സംഗീതം ഈ ജീവിതം; പട്ടം സനിതിന്റെ പാട്ടുവഴികളിലൂടെ

By Web Desk.19 07 2021

imran-azhar

 

 


സൂരജ് സുരേന്ദ്രന്‍

 


ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരന്‍. ബാങ്കിലെ ഉദ്യോഗത്തിനിടയിലും സംഗീതത്തെ നെഞ്ചോടുചേര്‍ത്ത കലാകാരന്‍. ലൗ ലാന്‍ഡ്, ഏഴുവര്‍ണങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ നിറവസന്തം തീര്‍ത്ത ഗായകന്‍, പട്ടം സനിതിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു പ്രമുഖ ബാങ്കിലെ മാനേജരാണ് പട്ടം സനിത്. ഇന്ത്യയിലും വിദേശത്തുമായി 1000ലേറെ സ്റ്റേജുകളില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം സനിത് പാടിയിട്ടുണ്ട്. സംഗീത ചക്രവര്‍ത്തി ജി.ദേവരാജന്റെ ശിഷ്യനാണ് പട്ടം സനിത്ത്. ഒ.എന്‍.വി കുറുപ്പിന്റെ രചനയില്‍ ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി തരംഗിണി പുറത്തിറക്കിയ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. തിരുവനന്തപുരം പട്ടം സ്വദേശിയായ സനിത് പ്രസിദ്ധ സംഗീത തറവാടായ ഇടവാങ്കോട് കുടുംബാംഗമാണ്. അമ്മ സരോജിനിയും അച്ഛന്‍ രാമസ്വാമിയും ഗായകരായിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനവും സനിതിന് സംഗീതത്തോട് അടുക്കാന്‍ ഊര്‍ജം നല്‍കി.

 

പാട്ടുവഴിയിലൂടെ

 

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴേ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്നു. സ്‌കൂള്‍ തലത്തില്‍ നടന്ന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടി. സ്‌കൂള്‍ തലത്തില്‍ അക്കാഡമിക് കൗണ്‍സില്‍ ആദ്യമായി മത്സരം തുടങ്ങുമ്പോള്‍ സനിത് പങ്കെടുത്തു. ബാലകലോത്സവങ്ങളില്‍ സമ്മാനങ്ങളും നേടിയിരുന്നു. 1989ല്‍ പാലക്കാട് മലമ്പുഴയില്‍ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഒഎന്‍വി കുറുപ്പ് രചിച്ച, ജി.ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഗാനത്തിന് ഒന്നാം സമ്മാനവും ലഭിച്ചു. വളരെ ചുരുങ്ങിയ കാലയളവ് മാത്രമേ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളു. 20 വര്‍ഷമായി ബാങ്ക് ഉദ്യോഗസ്ഥനാണ് സനിത്. ആദ്യകാലത്ത് തന്നെ സിനിമയില്‍ പിന്നണി പാടണമെന്ന് സനിത് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയി. സ്ഥിരമായി ഒരു തൊഴില്‍ കണ്ടെത്താതെ വെറുതെ പാടാന്‍ അവസരം തേടി നടക്കുന്നതില്‍ കാര്യമില്ലെന്ന അമ്മയുടെ ഉപദേശം ഒരു ജോലി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കാരണമായി. അങ്ങനെയാണ് സനിത് ബാങ്ക് ഉദ്യോഗത്തിലേക്ക് കടക്കുന്നത്. ജോലിക്കൊപ്പവും സംഗീതത്തെയും സനിത് ഒപ്പം കൂട്ടി.

