ഒരു കല്യാണ വിവാദം

By uthara.08 05 2019

imran-azhar

ബിഗ് ബോസ് ആരാധകര്‍ കൗതുകത്തോടെ കാത്തിരുന്ന ദിനമായിരുന്നു മെയ് 5. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരംഭിച്ച ഒരു പ്രണയം വിവാഹത്തിലേക്ക് കടക്കുന്ന ദിനം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ഞായറാഴ്ചയാണ് വിവാഹിതരായത്. ക്രിസ്ത്യന്‍ ആചാര പ്രകാരം കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ആദ്യം വിവാഹം എന്നാല്‍, ഇതിന് പിന്നാലെ വിവിധ തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

 

കാശ് നല്‍കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സമ്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം – സെലിബ്രിറ്റികള്‍ക്ക് അതിന്റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍ ഇതിന് മറുപടി നല്‍കുകയാണ് വൈദികനായ നോബിള്‍ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. 'പേളി മാണിയുടേത് കൗദാശികവിവാഹമല്ല’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ സഭ ഇത്തരം വിവാഹങ്ങള്‍ എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.

 


ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

 

'പേളി മാണിയുടേത് കൗദാശികവിവാഹമല്ല

 

മിനിസ്‌ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാര്‍ സഭയുടെ ദേവാലയത്തില്‍ ആശീര്‍വദിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങള്‍നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പന്‍ അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു.

 

ക്രിസ്ത്യന്‍ ട്രോള്‍സ് തുടങ്ങിവച്ച ട്രോള്‍ പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയില്‍ യാഥാര്‍ത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങള്‍ ഇതാണ്:

 

– കാശുനൽകിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സന്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദര്‍ഭങ്ങളില്‍ ഈ ആനുകൂല്യം രൂപതാമെത്രാന്‍ആര്‍ക്കും നൽകും )

 

– പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം – സെലിബ്രിറ്റികള്‍ക്ക് അതിന്റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല (ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന കേസിലും കൃത്യം സഭാനിയമമനുസരിച്ച് തന്നെയാണ് വിവാഹം നടന്നിട്ടുള്ളത് – താഴോട്ട് വായിക്കുക)

 

– ക്രൈസ്തവ ദേവാലയങ്ങളില്‍ ഇത്തരം അശ്‌ളീലം നടത്താന്‍പാടുള്ളതല്ല (മതാന്തരവിവാഹം സഭാനിയമപ്രകാരം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് – അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട് – അത് അശ്‌ളീലമല്ല).

 

പശ്ചാത്തലം ഇത്രയും വിശദീകരിച്ച് കാര്യത്തിലേക്ക് കടക്കട്ടെ. ക്രൈസ്തവവിവാഹം എന്നതും അതു സംബന്ധമായ സഭാനിയമങ്ങളും വ്യക്തമായി മനസ്‌സിലാക്കാത്തതിനാലാണ് ഇത്തരം തരംതാണം ആരോപണങ്ങളിലേക്ക് ട്രോള്‍ പേജുകളും നാമമാത്ര സഭാസ്‌നേഹികളും വീണുപോകുന്നത്.

 


കത്തോലിക്കാസഭയില്‍ വിവാഹങ്ങള്‍ മൂന്നുതരം

 

1. രണ്ട് കത്തോലിക്കര്‍ തമ്മിലുള്ള വിവാഹം: മാമ്മോദീസ സ്വീകരിച്ച രണ്ട് കത്തോലിക്കര്‍ തമ്മില്‍ നിയമാനുസൃതം നടത്തപ്പെടുന്ന ഈ വിവാഹം ഒരു കൂദാശയാണ് (ഞദനഴദശഫഷര്‍). കേരളത്തില്‍ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭാഗംങ്ങള്‍ തമ്മില്‍ത്തമ്മില്‍ നടത്തപ്പെടുന്ന ഏതു വിവാഹവും ഇത്തരത്തില്‍ കൗദാശികമാണ്. ഇതില്‍ ഏതു റീത്തിലുള്ള ആള്‍ക്കും മറ്റൊരു റീത്തിലൊരാളെ ജീവിതപങ്കാളിയായി നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്. അതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ല. എങ്കിലും സ്വന്തം റീത്തില്‍ തന്നെയുള്ളവരെ വിവാഹം കഴിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് സഭ ഓര്‍മ്മിപ്പിക്കാറുണ്ട്.

 


2. മിശ്രവിവാഹം: കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്റെ അനുവാദം ആവശ്യമുണ്ട്. മിശ്രവിവാഹം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള മാനസികഐക്യത്തെയും അവരുടെ വിശ്വാസജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ അത്തരം വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എങ്കിലും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങള്‍ പങ്കാളികള്‍ ഇരുവരും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരായതിനാല്‍ കൗദാശികവിവാഹങ്ങളാണ്.

