തിരിച്ചറിവുകളുടെ പതിനെട്ടാം പടി

By mathew.05 07 2019

imran-azhar

രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്ത് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'കേരള കഫേ' യിലൂടെയായിരുന്നു മലയാള സിനിമനയിലേക്കുള്ള ശങ്കര്‍ രാമകൃഷ്ണന്റെ അരങ്ങേറ്റം. 'ഐലന്റ് എക്‌സ്പ്രസ്' എന്ന ഹ്രസ്വചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്താണ് ശങ്കര്‍ രാമകൃഷ്ണന്‍ മലയാള സിനിമയിലേക്കുള്ള വരവറിയിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം തിരക്കഥയില്‍ 'പതിനെട്ടാം പടി' എന്ന ചിത്രവുമായി ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. 'ഉറുമി', 'നെത്തോലി ഒരു ചെറിയ മീനല്ല', 'മൈ സ്‌റ്റോറി' മുതലായ ശ്രദ്ധേയ ചിത്രങ്ങള്‍ ഇതിനിടെ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നെങ്കിലും, സംവിധായകന്‍ എന്ന തലത്തിലുള്ള അദ്ദേഹത്തിന്റെ ക്രാഫ്റ്റ് എല്ലാ അര്‍ഥത്തിലും ആസ്വദിക്കാന്‍ മലയാളികള്‍ കാത്തിരുന്നത് പത്ത് വര്‍ഷമാണ്. ആ കാത്തിരിപ്പ് തെല്ലും പാഴായിട്ടില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു പതിനെട്ടാം പടിയുടെ ആദ്യ ഷോയ്ക്കിടെയും അവസാനവും തിയേറ്ററില്‍ മുഴങ്ങിയ ആരവവും കയ്യടികളും.

പതിനെട്ടാം പടി ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്‌കൂള്‍ ജീവിതക്കാലം ആടിത്തിമിര്‍ത്തവര്‍ക്കും കഴിഞ്ഞുപോയ ആ കാലത്തെക്കുറിച്ചോര്‍ത്ത് ഇന്നും നൊമ്പരപ്പെടുന്നവര്‍ക്കുമൊക്കെയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍. സിനിമ കണ്ടിരിക്കുന്ന ഓരോ നിമിഷവും നമ്മളോരോരുത്തരിലുമുള്ള ആ കുട്ടി, സ്‌കൂള്‍ യൂണിഫോമിട്ട് ആ പഴയ സ്‌കൂള്‍ വരാന്തയിലൂടെ ഓടിനടക്കും. തല്ല് കൊള്ളാനും കൊടുക്കാനുമൊക്കെ സ്ഥലക്കാല ബോധം പോലുമില്ലാതെ കൂടെ നിന്ന സൗഹൃദങ്ങളും, അലമ്പ് എന്ന വാക്കിനര്‍ഥം പോലും അറിയാതിരുന്ന പ്രായത്തിലും അത് ചെയ്യാനുള്ള എല്ലാ സ്വാതന്ത്യവും കനിഞ്ഞു നല്‍കിയ ചില അധ്യാപകരുമൊക്കെ നിമിഷാര്‍ഥത്തിനുള്ളില്‍ നമ്മുടെ ഉള്ളിലൂടെ മിന്നിമറയും. കാരണം, ഓര്‍ത്തെടുക്കാന്‍ അത്തരത്തിലുള്ള ഒരു ഓര്‍മ്മ പോലും ഇല്ലാത്തവര്‍ നമ്മുടെയൊക്കെയിടയില്‍ വിരളമായിരിക്കും. അത്രമേല്‍ ശക്തമാണ് സിനിമ പകരുന്ന ഉണര്‍വ്വും ഉന്മേഷവും.

തിരുവനന്തപുരം നഗരത്തിലെ രണ്ട് പ്രധാന സ്‌കൂളുകളിലെ കുട്ടികള്‍ക്കിടെയില്‍, അവിടുത്തെ കൂട്ടുകാര്‍ക്കിടെയില്‍ ഉള്ളതും ഉണ്ടാവുന്നതുമായ സൗഹൃദത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പാവപ്പെട്ടവന്റെ മക്കള്‍ മാത്രം പഠിക്കുന്ന മോഡല്‍ സ്‌കൂളും, പണക്കാരന്റെ മക്കള്‍ മാത്രമുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളും. എന്തിനും ഏതിനും തമ്മില്‍ മത്സരിക്കുന്ന, എതിരെ നില്‍ക്കുന്നവനെ വീഴ്ത്തണമെന്ന മനസ്സോടെ മാത്രം പോരിനിറങ്ങുന്നവര്‍ക്കിടെയില്‍ പിന്നീടുണ്ടാവുന്ന സൗഹൃദവും അതിനിടെ സ്വന്തം അനുഭവങ്ങളിലൂടെ അവരറിയുന്ന, മനസ്സിലാക്കുന്ന കാര്യങ്ങളിലുമാണ് സിനിമയുടെ ആത്മാവ്. ഓരോരുത്തര്‍ക്കും, തിരുവനന്തപുരം നഗരത്തില്‍ പഠിച്ചുവളര്‍ന്നവര്‍ക്ക് പ്രത്യേകിച്ചും കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപശ്ചാത്തലവും കൂടിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിലനിന്നു പോരുന്ന വിദ്യാഭ്യാസ രീതിയുടെ പോരായ്മകളും അതിനുള്ള മറുമരുന്നെന്നോണമുള്ളൊരു പ്രതിവിധിയും ഒക്കെ ചിത്രം മുന്നോട്ടുവെക്കുന്നു.

