മാധവൻ നായർ എന്ന മധു സാർ

By Web Desk.24 09 2021

imran-azhar

 

മധു സാർ —  

 
ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി, പ്രണയാതുര നായകനായി മലയാള സിനിമയിൽ നിറഞ്ഞു പടർന്ന മഹാനടൻ... മാധവൻ നായർ എന്ന മധു സാർ ... 
 
അതിഭാവുകത്വത്തിന്റെ പതിവ് സമ്പ്രദായങ്ങളിൽ നിന്ന് മലയാള സിനിമ വഴിമാറി സഞ്ചരിച്ച്‌ തുടങ്ങിയ ആദ്യനാളുകളിൽ നായകത്വം വഹിക്കാൻ നിയോഗം സിദ്ധിച്ച അപൂർവ പ്രതിഭ.
 
സിനിമയുടെ 'കറുപ്പിലും വെളുപ്പിലും' നിറം മാറിയ 'കളറിലും' ഒരുപോലെ കളംനിറഞ്ഞാടിയ അതുല്യ കലാകാരൻ.
 
നമ്മുടെ സിനിമയുടെ ഗതിമാറ്റിയ ഓളവും തീരവും, സ്വയംവരം, ഭാർഗ്ഗവീനിലയം, ചെമ്മീൻ, പടയോട്ടം തുടങ്ങി പ്രമേയത്തിലും ആവിഷ്കരണത്തിലും അഭിനയവഴക്കങ്ങളിലുമൊക്കെ ലോകത്തെ വിസ്മയിപ്പിച്ച — കലാപരതയിലും, ജനപ്രീതിയിലും മുന്നിട്ടുനിൽക്കുന്ന എത്രയെത്ര സൃഷ്ടികൾ മധുസാറിന്റെ ലിസ്റ്റിൽ.
 
നടൻ, സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സർവ്വ മേഖലകളിലും സർവ്വാധികാരിയായി വിരാജിച്ച്‌ - വൈവിധ്യങ്ങളുടെ വർണ്ണമേളങ്ങളാൽ തരളിതമായ കലാജീവിതത്തെ ഒപ്പം നടത്തിയ അസാമാന്യ വ്യക്തിത്വം.
 
സിനിമയും ജീവിതവും ഇഴപിരിക്കാനാകാത്ത വിധം ഇഴുകിച്ചേർന്ന അത്യസാധാരണ പ്രതിഭാശാലി.
 
ഭാഗ്യത്തെ ലാളിച്ച്‌ ഉന്നതങ്ങളിൽ എത്തുന്നതിനു പകരം ചങ്കൂറ്റവും, കഠിനപ്രയത്നവും, സർഗ്ഗശേഷിയും കൊണ്ട് വ്യാപരിച്ച ഇടങ്ങളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചും - കൈയ്യൊപ്പ്‌ ചാർത്തിയും ആകാശം മുട്ടെ വളർന്ന നക്ഷത്രം. 
 
ഉയരങ്ങൾ തേടിയുള്ള യാത്രയിൽ ഒരിക്കലും കാലിടറിയില്ല ഈ നിരന്തര സഞ്ചാരിക്ക്.
 
ഓരോ യാത്രയും ആഴക്കടലിനെയും ആകാശത്തെയും ഒരേസമയം പുണരാൻ വെമ്പുന്ന മാനസിക ഭാവത്താൽ സമ്പന്നമായിരുന്നു ഈ സാഹസിക യാത്രികന്.
 
കലയുടെ കടൽ പരപ്പിൽ ഒറ്റക്ക് വലയെറിഞ്ഞ്‌ വർണ്ണമത്സ്യങ്ങളെ കോരിയെടുത്ത കലാമാന്ത്രികൻ.
 
