പന്‍വേല്‍ ഫാംഹൗസില്‍ സിനിമാ താരങ്ങളുടെ മൃതദേഹങ്ങള്‍, ഗുരുതര ആരോപണങ്ങള്‍ക്കെതിരെ സല്‍മാന്‍ ഖാന്‍

By Avani Chandra.23 01 2022

imran-azhar

 

പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പന്‍വേല്‍ ഫാം ഹൗസില്‍ സിനിമാ താരങ്ങളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് സല്‍മാന്‍ ഖാന്റെ അയല്‍വാസി ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പന്‍വേലില്‍ നടന്റെ ഫാം ഹൗസിന് സമീപം ഭൂമിയുള്ള കേതന്‍ കക്കാട് ആണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. ഇതിനെതിരെ സല്‍മാന്‍ അടുത്തിടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേതന്‍ കക്കാട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ പ്രശസ്തി കളങ്കപ്പെടുത്തിയതിനാണ് കേസ്.

 

കേസിലെ ഏറ്റവും പുതിയ വാദം കേള്‍ക്കുന്നതിനിടെ, സല്‍മാന്റെ അഭിഭാഷകന്‍ പ്രദീപ് ഗാന്ധി വ്യാഴാഴ്ച കോടതിക്ക് മുന്നില്‍ കേതന്‍ കക്കാടിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. കേതന്‍ അനാവശ്യമായി നടന്റെ മതപരമായ വ്യക്തിത്വത്തെ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചുവെന്നും നടനെതിരെ കുട്ടിക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചെന്നും സിനിമാതാരങ്ങളുടെ മൃതദേഹം തന്റെ ഫാം ഹൗസില്‍ അടക്കം ചെയ്തിട്ടുണ്ടെന്നും ഗാന്ധി പറഞ്ഞു.

 

ഈ ആരോപണങ്ങളോട് സല്‍മാന്‍ തന്റെ അഭിഭാഷകന്‍ മുഖേന പ്രതികരിച്ചു. ശരിയായ തെളിവില്ലാത്ത ഈ ആരോപണങ്ങളെല്ലാം പ്രതിയുടെ ഭാവനാ സൃഷ്ടിയാണ്. ഒരു സ്വത്ത് തര്‍ക്കത്തില്‍, നിങ്ങള്‍ എന്തിനാണ് എന്റെ വ്യക്തിപരമായ പ്രശസ്തി കളങ്കപ്പെടുത്തുന്നത്? നിങ്ങള്‍ എന്തിനാണ് മതം കൊണ്ടുവരുന്നത്? എന്റെ അമ്മ ഹിന്ദുവാണ്, അച്ഛന്‍ മുസ്ലീമാണ്, എന്റെ സഹോദരങ്ങള്‍ ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു.

 

അതേസമയം, സല്‍മാന്റെ പരാതിയില്‍ അഭിമുഖത്തിന്റെ ഭാഗമായ മറ്റ് രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടതിനാല്‍ ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ സമൂഹമാധ്യമങ്ങളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നടനെക്കുറിച്ച് മറ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് കക്കാടിനെ തടഞ്ഞ് ഇടക്കാല വിലക്ക് വേണമെന്ന സല്‍മാന്റെ അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി. തങ്ങളുടെ കക്ഷിക്ക് മറുപടി നല്‍കാന്‍ മതിയായ സമയം നല്‍കണമെന്ന് കക്കാടിന്റെ അഭിഭാഷകര്‍ വാദിച്ചു.

 

കക്കാട് തന്റെ പന്‍വേല്‍ ഫാം ഹൗസിനോട് ചേര്‍ന്ന് ഒരു സ്ഥലം വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അധികൃതര്‍ ഇടപാട് റദ്ദാക്കിയെന്നും സല്‍മാന്‍ കേസില്‍ അവകാശപ്പെട്ടു. ഇടപാട് റദ്ദാക്കിയതിന് സല്‍മാനെതിരെ കക്കാട് ആരോപണം ഉന്നയിച്ചിരുന്നു. വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടനെയും കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നാണ് സല്‍മാന്റെ അഭിഭാഷകര്‍ പറയുന്നത്.

 

OTHER SECTIONS