 


3. മതാന്തരവിവാഹങ്ങള്‍: കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത ഇതരമതസ്ഥരും തമ്മിലുള്ള വിവാഹത്തിനാണ് മതാന്തരവിവാഹം എന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹങ്ങള്‍ വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് രൂപതാമെത്രാന്മാര്‍ അനുവദിക്കാറുള്ളത്. ഈ വിവാഹം കൗദാശികമല്ല. ഇത്തരം വിവാഹങ്ങള്‍ക്ക് അതിന്റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. വിശുദ്ധ കുര്‍ബാനയോടു കൂടി അവ നടത്തപ്പെടാന്‍ പാടില്ല.

 


മേല്‍വിവരിച്ചതില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി വിവാഹം മതാന്തരവിവാഹമാണെന്ന് മനസ്‌സിലാക്കാം. എറണാകുളം അതിരൂപതാ ജാഗ്രതാസമിതിയുടെ വിശദീകരണക്കുറിപ്പിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ സാധാരണ വിവാഹത്തിന്റെ മുഴുവന്‍ ക്രമത്തോടും വിശുദ്ധ കുര്‍ബാനയോടും കൂടിയല്ല നടത്തപ്പെടുന്നത്. വൈദികന്റെ സാന്നിദ്ധ്യം, ആശീര്‍വ്വാദം, രണ്ട് സാക്ഷികള്‍, പരസ്പരമുള്ള വിവാഹസമ്മതം എന്നിവയുള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ത്ഥനാകര്‍മ്മം മാത്രമാണ് മതാന്തരവിവാഹങ്ങളുടെ ആശീര്‍വ്വാദം എന്നത്.

 

എന്തുകൊണ്ട് സഭ മതാന്തരവിവാഹം അനുവദിക്കുന്നു?


വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് സഭ ഇത്തരം വിവാഹങ്ങള്‍ (കൗദാശികമല്ലാത്ത വിവാഹങ്ങള്‍) അനുവദിക്കാറുള്ളത്. സഭാംഗത്തിന്റെ ആത്മീയജീവിതം മുന്നില്‍ക്കണ്ടുകൊണ്ടാണ് അത് അനുവദിക്കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളില്‍ മാമ്മോദീസാ സ്വീകരിക്കാത്ത ജീവിതപങ്കാളിയെ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അത് തിരുസ്‌സഭയുടെ അനുവാദത്തോടെ നടത്തിയാല്‍ പ്രസ്തുത വ്യക്തിക്ക് തുടര്‍ന്നും സഭാംഗമെന്ന നിലയില്‍ സഭയുടെ കൂട്ടായ്മയില്‍നിലനില്‍ക്കുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ് (ഇതരമതസ്ഥനാ/യായ ജീവിതപങ്കാളിക്ക് കൂദാശാസ്വീകരണം സാദ്ധ്യമല്ല). എന്നാല്‍, അനുവാദമില്ലാതെ ഇത്തരം വിവാഹങ്ങളിലേര്‍പ്പെടുമ്പോള്‍ ആ പ്രവര്‍ത്തിയാല്‍ത്തന്നെ പ്രസ്തുത വ്യക്തിക്ക് കൂദാശകള്‍(കുര്‍ബാന, കുമ്പസാരം) സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു. പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരെ വിവാഹം ചെയ്യേണ്ടി വരുന്നതിലൂടെ സഭാംഗത്തിന് കൂദാശാസ്വീകരണത്തിനുള്ള അവകാശം നഷ്ടപ്പെടരുതെന്ന അജപാലനപരമായ കാരണമാണ് മതാന്തരവിവാഹം വളരെ കര്‍ശനമായ വ്യവസ്ഥകളുടെ

അടിസ്ഥാനത്തില്‍അനുവദിക്കുന്നത്.

എന്തൊക്കെയാണ് വ്യവസ്ഥകള്‍?

 

1. കത്തോലിക്കാവിശ്വാസി തന്റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യണം. സന്താനങ്ങളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്കി വളര്‍ത്താന്‍ ശ്രമിക്കുമെന്ന് ആത്മാര്‍ത്ഥതയോടെ വാഗ്ദാനം ചെയ്യണം.


2. കത്തോലിക്കാവിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും അതുവഴിയുണ്ടാകുന്ന കടമകളെയും കുറിച്ച് മറുഭാഗം പങ്കാളി വ്യക്തമായി മനസ്‌സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.


3. വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും കുറിച്ച് ഇരുവരെയും ധരിപ്പിക്കണം.


4. മതപരമായ മറ്റ് വിവാഹആചാരങ്ങള്‍ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്യണം


5. ഈ വ്യവസ്ഥകള്‍ രേഖാമൂലം നല്‌കേണ്ടവയാണ്. എന്തുകൊണ്ട് ഇപ്രകാരമൊരു വിവാഹം കഴിക്കുന്നുവെന്നതിന്റെ കാര്യകാരണങ്ങള്‍ സഹിതം രൂപതാദ്ധ്യക്ഷന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ഉള്‍പ്പെടുത്തി ഒപ്പിടേണ്ടതാണ്. മറുഭാഗം പങ്കാളിയും കാര്യങ്ങള്‍വായിച്ചു മനസ്‌സിലാക്കി ഒപ്പുവെക്കുന്നത് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്.

 

ഇത്തരം വിവാഹങ്ങള്‍ എല്ലായ്‌പോഴും കൗദാശികമല്ലാത്തതായിരിക്കുമോ?

 

കത്തോലിക്കാവിവാഹം കൗദാശികമാകണമെങ്കില്‍ദമ്പതികളിരുവരും മാമ്മോദീസ സ്വീകരിച്ചവരായിരിക്കേണ്ടതുണ്ട് (കത്തോലിക്കാസഭയിലോ ഏതെങ്കിലും ക്രൈസ്തവസഭയിലോ). അങ്ങനെയല്ലാത്ത പക്ഷം സഭാവിശ്വാസപ്രകാരം വിവാഹം കൗദാശികമാവുകയില്ല. എന്നാല്‍ ഏതെങ്കിലും കാലത്ത് അക്രൈസ്തവനാ/യായ ജീവിതപങ്കാളി മാമ്മോദീസ സ്വീകരിക്കുകയാണെങ്കില്‍അപ്പോള്‍ മുതല്‍ അവരുടെ വിവാഹവും കൗദാശികമായി കണക്കാക്കപ്പെടും. വിവാഹമെന്ന കൂദാശ പിന്നീട് സ്വീകരിക്കേണ്ടതില്ല.

പണം കൊടുത്താല്‍ സഭാനിയമത്തില്‍ നിന്ന് ഒഴിവു കിട്ടുമോ?

 

തികച്ചും വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ് മഞ്ഞപ്പത്രങ്ങളും പേജുകളും ഈ വിഷയത്തില്‍ പരത്തുന്നത്. കത്തോലിക്കന് ഇതരക്രൈസ്തവസഭകളില്‍ നിന്നും ഇതരമതങ്ങളില്‍ നിന്നും വിവാഹം കഴിക്കേണ്ട സാഹചര്യം വരുന്‌പോള്‍ എപ്രകാരമാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് ഹ്രസ്വമായി മുകളില്‍ വിവരിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടു കൂടി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവുന്നതാണ്. തിരുസഭ ഇത്തരം വിവാഹങ്ങളെ –പ്രത്യേകിച്ച് മതാന്തരവിവാഹത്തെ – നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും ആത്മാക്കളുടെ രക്ഷയെപ്രതി നല്കുന്ന അനുവാദങ്ങള്‍(നിയമത്തില്‍ നിന്നുള്ള ഒഴിവുകള്‍) ദുരുപയോഗം ചെയ്യാനോ പണംകൊടുത്ത് വാങ്ങാനോ സാധിക്കുകയില്ല. ഇത്തരം അപേക്ഷകള്‍ രൂപതാദ്ധ്യക്ഷന് നല്കുന്നതിനും അനുവാദം കരസ്ഥമാക്കുന്നതിനും യാതൊരുവിധ സാമ്പത്തികച്ചിലവുകളുമില്ല (അപേക്ഷാപത്രത്തിന്റെ തുച്ഛമായ തുകയൊഴികെ).

 

സെലിബ്രിറ്റികള്‍ക്ക് മാത്രമേ ഇത്തരം അനുവാദങ്ങള്‍കൊടുത്തിട്ടുള്ളോ?

 

സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. എല്ലാ ഇടവകപ്പള്ളികളിലും കുറഞ്ഞത് ഒരു വിവാഹമെങ്കിലും ഇത്തത്തില്‍ നടന്നിട്ടുണ്ടാകാന്‍സാദ്ധ്യതയുണ്ട്. ആയതിനാല്‍ സാമ്പത്തികമാണ് ഇത്തരം വിവാഹഅനുവാദങ്ങള്‍ക്ക് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരവും തെറ്റിദ്ധാരണാജനകവുമാണ്.

OTHER SECTIONS