ഇനിയും എത്രയോ ദൂരം തുഴയാനുള്ള ഊർജ്ജം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ ഏകാന്ത പഥികന് തന്റെ പാതകൾ പുഷ്പസമാനം ആയിരിക്കണമെന്ന ശാഠ്യമൊരിക്കലും ഉണ്ടായിരുന്നില്ല. ഓരോയാത്രയും ഓരോ തീർത്ഥാടനം ആയിരുന്നു.
 
കോളേജ് അധ്യാപകൻ കൂടി ആയിരുന്നതിനാലാകാം, ഏതു വിഷയത്തെ കുറിച്ചും അഗാധമായ അറിവ് -
 
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പരിശീലനം നേടി വന്ന മലയാള സിനിമയിലെ ആദ്യ നടൻ -
 
നാടകത്തെക്കുറിച്ചും ഇതര കലകളെകുറിച്ചും ഒക്കെയുള്ള ഉൽകൃഷ്ട ധാരണ -
 
സിനിമയുടെ സമസ്ത മേഖലകളെക്കുറിച്ചും സമഗ്രവും, വ്യക്തവും കൃത്യവുമായ അവബോധം -
 
പുറം കാഴ്ച്ചയിൽ ഗൗരവസ്വഭാവമെങ്കിലും അകം നിറയെ അപാരമായ നർമ്മബോധം....
 
തനിക്ക് അന്യമായ അനവധിയനവധി വ്യത്യസ്തരായ മനുഷ്യരുടെ ഒരുപാടൊരുപാട് വ്യത്യസ്തഭാവങ്ങൾ അതിസൂക്ഷ്മമായി, തന്റെ ഉടലിലൂടെ - വേറിട്ട ശബ്ദത്തിലൂടെ ആവിഷ്കരിച്ച്‌ അത്ഭുതപ്പെടുത്തിയ മഹാ നടൻ.
 
എടുത്ത് പറയാൻ ഇനിയും ഒരുപാടുണ്ട്, മധു സാറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതായിട്ട്.
 
ഗജരാജന്റെ തലയെടുപ്പോടെ, മലയാള സിനിമയുടെ ആജ്ഞാശക്തിയുള്ള ഈ കാരണവർ കടന്നു വരുമ്പോൾ ആരും ആദരവോടെ അറിയാതെ എഴുന്നേറ്റുവന്ദിച്ചുപോകുന്ന അത്യപൂർവ്വ വ്യക്തിത്വം.
 
വിണ്ണിലെ താരംപോലെ തിളങ്ങി നിൽക്കുമ്പോഴും ആർദ്രമായ മനസ്സിനുടമയായി മണ്ണിൽ ചവിട്ടിനിൽക്കുന്ന ഉന്നത കലാകാരൻ...
 
എന്നും പതിനെട്ടിന്റെ മനോഭാവത്തിലാണ് മധു സാർ ലോകത്തെ അളക്കുന്നത്.
 
പത്മശ്രീയും, പുരസ്കാരങ്ങളുമൊക്കെ വേണ്ടുവോളം തേടിയെത്തിയെങ്കിലും അർഹതയ്ക്കുള്ള അംഗീകാരങ്ങൾ ഇനിയും എത്രയോ ബാക്കി... 
 
കലാലോകത്തിനു ഒട്ടേറെ സംഭാവനകൾ നല്കാൻ ഇനിയും ബാല്യം ബാക്കിയുണ്ടെന്നബോധ്യത്തോടെ നിസ്സംഗഭാവത്തിൽ മധു സാർ പിന്നെയും പിന്നെയും മുന്നോട്ട് നടക്കുന്നു —
 
പിന്നാലെ അത്യാദരവോടെ പിന്തുടർന്നു എന്നെപോലെ എത്രയോ ... എത്രയോ പേർ ...
 
ആശംസകൾ പ്രിയപ്പെട്ട മധു സാർ ...
 
ഹൃദയം നിറഞ്ഞ ആശംസകൾ ...
 
സ്നേഹാദരവുകളോടെ...
 
-പ്രേംകുമാർ

OTHER SECTIONS