ഷാരൂഖിനെ കാണാന്‍ സല്‍മാന്‍ എത്തി, ആര്യന്റെ അറസ്റ്റില്‍ ഞെട്ടി ബോളിവുഡ്

By RK.04 10 2021

imran-azhar

 

 

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടലോടെ ബോളിവുഡ്. മാധ്യമ വെളിച്ചത്തില്‍ നിന്ന് എന്നും അകന്നുനിന്നിരുന്ന താരപുത്രന്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായത് അവിശ്വാസത്തോടെയാണ് സിനിമാലോകം കേട്ടത്.

 

അതിനിടെ സഹപ്രവര്‍ത്തകനെ കാണാന്‍ സല്‍മാന്‍ ഖാന്‍ വീട്ടിലെത്തി. ഞായറാഴ്ച രാത്രിയോടെയാണ് സല്‍മാന്‍, ഷാരൂഖിനെ മുംബൈയിലെ വീട്ടില്‍ സന്ദര്‍ശിച്ചത്.

 

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആര്യന്റെ അറസ്റ്റെന്നാണ് എന്‍സിബി സംഘം പറയുന്നത്. ആര്യന്റെ കണ്ണട കെയ്‌സില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി എന്‍സിബി ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ആര്യനൊപ്പം അറസ്റ്റിലായവരില്‍ നിന്നും ലഹരി ഉല്പന്നങ്ങള്‍ കണ്ടെടുത്തതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്ററി പാഡുകളിലും മരുന്നു ബോക്‌സുകളിലുമാണ് ഇവര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചിരുന്നത്.

 

റെയിഡില്‍ ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ അടക്കമുള്ളവയാണ് കണ്ടെടുത്തത്. നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് ആര്യന്‍ ഖാനും സുഹൃത്തുക്കളും ഒന്നിലധികം തവണ ചാറ്റ് ചെയ്തിരുന്നതായും എന്‍സിബി വ്യക്തമാക്കി.

 

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

 

മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്. ആര്യന്‍ഖാന് പുറമേ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ അടക്കമുള്ളവരെ ഒക്ടോബര്‍ നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നാണ് ബോളിവുഡ് ലഹരി മാഫിയ ബന്ധത്തെക്കുറിച്ച് എന്‍സിബി അന്വേഷണം തുടങ്ങിയത്. അന്വേഷത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പല താരങ്ങളും പിടിയിലായി. മുന്‍നിര താരങ്ങള്‍ പോലും സംശയത്തിന്റെ നിഴലിലായി.

 

 

 

 

OTHER SECTIONS