ഇത് ചിരിപ്പിക്കുന്ന നീലി : റിവ്യൂ വായിക്കാം....

By BINDU PP .13 Aug, 2018

imran-azhar

 


ഇത് പേടിപ്പെടുത്തുന്ന നീലി അല്ല , മലയാള സിനിമ ഇതുവരെ കണ്ട പ്രേതങ്ങളുടെ ഒരു സാമ്യവും നീലിക്ക് ഇല്ല. നവാഗത സംവിധായകനായ അല്‍ത്താഫ് റഹ്മാന്റെ നീലി തീയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. നീലി ഇവിടെ പേടിപ്പിക്കുന്നതിന് പകരം ചിരിപ്പിക്കുകയാണ് ചെയ്തതെന്നാണ് പൊതുവേയുള്ള അഭിപ്രായം.ഈ പ്രേതത്തിന് ആൾക്കാരെ സംരക്ഷിക്കാനാണ് ഇഷ്ടം. ഹോ, അപ്പോൾ പേടിപ്പെടുത്തുന്നതൊന്നും കാണില്ലായെന്ന് ചിന്തിക്കാൻ വരട്ടെ... പേടിക്കാനുണ്ട്... ചിരിക്കാനുണ്ട്... ഒപ്പം കുറെയേറെ സെന്‍റിമെൻസുമുണ്ട്.പുതുമ നിറഞ്ഞ ആവിഷ്കരണം കൊണ്ട് കണ്ടുമടുത്ത പ്രേതകഥകൾക്ക് ഒരു മോചനം നേടിക്കൊടുക്കുകയാണ് സംവിധായകൻ അൽത്താഫ്.

 


കള്ളിയങ്കാട്ട് തന്നെയാണ് നീലിയുടെ കഥ നടക്കുന്നത്. ലക്ഷ്മി (മംമ്ത മോഹന്‍ദാസ്) കള്ളിയങ്കാട് എന്ന തന്റെ ഗ്രാമത്തിലേക്ക് താമസത്തിനെത്തുന്നതും ലക്ഷ്മിയുടെ മകളെ അവിടെ വച്ച്‌ ഒരു ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതുമാണ് നീലിയുടെ ഇതിവൃത്തം. മകളെ വീണ്ടെടുക്കാന്‍ ഒരമ്മ നടത്തുന്ന പരിശ്രമങ്ങളും അതിന് തുണയായി കുറച്ചാളുകള്‍ അവര്‍ക്കൊപ്പം കൂടുന്നതുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കഥയിലേക്കും കഥാസന്ദര്‍ഭങ്ങളിലേക്കും പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ടു പോകുന്നതാണ് ആദ്യ പകുതി. ബാബുരാജ്, അനൂപ് മേനോന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ കുഴപ്പമില്ലാതെ രസിപ്പിക്കുന്നതാണ്. മോഹന്‍ലാല്‍ ക്യാരക്റ്ററായ സണ്ണിയെ അനുകരിക്കും വിധമാണ് അനൂപ് മേനോന്റെ പ്രകടനമെന്ന് പലപ്പോഴും തോന്നിക്കുന്നു. സിനിമയിലെ ഹൊറര്‍ രംഗങ്ങള്‍ പലതും ക്ലീഷെ ആയിരുന്നു. രണ്ടാം പകുതിയില്‍ സിനിമ കുറച്ചു കൂടി മികച്ചതാകുന്നു. ആ ഭാഗങ്ങളിലെ രംഗങ്ങള്‍ പ്രേക്ഷകനില്‍ ചെറിയ തോതിലെങ്കിലും ഭീതിയുളവാക്കുന്നതായിരുന്നു. ക്ലൈമാക്‌സിലേക്കെത്തുമ്ബോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച ട്വിസ്റ്റുകളൊന്നും കാണുന്നില്ലെന്നു മാത്രമല്ല ചില അവ്യക്തതകള്‍ ബാക്കിയാകുകയും ചെയ്യും.

 


നീലിയുടെ ഭാവം മാറുന്ന കാഴ്ച രണ്ടാം പകുതിയിൽ കാണാൻ കഴിയും. സെന്‍റിമെൻസ് രംഗങ്ങളെല്ലാം മംമ്ത കൈയടക്കത്തോടെ കൈകാര്യം ചെയ്തപ്പോൾ അനൂപ് മേനോൻ തന്‍റെ അന്വേഷണ രീതികൾ കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. കുരുക്കു വീണ കഥയെ പുറത്തെടുക്കാനുള്ള വിദ്യയാണ് പിന്നീട് കാണാൻ കഴിയുക. ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഗതികൾ സംവിധായകൻ മുന്നിലേക്ക് ഇട്ടുതരുന്പോൾ കഥയ്ക്ക് കെട്ടുറപ്പുണ്ടായിരുന്നുവെന്ന കാര്യം പ്രേക്ഷകർക്ക് ബോധ്യപ്പെടും.പിന്നീട് അങ്ങോട്ട് കുട്ടിയെ തേടിയുള്ള പരക്കം പാച്ചിലാണ്. പ്രേതവും മനുഷ്യരും ബാധകേറിയ മനുഷ്യരുമെല്ലാം രണ്ടാം പകുതിയിൽ ഒന്നിച്ചെത്തി പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. കാലം മാറിയതിന് അനുസരിച്ച് കഥയും മാറും എന്ന് സൂചന നൽകികൊണ്ട് സിനിമ അവസാനിക്കുന്പോൾ അതുവരെ ഉയർന്നു നിന്ന സംശയങ്ങൾ അത്രയും എങ്ങോ പോയി മറയും.

 

മലയാളികളെ ഒരുപാട് പേടിപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെ വേണ്ട വിധത്തിൽ സിനിമയിൽ ഉപയോഗിക്കാനായിച്ചില്ല. മാത്രമല്ല സിനിമയുടെ അവസാനഭാഗത്ത് പ്രശ്നക്കാരനായ ആത്മാവിനെ സംബന്ധിച്ചും അവ്യക്തത നിഴലിക്കുന്നുണ്ട്. ക്ലൈമാക്സിൽ ഇതൊക്കെ കാര്യകാരണ സംഹിതം വിശദീകരിക്കാൻ അണിയറക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര വിജയിച്ചോ എന്നു സംശയമാണ്. ചുരുക്കത്തിൽ പ്രേക്ഷകനെ തരക്കേടില്ലാതെ തൃപ്തിപ്പെടുത്താൻ കഴിയുന്ന അൽപം തമാശയും അൽപം പേടിയും നിറഞ്ഞ ചിത്രമാണ് നീലി.

OTHER SECTIONS