സിനിമാ ചിത്രീകരണത്തിന് 30 ഇന പ്രവര്‍ത്തന മാര്‍ഗരേഖയുമായി സംഘടനകള്‍

By mathew.20 07 2021

imran-azhar

 


കോവിഡ് മഹാമാരിയെ മറികടക്കാന്‍ മുപ്പത് ഇന പ്രവര്‍ത്തന മാര്‍ഗരേഖയുമായി സിനിമ ചിത്രീകരണം പുനരാരംഭിക്കാനൊരുങ്ങി ചലച്ചിത്ര സംഘടനകള്‍. മാര്‍ഗ രേഖ പാലിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയ്ക്കും സത്യവാങ്മൂലം നല്‍കിയതിന് ശേഷം മാത്രമേ ഷൂട്ടിങ് ആരംഭിക്കാവൂ. കേരളത്തില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്കാകും മാര്‍ഗരേഖ ബാധകമായിരിക്കുക.

ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ കവിയാന്‍ പാടില്ലെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. പങ്കെടുക്കുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 48 മണിക്കൂര്‍ മുന്‍പു നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയ്ക്കും നല്‍കണം. ലൊക്കേഷനില്‍ നിന്നും താമസ സ്ഥലത്ത് നിന്നും ആരും പുറത്തു പോകാന്‍ അനുവദിക്കില്ല. സന്ദര്‍ശകരെ ഒഴിവാക്കണം. ലോഗ് ബുക്ക് ലൊക്കേഷനില്‍ സൂക്ഷിക്കണം.

പ്രൊഡക്ഷന്‍ അസിസ്റ്റന്റ്‌സും മേക്കപ്പ് - കോസ്റ്റ്യൂം ചെയ്യുന്നവരും ജോലി സമയത്ത് കയ്യുറകള്‍ ഉപയോഗിക്കണം. മാസ്‌ക് - സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധം. പേപ്പര്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കാതിരിക്കുക, സെറ്റുകളില്‍ ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കുക, താമസിക്കുന്ന മുറികളും ഉപയോഗിക്കുന്ന വാഹനങ്ങളും ഭക്ഷണം ഒരുക്കുന്ന ഇടങ്ങളും പാത്രങ്ങളും അണുവിമുക്തമാക്കാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ടീം ശ്രദ്ധിക്കുക എന്നീ നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സെറ്റുകളില്‍ ഈ മാര്‍ഗരേഖ നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്ന് നിര്‍വഹിക്കും. ലൊക്കേഷനില്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്നും സംഘടനകളുടെ പ്രതിനിധികള്‍ പരിശോധിക്കും. കേരള ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു മാര്‍ഗരേഖ പുറത്തിറക്കിയത്.

 

OTHER SECTIONS