രജനി രാഷ്ട്രീയത്തിലേക്കില്ല; തീരുമാനത്തിനു പിന്നില്‍ അനാരോഗ്യം മാത്രമല്ല; യഥാര്‍ഥ കാരണം?

By Web Desk.12 07 2021

imran-azhar

 

 


രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം ഇനി രജനി രസികഗര്‍ നര്‍പണി മന്‍ട്രം എന്ന പേരിലാണ് അറിയപ്പെടുക. സംഘടന ഇനി മുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തും. രജനി മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സൂപ്പര്‍ താരം ഇക്കാര്യം പ്രഖ്യാപിച്ചത്.

 

2020 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപന സൂചനകള്‍ നല്‍കിയത്. 2021 ജനുവരിയില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, വൈകാതെ രാഷ്ട്രീയത്തിലേക്കില്ലെന്ന് സ്റ്റൈല്‍ മന്നന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ക്കൊടുവിലാണ് രാഷ്ട്രീയ പ്രവേശന തീരുമാനം ഉപേക്ഷിച്ചന്നായിരുന്നു വിവരം. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രജനി വിധേയനായിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധനകളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് യുഎസിലെ മയോ ക്ലിനിക്കില്‍ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങിയെത്തിയത്.

 

രാഷ്ട്രീയ പ്രവേശന തീരുമാനം പുനപരിശോധിക്കാന്‍ ആരാധകരും അഭ്യുദയകാംക്ഷികളും താരത്തിനു മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നെ വീണ്ടും വേദനിപ്പിക്കരുത് എന്നായിരുന്നു ഇതിനോടുള്ള താരത്തിന്റെ പ്രതികരണം.

 

എന്നാല്‍, രജനിയുടെ മനസ്സു മാറും എന്ന പ്രതീക്ഷയിലായിരുന്നു അനുയായികള്‍. അതിനിടെയാണ് രജനി രാഷ്ട്രീയപ്രവേശനത്തിന്റെ വാതിലുകള്‍ പൂര്‍ണമായും അടച്ചത്.

 

എന്തായിരിക്കും താരത്തിന്റെ പിന്‍മാറ്റത്തിനു കാരണം? ആരോഗ്യപരമായ കാരണം മാത്രമാവില്ല, തീരുമാനത്തിനു പിന്നില്‍. തമിഴ്‌നാട്ടിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷവും താരത്തിന്റെ തീരുമാനത്തിനു കാരണമായിട്ടുണ്ടാവും. രാഷ്ട്രീയവും സിനിമയവും കെട്ടുപിണഞ്ഞു കിടന്നിരുന്ന തമിഴ് ഭൂമികയില്‍, പുതുതലമുറ സിനിമയെയും രാഷ്ട്രീയത്തെയും വേറിട്ടുകാണാന്‍ തുടങ്ങിയിരിക്കുന്നു.

 

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവും സ്റ്റൈല്‍ മന്നന്റെ കണ്ണുതുറപ്പിച്ചിട്ടുണ്ടാവും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ഉലകനായകന്റെ മക്കള്‍ നീതി മയ്യത്തിന്റെ നിലനില്‍പ്പു തന്നെ അനിശ്ചിതത്വത്തിലാണ്. വെള്ളിത്തിരയിലെ വിജയം താരത്തിന് തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. തിരഞ്ഞെടുപ്പില്‍ 154 സീറ്റുകളിലാണ് മക്കള്‍ നീതി മയ്യം മത്സരിച്ചത്. ഒരിടത്തും വിജയിക്കാനായില്ലെന്നു മാത്രമല്ല, കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസനും പരാജയപ്പെട്ടു.

 

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്കും രാഷ്ട്രീയത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇതൊക്കെയും സ്റ്റൈല്‍ മന്നന്റെ പിന്‍മാറ്റത്തിനു പിന്നിലുണ്ടാവുമെന്നു കരുതണം.

 

 

 

OTHER SECTIONS