്രേമികളും ആവേശരവങ്ങളോടെ കാത്തിരിക്കുകയാണ് സണ്ണി ജോർജിന്റെ വരവിനായി. 2018ലെ മോഹൻലാലിൻറെ ആദ്യ സിനിമയാണ് നീരാളി. തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നീരാളി പ്രേക്ഷക മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടികഴിഞ്ഞിരിക്കുകയാണ്. നീരാളി ഇന്നാണ് വേൾഡ് വൈഡായി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് ജൂലൈ 13 വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

 

ഒരു നീണ്ട ഇടവേളക്ക് ശേഷം താര ജോഡികളായ നാദിയ മൊയ്തുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നീരാളി. നീരാളിയുടെ ടീസറിനും ട്രെയിലറിനും എന്തിനേറെ പോസ്റ്ററുകൾക്കും വളരെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയകളിലും പ്രേക്ഷകർക്കിടയിലും ലഭിച്ചത്. ഒരു ചിത്രത്തിന് റിലീസ് ചെയ്യുന്നതിന് മുൻപ് പ്രേക്ഷകർക്കിടയിൽ എന്തുമാത്രം സ്വാധീനം ചെലുത്താനാകും എന്നതിന് ഉത്തമോദാഹരണമാണ് നീരാളി.നീരാളിയിലെ ഗാനങ്ങളും വളരെയധികം ശ്രദ്ധേയമായിരിക്കുകയാണ്.സ്റ്റീഫൻ ദേവസ്യയുടെ കമ്പോസിങ്ങിൽ ശിവമണിയുടെ കലാവിരുതും എം ജി ശ്രീകുമാറിന്റെ ആലാപന മികവും കൂടി ചേർന്നാലോ? 'കണ്ണാണെ കണ്ണാളാണെ' എന്ന് തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ ആലപിച്ച 'അഴകേ അഴകേ' എന്ന് തുടങ്ങുന്ന ഗാനവും നല്ല ജനപ്രീതി നേടിയിരിക്കുകയാണ്.

 

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ജൂലൈ 13ന് റിലീസ് ചെയ്യുന്നത്. മോഹൻലാലിൻറെ പുതുമയാർന്ന സ്റ്റൈലിഷ് ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഗ്രാഫിക്സിന് പ്രാധാന്യം നൽകികൊണ്ട് സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു അടിപൊളി സസ്പെൻസ് ത്രില്ലർ ഡ്രാമാ മൂവിയായ നീരാളിയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അജോയ് വർമ്മയാണ്. സുരാജ് വെഞ്ഞാറമൂട്,ദിലീഷ് പോത്തൻ, പാർവ്വതി നായർ, സായികുമാർ,ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

OTHER SECTIONS