സാമൂഹ്യമാധ്യമങ്ങള്‍ വഴി ദീനി പ്രബോധകര്‍ ഇസ്ളാമിനെയും മുസ്ലീങ്ങളെയും നാറ്റിക്കുന്നു: സലാം ബാപ്പു

By online desk.06 Dec, 2017

imran-azhar


ഇസ്ളാമിനെ സമൂഹത്തില്‍ അവഹേളിക്കുന്ന ദീനി പ്രബോധകരെ വിമര്‍ശിച്ച് സംവിധായകന്‍ സലാം ബാപ്പു. മലപ്പുറത്ത് മുസ്ളീം പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സലാം ബാപ്പു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

സ്വന്തം നാടായ മലപ്പുറം ജില്ലയിലെ പാലപ്പെട്ടിയില്‍ നടന്ന സംഭവം പറഞ്ഞ് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കാലങ്ങളായി അവിടെയുളള ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പ് നടക്കാറുള്ളത് മുസ്ളീം പള്ളിയുടെ മുന്നിലായിരുന്നു. പള്ളി റോഡിന്‍റെ അരികിലാണ് നില്‍ക്കുന്നത്. ഇതിനിടെയാണ് പെട്ടെന്ന് കുറച്ച് ദീനി സംരക്ഷകര്‍ പ്രത്യക്ഷപ്പെടുന്നത്. ക്ഷേത്ര എഴുന്നള്ളിപ്പ് തടയും പള്ളിയില്‍ നിസ്കരിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കും എന്നൊക്കെയാണ് ഇവരുടെ വാദം. ഇവര്‍ നിസ്കരിക്കുന്നില്ല. നിസ്കരിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കലാണ് അവരുടെ ജോലി.

എന്നാല്‍ ഒരു ബദര്‍ യുദ്ധം ഉണ്ടാക്കാന്‍ പുറപ്പെട്ടവരെ മഹല്ലിലെ പക്വമതികള്‍ തിരുത്തി. റോഡിലൂടെ ആര്‍ക്കും പോകാം. ഇങ്ങനെ സംഘര്‍ഷമൊഴിവാക്കിയ പക്വമതികളും ഇസ്ളാമിക ജ്ഞാനികളും ശക്തമായി മുന്നോട്ട് വരേണ്ട സാഹചര്യമാണ് ഇപ്പോഴെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ ദീനി പ്രബോധകരെ കൊണ്ട് ഇസ്ളാമും മുസ്ളീങ്ങളും ആകെ നാറിത്തുടങ്ങിയതിനാലാണ് പ്രതികരിക്കുന്നത്. ഖുര്‍ ആന്‍ വചനത്തിന് പകരം പച്ചത്തെറികളാണ് പ്രബോധനത്തിന് ഉപയോഗിക്കുന്നത്. എയിഡ് സ് ബോധവത്കരണത്തിന്‍റെ ഭാഗമായി മലപ്പുറത്ത് മുസ്ളീം പെണ്‍കുട്ടികള്‍ സ്കാര്‍ഫ് ധരിച്ച് നൃത്തം ചെയ്തതാണ് പുതിയ സംഭവം. ഈ പെണ്‍കുട്ടികളെയും കുടുംബത്തെയും അങ്ങേയറ്റം അവഹേളിച്ച് കഴിഞ്ഞു. ഇപ്പോള്‍ അത് പരിധി വിട്ട് ആര്‍ക്കെതിരെയും എന്ന രീറ്റ്5ഹിയായി. സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് നല്‍കുന്നവരെ പോലെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രകടനം.

നന്മ ലക്ഷ്യമിട്ട് ഈ പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച് നൃത്തം ചെയ്തപ്പോള്‍ ഇസ്ളാം ഒലിച്ച് പോയോയെന്ന് സലാം ബാപ്പു ചോദിക്കുന്നു. ജിമിക്കികമ്മലിന് പകരം മാപ്പിളപ്പാട്ടായിരുന്നെങ്കില്‍ ഇത്തരക്കാര്‍ ലൈക്കും ഷെയറും നല്‍കി പ്രോല്‍സാഹിപ്പിച്ചേനെ.