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് തിരുവനന്തപുരം നഗരത്തിലെ രണ്ട് സ്‌കൂളുകളിലെ കുട്ടികളുടെ ജീവിതം ശങ്കര്‍ രാമകൃഷ്ണന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിടുന്നത്. രണ്ട് സ്‌കൂളുകളുകള്‍ക്കുമുള്ള അവരുടേതായ ഗ്യാങ്ങുകളിലൂടെ മലയാള സിനിമാ പ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത് കഴിവുറ്റ ഒരു കൂട്ടം ചെറുപ്പക്കാരെയാണ്. അശ്വിന്റെയും അയ്യപ്പന്റെയുമൊക്കെ ബാല്യകാലം അവതരിപ്പിച്ച അശ്വിന്‍ ഗോപിനാഥും, അക്ഷയ് രാധാകൃഷ്ണനും, ആറ്റുകാല്‍ സുരനായെത്തിയ അമ്പിയുമൊക്കെ മലയാള സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാവുമെന്നുള്ളത് സംശയമില്ലാത്ത കാര്യം തന്നെയാണ്. ഇവരുടെയൊക്കെ ഒപ്പമെത്തിയ ആര്യയും, പ്രിയാമണിയും, അഹാനയും, മണിയന്‍പിള്ള രാജുവും, ചന്ദുനാഥും, ലാലു അലക്‌സും, മനോജ് കെ ജയനുമൊക്കെ തങ്ങളുടെ ജോലി ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും കുട്ടിക്കാലം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത അഭിനേതാക്കളൊക്കെയും കൃത്യമായി തന്നെ തങ്ങളുടെ ഭാഗം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇവരുടെയൊക്കെയൊക്കെ ഒപ്പം ക്യാമിയോ റോളില്‍ അശ്വിന്‍ വാസുദേവായെത്തിയ പൃഥിരാജും, എക്‌സ്റ്റെന്‍ഡഡ് ക്യാമിയോ എന്ന് വിശേഷിപ്പിക്കാന്‍ പാകത്തില്‍ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന വേഷത്തിലെത്തിയ മമ്മൂട്ടിയും ഒക്കെ തിയേറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകരുടെ ഉള്ളില്‍ തങ്ങിനില്‍ക്കും.

സുദീപ് ഇളമണിന്റെ ഫ്രെയിമുകള്‍ സിനിമയ്ക്ക് പകര്‍ന്ന ദൃശ്യഭംഗിയൊക്കെ സിനിമയോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നവയാണ്. ജോണ്‍ എബ്രഹാം പാലയ്ക്കലിനെ ആ ഫ്രെയിമുകള്‍ കൂടുതല്‍ മനോഹരമാക്കിയതാണോ അതോ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ ആ ഫ്രെയിമുകളെ കൂടുതല്‍ മനോഹരമാക്കിയതാണോയെന്ന് വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്ത തരത്തില്‍ മികച്ചതാണ് മമ്മൂട്ടി എന്ന നടന്‍ ഫ്രെയിമിലെത്തുന്ന ഓരോ ഷോട്ടുകളും. എ.എച്ച് കാഷിഫിന്റെ സംഗീതവും ഭുവന്‍ ശ്രീനിവാസന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗവും താളവും കൃത്യമായി തന്നെ പ്രേക്ഷകരിലേക്കെത്തിച്ചിട്ടുണ്ട്.

ഒരു സിനിമാറ്റിക് ദൃശ്യാനുഭവം പ്രതീക്ഷിച്ച് തിയേറ്ററിലേക്കെത്തുന്ന സിനിമാസ്വാദകനെ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തുന്നതാണ് പതിനെട്ടാം പടി. ആ ദൃശ്യാനുഭവത്തോടൊപ്പം വ്യക്തമായൊരു സന്ദേശം കൂടി പകരുന്നുണ്ട് ചിത്രം. ചിത്രത്തിന് ഇത്രമേല്‍ യോജിക്കുന്ന മറ്റൊരു ടൈറ്റിലും കണ്ടെത്തുക ചിലപ്പോള്‍ പ്രയാസമായിരിക്കും. അതിന്റെ കാര്യകാരണങ്ങള്‍ ചിത്രം കണ്ട് തന്നെ മനസ്സിലാക്കണം. ഏതായാലും, സ്‌കൂള്‍ ജീവിതത്തിന്റെ സുഖവും നോവുമുള്ള ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളേയും പതിനെട്ടാം പടി നിരാശപ്പെടുത്തില്ല.

OTHER SECTIONS