തിയറ്ററുകള്‍ 'സര്‍ക്കാര്‍' നിയന്ത്രണത്തില്‍

By Online Desk.06 11 2018

imran-azhar

 

 

തിരുവനന്തപുരം: തിയറ്ററുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍. എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന സര്‍ക്കാര്‍ നാളെ റിലീസ് ചെയ്യും. സംസ്ഥാനമാകെ 250ലധികം തീയറ്ററുകളിലാണ് സര്‍ക്കാര്‍ റിലീസിനെത്തുന്നത്. നാളെ രാവിലെ 5.30നാണ് ആദ്യ ഫാന്‍സ് ഷോ ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകര്‍ കൊല്ലം പീരങ്കി മൈതാനത്ത് 180 അടി ഉയരത്തിലുള്ള കട്ടൗട്ട് വച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംസ്ഥാനത്തെ 50 തീയറ്ററുകളിലാണ് സര്‍ക്കാരിന് മാരത്തോണ്‍ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു അന്യഭാഷാ ചിത്രത്തിന് സംസ്ഥാനത്ത് ഇത്രയധികം തീയറ്ററുകളില്‍ മാരത്തോണ്‍ പ്രദര്‍ശനമൊരുക്കുന്നത്. ആരാധകരും ആവേശത്തിലാണ്. ഇന്നലെ രാത്രി മുതല്‍ ചിത്രം റിലീസാവുന്ന പ്രധാന തീയറ്ററുകളില്‍ ആരാധകര്‍ എത്തിയിരുന്നു. തീയറ്ററുകളിലെല്ലാം കട്ട് ഔട്ടുകളും ഫ്ളക്സുകളും ഇതിനോടകം തയ്യാറായി കഴിഞ്ഞു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കും. മലയാളി ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രഫി, കീര്‍ത്തി സുരേഷ്, വരലക്ഷ്മി, ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. റാഫി മതിരയുടെ നേതൃത്വത്തിലുള്ള ഇഫാര്‍ ഇന്റര്‍നാഷണലിനാണ് ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം. തീയറ്ററുകളിലെ തിരക്ക് മുന്‍കണ്ട് സംസ്ഥാനമകമാനമുള്ള തീയറ്ററുകളിലും പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

OTHER SECTIONS