വ്യക്തി സ്വാതന്ത്യ്രം ഇസ്ളാം അനുവദിച്ചിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞത് വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നാണ്. ആണുങ്ങള്‍ക്ക് എന്തുമാകാം പെണ്ണുങ്ങള്‍ക്ക് ഒന്നും പാടില്ലെന്ന നയം ജാഹിലിയാ കാലഘട്ടം ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് ഇസ്ളാം നല്‍കിയ സ്വാതന്ത്യ്രം ഇതാണോ? ശരി തെറ്റുകള്‍ തീരുമാനിച്ച് സ്വര്‍ഗ്ഗവും നരകവും നല്‍കാന്‍ ഈ സാമൂഹ്യമാധ്യമ പ്രബോധകരെ ആരാണ് ഏല്‍പ്പിച്ചതെന്ന് സലാം ബാപ്പു ചോദിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഇവര്‍ എത്തുമെന്ന് എന്താണുറപ്പ്?

അല്ലാഹുവിനും മുകളില്‍ സൂപ്പര്‍ പവറായി ഇവരെ അരാണ് നിയോഗിച്ചത്. പെണ്‍കുട്ടികള്‍ ആടുകയും പാടുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. അത് ചോദ്യം ചെയ്യാന്‍ എന്തവകാശം. പുരുഷന് മാത്രമല്ല പൊതു ഇടങ്ങള്‍. മുസ്ളീം പെണ്‍കുട്ടികള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രം വരുന്ന ദീനി സ്നേഹം ഒരു രോഗമാണ്. നൃത്തം ചെയ്ത പെണ്‍കുട്ടികളുടെ സ്വാതന്ത്യ്രത്തെ നാം മാനിക്കണം. അവര്‍ക്ക് സ്വന്തമായ ചിന്തയുണ്ടെന്നും കുടുംബമുണ്ടെന്നും സമൂഹത്തിന്‍റെ ഭാഗമാണെന്നും അംഗീകരിക്കണം.

ഇത്തരക്കാരെ ട്രന്പും മോഡിയും ഐ എസ് ഐ എസും ഇസ്ളാമിനെതിരെ തിരിയുന്പോള്‍ കാണാറില്ല. ഇത്തരക്ക് പിന്‍തുണ നല്‍കുന്ന ചില പ്രസംഗ മൌലവിമാരുടെ വിഷയം എന്നും സ്ത്രീകള്‍ മാത്രമാണ്. ഇസ്ളാമിക കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്യ്രം എന്തും പറയാനുള്ള സ്വാതന്ത്യ്രമാക്കി മാറ്റി പുരുഷ പൌരോഹിത്യ മേധാവിത്വം നിലനിര്‍ത്തലാണ് പലരുടെയും ലക്ഷ്യം. നായയ്ക്ക് വെള്ളം നല്‍കിയ വേശ്യ സ്വര്‍ഗത്തിലാണെന്ന് പറഞ്ഞ ഇസ്ളാമിന്‍റെ വിശാലത ഇടുങ്ങിയ ചിന്തയിലേക്ക് തളച്ചിടുന്ന ഇത്തരക്കാരാണ് മതത്തിന്‍റെ ശാപം.

ഇതിനിടയില്‍ നിന്ന് തെറിവിളിക്കുന്നവരോട് നരകത്തിലേക്ക് എന്നെ പറഞ്ഞയൌയ്ക്കുന്നവരോട് പറയാനുള്ളത് നിങ്ങളെ പോലെയുള്ളവര്‍ നിറഞ്ഞ് നില്‍ക്കുന്ന ആ സ്വര്‍ഗത്തിലേക്ക് വരാന്‍ താത്പര്യമില്ലെന്നാണ്. ഇസ്ളാം എന്നാല്‍ നല്ല മനുഷ്യനാവുക കൂടിയാണ്. നന്നായി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കലും കൂടിയാണ്. സഹിഷ്ണുതയുള്ള, ക്ഷമയുള്ള നല്ല മനുഷ്യരാവുക. പടച്ചവന്‍ നിങ്ങളെ രക്ഷിക്കപ്പെട്ടെ എന്ന് കുറിച്ച് കൊണ്ടാണ് സലാം ബാപ്പു ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാല്‍ നായകയത്തിയ റെഡ് വൈന്‍, മമ്മൂട്ടി നായകനായ മംഗ്ളീഷ് എന്നിവയുടെ സംവിധായകനാണ് സലാം ബാപ്പു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


;;;;;;;;;;;;;;;;;;;;;;;;;;;;;

 

OTHER SECTIONS