മരുന്നിനുപോലും വകയില്ലാതെ ഹിറ്റ്‌മേക്കർ പി.കെ.ആര്‍.പിള്ള

By ബിന്ദു .08 02 2019

imran-azhar

 

 

സൂപ്പര്‍ഹിറ്റ്‌ സിനിമകളുടെ നിര്‍മാതാവ്‌ പി.കെ.ആര്‍. പിള്ള മരുന്നിനുപോലും വകയില്ലാതെ രോഗക്കിടക്കയില്‍. ഷിര്‍ദിസായി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ നിര്‍മാതാവാണ്‌ ഇദ്ദേഹമെങ്കിലും ഇന്നു ജീവിതം ദുരിതത്തിലാണ്‌. അദ്ദേഹത്തിന്റ ബിസിനസ്‌ സാമ്രാജ്യം അടുപ്പക്കാരില്‍ പലരും സ്വന്തമാക്കിയതോടെയാണ്‌ പ്രതിസന്ധിയിലായത്‌. ഇന്ന് മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ ദുരിതത്തിലാണ് അദ്ദേഹവും കുടുംബവും. കടബാധ്യതകളും ഓര്‍മക്കുറവുമാണ് കുടുംബത്തെ അലട്ടുന്നത്.

 

 

മരുന്നിനു പോലും പണമില്ലാതെ, നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ പോലും മാഞ്ഞു കഴിയുകയാണ് പഴയ നിര്‍മാതാവ് പി.കെ.ആര്‍. പിള്ള. അമൃതംഗമയ, ചിത്രം, വന്ദനം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, അര്‍ഹത തുടങ്ങി പതിനാറോളം ഹിറ്റുകളുടെ നിര്‍മാതാവായിരുന്നു താനെന്ന് ഇന്ന് അദ്ദേഹത്തിനു തന്നെ ഓര്‍മ്മയില്ല.ഇന്ത്യയിലെ വമ്ബന്‍ നഗരങ്ങളിലെല്ലാം കച്ചവട സ്ഥാപനങ്ങളും ഉണ്ടായിരുന്നു പിള്ളയ്ക്ക്. നിര്‍മാണ മേഖലയില്‍ നിന്ന് മാറി വിതരണത്തില്‍ ശ്രദ്ധയൂന്നിയതോടെയാണ് തകര്‍ച്ച തുടങ്ങിയത്. കൊച്ചിയിലടക്കം ഉണ്ടായിരുന്ന കോടികളുടെ സ്വത്തുക്കളെല്ലാം അന്യാധീനപെട്ടു. ഓര്‍മ മങ്ങിയതോടെ കിട്ടാനുള്ള പണം കൂടി ലഭിക്കാതായി. സിനിമയെ പ്രാണനായി കണ്ട പി കെ ആറിനെ ചലച്ചിത്ര ലോകവും മറന്നു. നടനായിരുന്ന മകന്‍ സിദ്ദുവായിരുന്നു ഏക പ്രതീക്ഷ. ഒരു വര്‍ഷം മുമ്ബ് സിദ്ദു അപകടത്തില്‍ മരിച്ചതോടെ ഓര്‍മകളുടെ ലോകത്ത് നിന്നും പി കെ ആര്‍ അകന്നു.

 

നിര്‍മാതാവ്‌ സജി നന്ത്യാട്ടിലാണ്‌ ഇദ്ദേഹത്തിന്റെ സ്‌ഥിതി സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്‌. 22 സിനിമകളാണ്‌ പി.കെ.ആര്‍. പിള്ള നിര്‍മിച്ചത്‌. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളായിരുന്നു മിക്കതും. ചിത്രങ്ങളുടെ അവകാശം കൈവശപ്പെടുത്തിയവര്‍ കോടികളുടെ സാറ്റലൈറ്റ്‌ തുക സമ്പാദിക്കുമ്പോഴാണ്‌ ആ ചിത്രങ്ങളുടെ നിര്‍മാതാവ്‌ ചികിത്സയ്‌ക്കു പോലും ബുദ്ധിമുട്ടുന്നത്‌.സിനിമയിലേക്ക്‌ തിരിച്ചുവരാന്‍ കഴിയുമെന്ന്‌ അഗ്രഹിച്ചിരുന്നതായി ഭാര്യ രമ പറയുന്നു. ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ്‌ സാധ്യമാകുമെന്നും വിശ്വസിച്ചു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്‌ഥലവും മാത്രമാണ്‌ ബാക്കിയുള്ള സമ്പാദ്യം. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന്‌ വീട്ടുകാര്‍ പറയുന്നു. ഫോണില്‍ പോലും ആരും വിശേഷങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല.

 

OTHER SECTIONS