 

 

ബാങ്കിലെ കണക്കും മനസിലെ സംഗീതവും

 

ബാങ്കിലെ ജോലികള്‍ക്കൊപ്പം സംഗീതം മുന്നോട്ട് കൊണ്ടുപോകാനാകുന്നുണ്ടോ എന്ന ചോദ്യത്തിന് സനിതിന്റെ മറുപടി ഇങ്ങനെ: നമുക്ക് ഒന്നിനും പ്രത്യേകിച്ച് ഒരു സമയം കിട്ടില്ല. സമയം നമ്മള്‍ കണ്ടെത്തണം. സംഗീതത്തെ വളരെയധികം ഇഷ്ടപ്പെടുന്നതുകൊണ്ട് അതിനും സമയം കിട്ടാറുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധിയാണ്. ഈ സമയം സ്റ്റേജ് ഷോകള്‍ക്കും മറ്റ് പരിപാടികള്‍ക്കും പോകാറുണ്ട്. ആകാശവാണിയിലെ ലളിതഗാനങ്ങള്‍ കേട്ട് പഠിക്കുമായിരുന്നു. മുന്നോട്ടുള്ള സംഗീത ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും ഇതൊക്കെയാണ്.

 

മൂന്നാം ക്ലാസില്‍ ആദ്യ സ്റ്റേജ് ഷോ!

 

ആദ്യമായി ഒരു വേദിയില്‍ ഗാനം ആലപിച്ച നിമിഷവും സനിത് ഓര്‍ത്തെടുക്കുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് ലഭിച്ച അഭിനന്ദനവും കയ്യടികളും ഇന്നലെയെന്ന പോലെ സനിതിന്റെ മനസിലുണ്ട്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യപ്രകാരമാണ് സനിത് ആദ്യമായി ഒരു വേദിയില്‍ പാടുന്നത്. സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലെ 'തേടിവരും കണ്ണുകളില്‍' എന്ന ഗാനമായിരുന്നു ആലപിച്ചത്.

 

അമ്മയാണ് പിന്‍ബലം

 

സംഗീതത്തോടുള്ള അഭിരുചിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് അമ്മയാണെന്ന് സനിത് പറയുന്നു. 'അമ്മയാണ് എന്റെ പിന്‍ബലം. അമ്മയാണ് പാട്ടുകളെല്ലാം തിരഞ്ഞെടുത്ത് തരുന്നത്. ചേച്ചി പാട്ട് റേഡിയോയില്‍ കേട്ട് എഴുതിത്തരും.'

 

ദേവരാജന്‍ മാസ്റ്ററിനൊപ്പം

 

1987-89 കാലഘട്ടങ്ങളിലാണ് സനിത് ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം ചേരുന്നത്. അദ്ദേഹത്തിന്റെ അരുമ ശിഷ്യനായിരുന്നു സനിത്. അങ്ങനെ ആരെയും പെട്ടെന്ന് ഒപ്പം കൂട്ടുന്ന പ്രകൃതക്കാരനല്ല ദേവരാജന്‍ മാസ്റ്റര്‍. കര്‍ക്കശ സ്വഭാവക്കാരനായിരുന്നു. മാഷ് പറയുന്ന സംഗതികള്‍ അണുവിട തെറ്റാതെ പടിയില്ലെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട. മാഷിനൊപ്പമുള്ള കാലയളവിലാണ് മലയാള സിനിമയിലെ ഇന്നത്തെ പ്രമുഖ പിന്നണി ഗായകരെ സനിത് പരിചയപ്പെടുന്നത്. എല്ലാവരോടും പഴയ അടുപ്പം ഇപ്പോഴും തുടരുന്നു.

 


സിനിമയിലേക്ക്

 

നീണ്ട കാത്തിരിപ്പിനൊടുവില്‍ വളരെ ആകസ്മികമായിട്ടാണ് സനിതിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരു ഓണക്കാലത്ത് തിരുവനന്തപുരം ലയണ്‍സ് ക്ലബ്ബില്‍ സനിത് ഒരു ഗാനം ആലപിച്ചിരുന്നു. സനിതിന്റെ ഗാനം കേട്ട സംവിധായകന്‍ എ. ഹാജമൊയ്തീനാണ് സനിതിനെ പുതിയ ചിത്രത്തില്‍ അവസരം നല്‍കിയത്. അങ്ങനെ 'മനസിന്റെ ഉള്ളിലെവിടെയോ' എന്ന ഗാനത്തിലൂടെയായിരുന്നു പിന്നണി ഗാന രംഗത്തേക്കുള്ള തുടക്കം. തിരുവനന്തപുരത്തെ എസ് എസ് സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. സനിത്തിന്റെ ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

 

 

OTHER SECTIONS