By online desk.12 12 2019
കൗമാരപ്രായത്തിലേക്ക് കടക്കുന്ന എല്ലാ പെൺകുട്ടികളും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. ഇതിന് കടുത്ത ചോരയുടെ മണമാണ്. പറയാതെ പറയുന്ന ചില കാര്യങ്ങളിൽ പ്രേക്ഷകനെ തിയേറ്ററിൽ അസ്വസ്ഥനാക്കുന്നു. നിർവികാരമായ തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന ഒരവസ്ഥയാണ് ചോല. ഇതിന് മുൻപും ഡാർക്ക് ഷേഡുള്ള ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ചോല ഒരു തിരിച്ചറിവാണ്. ഒന്ന് ഉറക്കെ കരയാൻ സാധിച്ചിരുന്നെങ്കിൽ ആഗ്രഹിച്ച് പോകും. ചില ആൾക്കാരിൽ കുടുങ്ങിപോകുന്ന ഒരു അവസ്ഥയുണ്ട്. വരിഞ്ഞുമുറുങ്ങി ശ്വാസം വിടാൻ പോലും സാധിക്കാത്തവിധം ചിലരിൽ നമ്മൾ അകപ്പെടും. ചോല ഇവർ മൂന്ന്പേരാണ് " നിമിഷ സജയൻ , ജോജു ജോർജ് , അഖിൽ വിശ്വനാഥൻ". സനൽകുമാർ ശശിധരൻ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും ബേസ്ഡ്. തുടക്കം മുതൽ അവസാനം വരെ ഈ മൂന്ന് പേരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
മലയോര ഗ്രാമത്തിൽ നിന്ന് കാമുകനൊപ്പം ഒരു ദിവസം കറങ്ങാൻ പോകുന്ന "ജാനു " (നിമിഷ സജയൻ ) .ഗ്രാമ പ്രദേശത്ത് സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് സിറ്റി കാണാം, അതും കാമുകനൊപ്പം എന്ന് കേൾക്കുമ്പോൾ സന്തോഷം കാണും , അതിന്റെ പുറത്താണ് ജാനു അവന്റെകൂടെ ഇറങ്ങി പുറപ്പെടുന്നത്.
ഒട്ടും ധൈര്യമില്ലാത്ത കാമുകനും(അഖിൽ ) അവന്റെ ആശാനും(ജോജു ). യാത്രയുടെ തുടക്കം മുതലേ ജാനു പേടിയോടെ കാണുന്നു ആശാനെ . അനിഷ്ടത്തോടെ തുടങ്ങുന്ന ജാനുവിന്റെ യാത്ര അവസാനിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു ചോലയിലാണ് . ചോരയുടെ മണമുള്ള ചോലയിൽ. ആണത്തമില്ലാത്ത കാമുകനാണ് ജാനുവിന്റെ യെന്ന് തെളിയിക്കുന്ന നിരവധി സീനുകൾ ഉണ്ട് ചിത്രത്തിൽ . കാമുകന്റെ വലിയ ധൈര്യം ആശാൻ തന്നെയാണ്. ആശാന്റെ ഒറ്റ നോട്ടത്തിൽ ദാഹിച്ചുപോകും ആരും. ജോജു അവതരിപ്പിച്ച ആശാൻ കഥാപാത്രത്തിന്റെ ലുക്ക് പോലും പേടിപ്പെടുത്തുന്നതാണ്.
ആ ഒറ്റ കാരണത്താൽ തന്നെയാണ് കാമുകൻ ആശാനെ കൂട്ടുപിടിച്ചത്. ഒറ്റ ദിവസം ജാനുവുമായി കറങ്ങാം എന്ന പ്ലാനിൽ വരുന്ന ഇവർക്കിടയിൽ ചില അപ്രതീക്ഷിത കാര്യങ്ങൾ കയറിവരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു. ഹൃദയ സ്പന്ദനത്തോടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്. രണ്ട് പുരുഷന്മാരുടെ ഇടയിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ അതിജീവനമാണ് രണ്ടാം പകുതിയിൽ പറയുന്നത്. മാദ്ധ്യമങ്ങളിലെ സ്ഥിരം വാർത്തകളാണ് ലൈംഗികപീഡനനങ്ങളും കൊലപാതകങ്ങളും. വായിച്ചറിയുമ്പോഴും അതനുഭവിച്ചവർക്കുണ്ടായ വിഷമതകളെ ഒരു മാധ്യമത്തിന് അപ്പുറം നിന്ന് നോക്കി കാണുക മാത്രമാണ് ഉണ്ടാവുന്നത്. മൃഗീയമായ ചില അനുഭവങ്ങൾ ഉള്ളു പൊള്ളിക്കൊണ്ട് തന്നെ കണ്ടിരിക്കാം ചോലയിൽ . ചോല എന്ന ടൈറ്റിലിൽ ചോര എന്ന് തെറ്റുദ്ധരിപ്പിക്കാം. അത് ചോര എന്ന് വായിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. അത്രക്കും ചോരയിൽ കുളിച്ച അവസ്ഥയായിരിക്കും സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും.
സ്കൂൾ കാലഘട്ടത്തിൽ ഇങ്ങനെയുള്ള എടുത്തുചാട്ടങ്ങളിലൂടെ ഉണ്ടാക്കുന്ന വലിയൊരു ദുരന്തത്തിന്റെ നേർ കാഴ്ചയാണ് ചോല . ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകന് മുന്നിൽ വയ്ക്കുന്നുണ്ട് ...കൂലി പണിക്ക് പോകുന്ന മാതാപിതാക്കളുടെ പെൺകുട്ടികൾക്കിടയിൽ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതിന് സാമൂഹിക ചുറ്റുപാടുകളെ പോലും ചിത്രം ചുണ്ടി കാണിക്കുന്നുണ്ട് . ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ പ്രേക്ഷകരിലേക്കും അസ്വസ്ഥത പകർത്തുന്നു.
മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിമിഷ സജയന് ലഭിക്കാൻ പരിഗണിച്ചതും ജോജുവിന് മികച്ച സഹനടനുള്ള പുരസ്കാരത്തിന് പരിഗണിച്ചതും ചോലയിലെ അഭിനയമാണ്. ഇവരുടെ രണ്ടുപേരുടെയും സിനിമാ ജീവിതത്തിൽ അടയാളപ്പെടുത്തിയ രണ്ടു കഥാപാത്രമാണ് ചിത്രത്തിലുള്ളത്. അഖിൽ വിശ്വനാഥൻ എന്ന ചെറുപ്പക്കാരന്റെ നല്ല തുടക്കവും. അതിശയിപ്പിക്കുന്ന , അത്ഭുതപ്പെടുത്തുന്ന കിടിലം ഫ്രെയിമുകൾ. പേടിപ്പെടുത്തുന്ന കാമറ ചലനങ്ങൾ. സനല്‍ കുമാർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ചോല. അജിത് ആചാര്യയുടെ ഛായാഗ്രഹണം പ്രേക്ഷകരെ ഇരുത്തി കളയുന്നുണ്ട്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ നിരൂപക പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജോജു ജോർജും സംവിധായകൻ കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് ചോല നിർമ്മിച്ചിരിക്കുന്നത്.