സിദ്ദിഖ് ലാല്‍ പൊറോട്ട പോലെ പതം വരുത്തിയ റിസബാവ

By RK.13 09 2021

imran-azhar

 


പി.എം. ബിനുകുമാര്‍

 


മലയാള സിനിമയിലെ ജോണ്‍ ഹോനായിക്ക് വിട. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന വാക്കുകള്‍ക്ക് അടിയവരയിടുന്നു റിസാ ബാവയെന്ന സ്‌നേഹധനന്റെ അപ്രതീക്ഷിത വിയോഗം.

 

1990 ല്‍ റിലീസായ സിദ്ധിഖ് ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയെ മലയാളത്തിന്റെ പ്രിയപ്പെട്ട വില്ലനാക്കിയതെങ്കിലും 1984 ലാണ് അദ്ദേഹം കാമറക്ക് മുന്നിലെത്തിയത്. വിഷുപക്ഷിയായിരുന്നു ചിത്രം. പക്ഷേ ചിത്രം റിലീസായില്ല. ഇതിന് ശേഷം 1990 ലാണ് റിസബാവക്ക് ബിഗ് ബേക്കുണ്ടാവുന്നത്.

 

നാടക വേദിയില്‍ നിന്ന് അഭിനയം പഠിച്ച റിസബാവ നടനത്തില്‍ ഒരു സ്‌കൂള്‍ ആയിരുന്നു. കൂള്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തിന് റിസബാവ മലയാള സിനിമയില്‍ തുടക്കം കുറച്ചു. അതുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം റിസബാവ ഫുള്‍സ്റ്റോപ്പിട്ടു. പ്രത്യേകതകള്‍ നിറഞ്ഞ കണ്ണുകളിലൂടെ റിസബാവ ലോകത്തെ നോക്കിക്കണ്ടു. ഇതിനെല്ലാം അദ്ദേഹത്തെ സഹായിച്ചത് നാടകവേദിയിലെ സമാനതകളില്ലാത്ത അനുഭവപരിചയമായിരുന്നു.

 

90 കളില്‍ റിസബാവയെ പരിചയപ്പെടുമ്പോള്‍ വ്യക്തിപരമായി പറഞ്ഞാല്‍ സിനിമയില്‍ കാണുന്നയാളെ ആയിരുന്നില്ല. പതിഞ്ഞ സംസാരം. അഭിജാതമായ പെരുമാറ്റം. കരുണയുള്ള നോട്ടം. സ്‌നേഹത്തിന്റെ പ്രസരിപ്പ്. ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ റിസബാവയെ മറക്കുമായിരുന്നില്ല.

 

റിസബാവയുടെ ജീവിതത്തിനുള്ളത് പതിഞ്ഞ താളമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജോണ്‍ ഹോനായി കത്തിക്കയറിയിട്ടും റിസബാവ ഒരു ചെറുപുഞ്ചിരിയോടെ കാത്തിരുന്നു. ഇക്കാണുന്നതിലൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന ഭാവം. സിനിമയിലെ സാര്‍വജനനീയമായ എല്ലാ സമ്പ്രദായങ്ങള്‍ക്കും അതീതനായിരുന്നു റിസബാവ.

 

പ്രേക്ഷകരെ അത്രകണ്ട് സ്‌നേഹിച്ചിരുന്നു അദ്ദേഹം. തന്റെ നാടകപരിചയത്തിന്റെ വാലറ്റമെങ്കിലും സിനിമയില്‍ കാണിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായിരുന്നു റിസബാവ. നടന്‍ സംവിധായകന്റെ കൈയിലെ ഉപകരണമാകണമെന്ന് റിസബാവ വിശ്വസിച്ചു. സിദ്ദിഖും ലാലും ചേര്‍ന്ന് തന്നെ പെറോട്ട അടിക്കുന്നത് പോലെ പതം വരുത്തിയെന്ന് റിസബാവ പറഞ്ഞ് കുട്ടികളെ പോലെ ചിരിക്കുമായിരുന്നു. ഷാജി കൈലാസി ന്റെ ഡോ. പശുപതിയിലൂടെയാണ് റിസബാവ നായകനായത്. വില്ലന്‍ വേഷങ്ങളും ക്യാരക്റ്റര്‍ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കാന്‍ കഴിയുന്ന അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് റിസബാവ.

 

മട്ടാഞ്ചേരിക്കാരന്റെ ഹ്യദയവിശാലത അദ്ദേഹം മരണം വരെ കാത്തുസൂക്ഷിച്ചു. മട്ടാഞ്ചേരിക്കാരനായതു കൊണ്ടാണോ സായിപ്പിന്റെ മുഖം കിട്ടിയതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ റിസബാവ ചിരിച്ചു.

 

കഴിവില്‍ ഒരംശം മാത്രമാണ് റിസബാവ മലയാളത്തിന് കാണിച്ചുതന്നത്. തന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടാത്തതില്‍ അദ്ദേഹം വേദനിച്ചു. പക്ഷേ നിരാശനായില്ല. ഒരേ നിറമുള്ള കളസമിട്ട വില്ലന്‍മാരെ കിട്ടിയപ്പോഴും ഒന്നും തള്ളിപ്പറയാന്‍ റിസബാവ തയ്യാറായില്ല. തന്റെ ചോറിനോട് പരിഭവങ്ങളില്ലാതെയാണ് അദ്ദേഹം നീതി പുലര്‍ത്തിയത്. ഖബറിലേക്ക് മടങ്ങുമ്പോഴും റിസബാവക്ക് നിരാശയുണ്ടായിരുന്നില്ല. സിനിമ അങ്ങനെയാണ്. തന്നതും തരുന്നതും ഈശ്വരനാണ്... എന്നു പറഞ്ഞ് റിസബാവ സമാധാനത്തോടെ കടന്നു പോയിരിക്കുന്നു.

 

 

 

 

OTHER SECTIONS